Economy
ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് നൽകാനുള്ള പദ്ധതി ഗൂഗിൾപേ നിർത്തിവെച്ചു
Economy

ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് നൽകാനുള്ള പദ്ധതി ഗൂഗിൾപേ നിർത്തിവെച്ചു

Web Desk
|
2 Oct 2021 11:03 AM GMT

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് നാലു ലക്ഷം പേർ പ്ലെക്സ് പദ്ധതിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു

ഗൂഗിളിന്റെ യു.പി.ഐ ആപ്പായ ഗൂഗിൾപേ വഴി ഉപഭോക്താക്കൾക്ക് നേരിട്ട് ബാങ്ക് അക്കൗണ്ട് നൽകാനും മൊബൈൽ ബാങ്കിങ് സൗകര്യം ഏർപ്പെടുത്താനുമുള്ള പ്ലെക്‌സ് പ്രൊജകട് കമ്പനി നിർത്തിവെച്ചു.

പദ്ധതി പ്രഖ്യാപിച്ച് രണ്ടുവർഷത്തിന് ശേഷമാണ് പിൻവാങ്ങാനുള്ള തീരുമാനം. പദ്ധതി നടത്തിപ്പ് ചുമതലയുള്ളയാൾ കമ്പനി വിട്ടതും സമയപരിധി കഴിഞ്ഞതുമാണ് നിർത്തിവെക്കാൻ കാരണം.

2020 ലാണ് സിറ്റി ഗ്രൂപ്പിന്റെയും സ്റ്റാൻഡ്‌ഫോർഡ് ഫെഡറൽ ക്രെഡിറ്റ് യൂനിയന്റെയും സഹകരണത്തോടെ 2021 തുടക്കത്തിൽ ഉപഭോക്താക്കൾക്ക് ഗൂഗിൾപേ വഴി ബാങ്ക് അക്കൗണ്ട് നൽകുമെന്ന പദ്ധതി പ്രഖ്യാപിച്ചത്.

പ്ലെക്‌സ് എന്ന് പേരിട്ട പദ്ധതിയിലെ സേവിംഗ് അക്കൗണ്ടിന് മാസാന്ത ഫീസോ ഓവർ ഡ്രാഫ്റ്റ് ചാർജോ മിനിമം ബാലൻസ് നിബന്ധനയോ ഇല്ലെന്നും പറഞ്ഞിരുന്നു. മാസ്റ്റർ കാർഡ് നെറ്റ്‌വർക്കിൽപ്പെടുന്ന ഡെബിറ്റ് കാർഡും നൽകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഈ വാഗ്ദാനങ്ങളെല്ലാം ഇല്ലാതായിരിക്കുകയാണ്.

ആമസോൺ പേ, പേപാൽ, സ്‌ക്വയർ, റോബിൻഹുഡ് തുടങ്ങിയ കമ്പനികൾ ഓൺലൈനായി ഷോപ്പിങ്, കടം നൽകൽ, നിക്ഷേപം തുടങ്ങിയ സർവീസുകൾ നൽകിയതിനെ തുടർന്നായിരുന്നു ഗൂഗിൾപേ ഈ രംഗത്തേക്കിറങ്ങിയത്.

എന്നാൽ ഈ സേവനങ്ങൾ നൽകുന്നതിനപ്പുറം ബാങ്കുകൾക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങൾക്കും ഇതിനായി ഡിജിറ്റൽ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്നാണ് ഗൂഗിൾ വക്താവ് അറിയിച്ചിട്ടുള്ളത്. ഇതാണ് ഉപഭോക്താക്കൾക്ക് മികച്ച സർവീസ് നൽകാനുള്ള വഴിയെന്നും അവർ പറഞ്ഞു.

സിറ്റിഗ്രൂപ്പ് അടക്കം ഡസനിലധികം ബാങ്കുകളും സാമ്പത്തിക സ്ഥാപനങ്ങളുമായി പ്ലെക്‌സിൽ ഉൾപ്പെടുത്താൻ ചർച്ച നടത്തിയെന്ന് കഴിഞ്ഞ വർഷം ഗൂഗിൾ പറഞ്ഞിരുന്നു. ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലേക്കായിരുന്നു സംവിധാനം ഒരുക്കിയിരുന്നത്.

വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് നാലു ലക്ഷം പേർ പ്ലെക്സ് പദ്ധതിക്കായി കാത്തിരിക്കുന്നുണ്ടായിരുന്നു.

2017 ലാണ് ഗൂഗിൾ പേ അവതരിപ്പിക്കപ്പെട്ടത്. 2018 ജനുവരി എട്ടു മുതലാണ് പ്രവർത്തന സജ്ജമായത്. നിലവിലുള്ള സംവിധാനങ്ങൾ ഗൂഗിൾപേ തുടരും.

യു.പി.ഐ ബാങ്കും ബാങ്കുകളുടെ ഭീതിയും

സാങ്കേതിക രംഗത്തെ ഭീമന്മാർ ബാങ്കിങ് രംഗത്ത് വരുന്നതിൽ ബാങ്കുകൾക്ക് ഭീതിയുണ്ടായിരുന്നു.

തങ്ങളുടെ ഉപഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ട് നൽകുമെന്ന് 2018 ൽ പ്രഖ്യാപിച്ച ആമസോണിന് വാഗ്ദാനം നടപ്പാക്കാനായിട്ടില്ല. പീറ്റർ ഹസ്‌ലേഹർസ്റ്റ് പോയതോടെ യൂബറും പദ്ധതി ഉപേക്ഷിച്ച മട്ടാണ്. ഫേസ്ബുക്ക് പ്രതിസന്ധികൾക്കിടയിൽ അവരുടെ പ്രൊജകട് പലവട്ടം റീബ്രാൻഡ് ചെയതിരിക്കുകയുമാണ്.

എന്നാൽ ആപ്പിൾ 2019 ൽ ക്രെഡിറ്റ് കാർഡ് സംവിധാനം നടപ്പാക്കിയിരുന്നു. ഗോൾഡ്മാൻ സാഞ്ചസ് ഗ്രൂപ്പുമായി ചേർന്ന് ''ബൈ നൗ, പേ ലേറ്റർ' പദ്ധതിയുമായി മുന്നോട്ടുപോവുകയുമാണ്.

Similar Posts