Economy
10,000 ദിവസം കൊണ്ട് ഇന്ത്യയിൽ പട്ടിണിക്കാരില്ലാതാകും- ഗൗതം അദാനി
Economy

10,000 ദിവസം കൊണ്ട് ഇന്ത്യയിൽ പട്ടിണിക്കാരില്ലാതാകും- ഗൗതം അദാനി

Web Desk
|
22 April 2022 5:52 AM GMT

''2050ൽനിന്ന് 10,000 ദിവസം അകലെയാണ് നമ്മളിപ്പോഴുള്ളത്. ഈ കാലയളവിൽ നമ്മൾ 25 ട്രില്യൻ ഡോളർ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂട്ടിച്ചേർക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.''- ഗൗതം അദാനി

മുംബൈ: ഇന്ത്യ 30 ട്രില്യൻ ഡോളർ സമ്പദ്ഘടനയായി മാറിയാൽ രാജ്യത്ത് പട്ടിണിക്കാർ ഇല്ലാതാകുമെന്ന് ശതകോടീശ്വരൻ ഗൗതം അദാനി. മുംബൈയിൽ ടൈംസ് നെറ്റ്‌വർക്ക് സംഘടിപ്പിച്ച ഇന്ത്യ എക്കോണമിക് കോംക്ലേവിലായിരുന്നു അദാനിയുടെ അഭിപ്രായ പ്രകടനം.

2050ൽനിന്ന് 10,000 ദിവസം അകലെയാണ് നമ്മളിപ്പോഴുള്ളത്. ഈ കാലയളവിൽ നമ്മൾ 25 ട്രില്യൻ ഡോളർ രാജ്യത്തിന്റെ സമ്പദ്ഘടനയിൽ കൂട്ടിച്ചേർക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അതിനർത്ഥം 2.5 ബില്യൻ ഡോളറാണ് പ്രതിദിന ജി.ഡി.പിയിൽ ചേർക്കുക. ഇതോടൊപ്പം എല്ലാതരത്തിലുമുള്ള ദാരിദ്ര്യം തുടച്ചുനീക്കാനാകുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു-അദാനി പറഞ്ഞു.

പറയുന്ന അക്കങ്ങളും പ്രതീക്ഷയുമെല്ലാം ഞെട്ടിപ്പിക്കുന്നതാണെങ്കിലും ഒരു രാജ്യമെന്ന നിലയ്ക്ക് 10,000 ദിവസംകൊണ്ടു തന്നെ ഇതു സാധ്യമാക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ആസൂത്രണം ചെയ്ത പോലെ വളരുകയാണെങ്കിൽ ഈ കാലയളവിൽ ഓഹരി വിപണിയിൽ 40 ട്രില്യൻ ഡോളറും കൂട്ടിച്ചേർക്കപ്പെടും. പ്രതിദിനം നാല് ബില്യൻ ഡോളറായിരിക്കുമിത്. 1.4 ബില്യൻ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുക എന്നത് ഹ്രസ്വകാലത്തേക്ക് ഒരു മാരത്തൺ പോലെ തോന്നുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ഇതൊരു കുതിച്ചോട്ടം തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെസ്ല സിഇഒ ഇലോൺ മസ്‌കും ആമസോൺ എക്സിക്യൂട്ടീവ് ചെയർമാൻ ജെഫ് ബെസോസുമൊക്കെയുള്ള 100 ബില്യൺ (10,000 കോടി) ഡോളർ ക്ലബിൽ അടുത്തിടെ ഗൗതം അദാനിയും ഇടംപിടിച്ചിരുന്നു. തുറമുഖം, ഖനനം തുടങ്ങിയ രംഗങ്ങളിൽ വ്യവസായ സാമ്രാജ്യം കെട്ടിപ്പടുത്താണ് അദാനി സെൻറിബില്യനേഴ്സ് ക്ലബിലെത്തിയിരിക്കുന്നത്. ഈ വർഷം 24 ബില്യൺ ഡോളർ കൂടി നേടിയാണ് അദ്ദേഹം ഒൻപതുപേർ മാത്രമുള്ള ലോകത്തെ അതിസമ്പന്ന പട്ടികയിൽ ഇടംപിടിച്ചത്.

Summary: India will add about $25 trillion to its economy and will have eradicated all forms of poverty by 2050, says Gautam Adani

Similar Posts