കുതികുതിച്ച് അദാനി; വമ്പന്മാർക്ക് കാലിടറിയപ്പോഴും മുന്നോട്ടുതന്നെ, മുൻപിൽ ഇനി മസ്ക് മാത്രം
|ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ കഴിഞ്ഞ ഫെബ്രുവരിയിലാണ് അദാനി മറികടന്നത്. ഇപ്പോള്‍ അദാനിയും അംബാനിയും തമ്മില്‍ 62 ബില്യന്‍ ഡോളറിന്റെ വ്യത്യാസമുണ്ട്
മുംബൈ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ തുടർച്ചയായി കുതിപ്പ് തുടരുകയാണ് ഗൗതം അദാനി. യു.എസ് ഓഹരി വിപണിയിലുണ്ടായ ഇടിവിനു പിന്നാലെ ടെസ്ല തലവൻ ഇലോൺ മസ്കും ആമസോൺ മേധാവി ജെഫ് ബെസോസും കഴിഞ്ഞ ദിവസം തിരിച്ചടി നേരിട്ടപ്പോഴും അദാനി മുന്നോട്ടു കുതിക്കുകയായിരുന്നു.
അമേരിക്കയിലെ പണപ്പെരുപ്പത്തെ തുടർന്ന് ലോകത്തെ അതിസമ്പന്നർക്ക് കാലിടറിയപ്പോഴും അദാനി ഒരു പരിക്കും നേരിട്ടില്ല. ഇതിനു പിന്നാലെയാണ് ജെഫ് ബെസോസിനെയും ലൂയി വിറ്റോണിന്റെ ബെർനാഡ് ആർനോൾട്ടിനെയും പിന്നിലാക്കി ലോക അതിസമ്പന്നരുടെ പട്ടികയിൽ അദാനി രണ്ടാമനായിരിക്കുന്നത്. മസ്കിനെ മാത്രമാണ് ഇനി അദാനിക്കു ജയിച്ചടക്കാനുള്ളത്.
ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് അദാനി ലോക അതിസമ്പന്നരിൽ രണ്ടാമനായത്. കഴിഞ്ഞ മാസം ബ്ലൂംബർഗ് പുറത്തുവിട്ട ലോക സമ്പന്ന പട്ടികയിൽ ലൂയി വിറ്റോണിന്റെ ബെർനാഡ് ആർനോൾട്ടിനെ മറികടന്ന് അദാനി മൂന്നാം സ്ഥാനത്തെത്തിയിരുന്നു. പുതിയ പട്ടികയിലും ആർനോൾട്ട് മൂന്നാം സ്ഥാനത്ത് തുടരുമ്പോൾ ജെഫ് ബെസോസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. പട്ടികയിൽ 92 ബില്യൻ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി എട്ടാം സ്ഥാനത്തുണ്ട്.
154.7 ബില്യൻ ഡോളർ(ഏകദേശം 12,34,00 കോടി രൂപ) ആണ് അദാനിയുടെ ആസ്തി. 273.5 ബില്യൻ ഡോളറുമായി മസ്ക് ബഹുദൂരം മുന്നിലാണ്. ആർനോൾട്ട് 153.5 ബില്യൻ ഡോളറുമായി അദാനിക്കു തൊട്ടുപിന്നിൽ തന്നെയുണ്ട്. 149.7 ബില്യൻ ഡോളറാണ് ബെസോസിന്റെ ആസ്തി. കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത തിരിരിച്ചടിയാണ് ജെഫ് ബെസോസിനെയും ആർനോൾട്ടിനെയും ബാധിച്ചത്.
വെറും ഒരു വര്‍ഷത്തിനിടെയാണ് ലോക സമ്പന്നരുടെ പട്ടികയില്‍ ആദ്യ പത്തില്‍ തന്നെ അദാനി വന്‍ കുതിപ്പുണ്ടാക്കുന്നത്. രണ്ടു മാസം മുൻപായിരുന്നു മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ പിന്നിലാക്കി പട്ടികയില്‍ നാലാമതെത്തിയത്. 2022ൽ മാത്രം അദാനിയുടെ സമ്പത്തിൽ 60.9 ബില്യൺ ഡോളറിന്റെ വർധനയാണുണ്ടായത്. ഏഷ്യയിലെ ഏറ്റവും സമ്പന്നനായിരുന്ന മുകേഷ് അംബാനിയെ അദാനി മറികടക്കുന്നത് ഫെബ്രുവരിയിലായിരുന്നു. ജൂലൈയിൽ മാസം ബിൽഗേറ്റ്സിനെയും. ഇപ്പോള്‍ അദാനിയും അംബാനിയും തമ്മില്‍ 62 ബില്യന്‍ ഡോളറിന്റെ വ്യത്യാസമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൂടുതൽ തുക ബിൽഗേറ്റ്സ് ഉൾപ്പടെയുള്ളവർ നീക്കിവച്ചതാണ് ഇവരെ മറികടക്കാൻ അദാനിക്ക് സഹായകമായത്.
കൽക്കരി-തുറമുഖ ബിസിനസുകളിൽ നിന്ന് ഡാറ്റ സെന്റർ, സിമന്റ്, മീഡിയ, ഹരിത ഊർജം എന്നീ മേഖലകളിലേയ്ക്കു കൂടി അദാനി ഈയിടെ തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഭക്ഷ്യ മേഖലകളിലേക്കുകൂടി ബിസിനസ് ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കം പുറത്തായത്.
Summary: Gautam Adani becomes world's 2nd richest person, beats France's Bernard Arnault and Amazon founder Jeff Bezos