ഒരു ദിവസം അദാനി സമ്പാദിക്കുന്നത് 1,002 കോടി; എന്നിട്ടും അംബാനി തന്നെ മുന്നിൽ
|ഒരു വര്‍ഷത്തിനിടെ അദാനിയുടെ ആസ്തി വര്‍ധിച്ചത് നാല് ലക്ഷം കോടി
ഐ.ഐ.എഫ്.എൽ സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ കോടീശ്വരൻ. 1,002 കോടി രൂപയാണ് അദാനിയുടെ പ്രതിദിന വരുമാനം. അഞ്ച് ലക്ഷം കോടിയാണ് അദാനിയുടെ ആസ്തി. ഒരു ലക്ഷം കോടിയിൽ നിന്ന് കഴിഞ്ഞ ഒരു വർഷം കൊണ്ടാണ് അഞ്ച് ലക്ഷം കോടിയായി അദാനിയുടെ ആസ്തി വർധിച്ചത്.
അതേസമയം, റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായ പത്താം വർഷവും പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. 169 കോടിയാണ് മുകേഷ് അംബാനിയുടെ പ്രതിദിന വരുമാനം. എഴ് ലക്ഷം കോടിയാണ് അംബാനിയുടെ ആസ്തി. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയും പട്ടികയിൽ ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. ഗൾഫ് വ്യവസായിയായ വിനോദ് പട്ടികയിൽ എട്ടാം സ്ഥാനത്താണുള്ളത്.
രാജ്യത്ത് 1007 പേർക്ക് ആയിരം കോടിയുടെ ആസ്തിയുണ്ടെന്നും 237 പേർ ശതകോടീശ്വരന്മാരാണെന്നും ഐ.ഐ.എഫ്.എൽ വെൽത്ത് ഹ്യൂറൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ട് പറയുന്നു. ഐ.ഐ.എഫ്.എല്ലിന്‍റെ പത്താം റിപ്പോർട്ടിലാണ് ഏഷ്യയിലെ കോടീശ്വരന്മാരുടെ കണക്കുകൾ പുറത്തുവിട്ടത്.