വായ്പ തിരിച്ചടക്കാൻ വീണ്ടും വായ്പയെടുത്ത് അദാനി; ലോൺ നൽകിയത് എസ്ബിഐ കമ്പനി
|അദാനി ഗ്രൂപ്പിന് ഏറ്റവും കൂടുതൽ വായ്പ നൽകിയ സ്ഥാപനങ്ങളിലൊന്നാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ
മുംബൈ: ഫ്‌ളാഗ്ഷിപ് കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ വായ്പാ തിരിച്ചടവിനായി ഓഹരി ഈട് നൽകി വായ്പയെടുത്ത് അദാനി ഗ്രൂപ്പ്. അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് കമ്പനികളുടെ ഓഹരികളാണ് ഗ്രൂപ്പ് ഈടായി നൽകിയത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള എസ്ബിഐ ക്യാപ് ട്രസ്റ്റീസ് കോർപറേഷനിൽനിന്നാണ് അദാനി വായ്പ തരപ്പെടുത്തിയത്. ക്യാപ് ട്രസ്റ്റീസ് വെള്ളിയാഴ്ച ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിന് നൽകിയ വിവരത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
റഗുലേറ്ററി ഫയലിങ് പ്രകാരം അദാനി പോർട്ട് 75,00,000 ഓഹരികളാണ് ഈടായി വച്ചത്; 0.35 ശതമാനം. 0.65 ശതമാനം ഓഹരികൾ പോർട്‌സ് നേരത്തെ ഈടായി വച്ചിരുന്നു. ഇതോടെ ആകെ ഈട് ഒരു ശതമാനമായി. 13,00,000 അധിക ഓഹരികൾ ഈടായി നൽകാമെന്നാണ് അദാനി ട്രാൻസ്മിഷൻ അറിയിച്ചിട്ടുള്ളത്, 0.11 ശതമാനം. നേരത്തെ നൽകിയ 0.44 ശതമാനം ഓഹരികൾ കൂടി പരിഗണിച്ചാൽ ആകെ ഈട് 0.55 ശതമാനമായി. 60,00,000 ഓഹരികളാണ് (0.38%) അദാനി ഗ്രീൻ നൽകിയത്. ഇതോടെ ആകെ ഈട് 1.06 ശതമാനമായി.
ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ വിപണി മൂല്യത്തിൽനിന്ന് 100 ബില്യൺ ഡോളറിലേറെയാണ് ജനുവരി 24 മുതൽ ഒലിച്ചു പോയത്. സ്റ്റോക് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പത്തിൽ എട്ടു കമ്പനികളും നഷ്ടത്തിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഫെബ്രുവരി പത്തിന് മാത്രം 3.3 ശതമാനം നഷ്ടമാണ് അദാനിക്ക് നേരിട്ടത്. ജനുവരി 24ൽനിന്ന് ഗ്രൂപ്പിന്റെ മൂല്യം 51 ശതമാനം കുറഞ്ഞതായി എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസിലെ റീട്ടെയിൽ റിസർച്ച് മേധാവി ദീപക് ജസാനി പറഞ്ഞു.
അദാനിയിലെ എസ്ബിഐ വായ്പ
അദാനി ഗ്രൂപ്പിന് ഏറ്റവും കൂടുതൽ വായ്പ നൽകിയ സ്ഥാപനങ്ങളിലൊന്നാണ് പൊതുമേഖലാ ബാങ്കായ എസ്ബിഐ. 27000 കോടി രൂപയാണ് എസ്ബിഐ ഇതുവരെ വായ്പയായി നൽകിയിട്ടുള്ളതെന്ന് ചെയർമാൻ ദിനേഷ് ഖര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മികച്ച തിരിച്ചടവ് റെക്കോഡാണ് അദാനിക്കുള്ളതെന്നും അദ്ദേഹം അറിയിച്ചിരുന്നു.
എസ്ബിഐയുടെ കരുതൽ ധനക്കരുത്ത് പരിഗണിക്കുമ്പോൾ ഈ വായ്പ ബാങ്കിന് പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ഫിച്ച് റേറ്റിങിന് കീഴിലുള്ള ക്രഡിറ്റ്‌സൈറ്റ്‌സ് വ്യക്തമാക്കിയിരുന്നു.
Summary: Adani Ports and Special Economic Zone, Adani Transmission Ltd and Adani Green Energy Ltd pledged shares to SBICAP Trustee കോ