Economy
മൻമോഹനോ മോദിയോ? സമ്പദ് വ്യവസ്ഥയിൽ കേമനാര്?
Economy

മൻമോഹനോ മോദിയോ? സമ്പദ് വ്യവസ്ഥയിൽ കേമനാര്?

അഭിമന്യു എം
|
1 Jun 2022 6:42 AM GMT

ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറ്റവും മികച്ച രീതിയിൽ മുമ്പോട്ടു കൊണ്ടു പോയത് ആരാണ്?

ഇന്ത്യയുടെ ജിഡിപി വളർച്ചയുടെ ഗ്രാഫ് മുകളിലേക്ക് പോകുന്ന ഘട്ടത്തിലാണ് മൻമോഹൻ സിങ്ങിൽ നിന്ന് നരേന്ദ്രമോദി രാജ്യത്തിന്റെ അധികാരം ഏറ്റെടുക്കുന്നത്. മേയ് 26ന് മോദി അധികാരത്തിൽ എട്ടു വർഷം പൂർത്തിയാക്കി. ഇക്കാലയളവിൽ നോട്ടുനിരോധനം, ജിഎസ്ടി അടക്കമുള്ള വലിയ സാമ്പത്തിക പരിഷ്‌കാരങ്ങൾക്കാണ് രാജ്യം സാക്ഷിയായത്. കോവിഡ് മഹാമാരി അടക്കം സമ്പദ് വ്യവസ്ഥയെ പിടിച്ചുലച്ച സംഭവങ്ങളുമുണ്ടായി. എട്ടു വർഷത്തിനിടെ സാമ്പത്തിക രംഗത്ത് ഇന്ത്യ നടന്നത് എങ്ങോട്ടാണ്? ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറ്റവും മികച്ച രീതിയിൽ മുമ്പോട്ടു കൊണ്ടു പോയത് ആരാണ്? മൻമോഹനോ മോദിയോ? പരിശോധിക്കുന്നു;

മോദിയുടെയും മൻമോഹൻ സിങ്ങിന്റെയും കാലത്തെ സാമ്പത്തിക വളർച്ച താരതമ്യം ചെയ്യാനാകുമോ എന്ന ചോദ്യത്തിന് ലോകബാങ്ക് മുൻ ചീഫ് എകണോമിക്‌സ് കൗശിക് ബസു പറയുന്നത് ഇങ്ങനെയാണ്; '2016ന് ശേഷം നിക്ഷേപ-ജിഡിപി അനുപാതം കുറഞ്ഞു. അത് രാജ്യത്തെ സൂക്ഷ്മ, ഇടത്തര വ്യാപാരങ്ങളെ ബാധിച്ചു. തൊഴിൽ സൃഷ്ടിയെ ബാധിച്ചതോടൊപ്പം അത് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മയും വർധിപ്പിച്ചു'. സാമ്പത്തിക വളർച്ചയുമായി ബന്ധപ്പെട്ട ഇന്ത്യ ടുഡേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ബസു.

ഇതേ ചർച്ചയിൽ കൊളംബിയ സർവകലാശാലയിലെ എകണോമിക്‌സ് പ്രൊഫസറും നിതി ആയോഗ് മുൻ ചെയർമാനുമായ അരവിന്ദ് പനഗരിയ ചൂണ്ടിക്കാട്ടുന്നത് മറ്റൊന്നാണ്. 'ഇൻസോൾവൻസി ബാങ്ക്‌റപ്റ്റി കോഡ് (പാപ്പർ നിയമസംഹിത), ജിഎസ്ടി തുടങ്ങിയ ധീരമായ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നതിനൊപ്പം സുസ്ഥിര വളർച്ച നിലനിർത്താൻ എട്ടു വർഷത്തിനിടെ സർക്കാറിനായി' എന്നാണ് അദ്ദേഹം പറയുന്നത്.

മന്‍മോഹന്‍ സിങ്
മന്‍മോഹന്‍ സിങ്

പല ഘടകങ്ങൾ പരിശോധിക്കുമ്പോൾ രണ്ടാം യുപിഎയേക്കാൾ (2009-14) മികച്ച പ്രകടനമായിരുന്നു ഒന്നാം യുപിഎ (2004-09) സർക്കാറിന്റേത്. പണപ്പെരുപ്പം വർധിച്ചതും നയരൂപീകരണം നിശ്ചലമായതും ഡോ സിങ്ങിന്റെ രണ്ടാമൂത്തെ പ്രതികൂലമായി ബാധിച്ചു. മോദിക്കാലത്ത് പണപ്പെരുപ്പം എന്നത്തേക്കാളും വലിയ ഭീഷണിയായി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

സാമ്പത്തിക വളർച്ച

ലോകബാങ്കിന്റെ കണക്കു പ്രകാരം 2004 മുതൽ 14 വരെയുള്ള കാലത്തെ ശരാശരി വളർച്ച 7.5-8 ശതമാനമാണ്. ഈ പ്രവണത 2016 വരെ (ആറു ശതമാനത്തിന് മുകളിൽ) തുടർന്നെങ്കിലും അതിനു ശേഷം താഴോട്ടു പോയി.

2016 നവംബറിൽ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ അസാധുവാക്കാനുള്ള മോദി സർക്കാറിന്റെ അപ്രതീക്ഷിത തീരുമാനമാണ് വളർച്ചാ ചക്രത്തെ ബാധിച്ചത്. അതിനു ശേഷം 2016 ന് മുമ്പുള്ള നിലയിലേക്ക് ഇതുവരെ തിരിച്ചെത്താനുമായിട്ടില്ല. 2020ലെ കോവിഡ് 19 ലോക്ക്ഡൗണിനെ തുടർന്ന് രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7.3 ശതമാനം (2020-21) ഇടിയുകയും ചെയ്തു. 2021-22 സാമ്പത്തിക വർഷത്തിൽ 8.7 ശതമാനം ജിഡിപി വളർച്ചയാണ് രാജ്യം കൈവരിച്ചത്. എന്നാൽ ജിഡിപി രണ്ടര ശതമാനം പെരുപ്പിച്ചു കാട്ടി എന്ന ആരോപണമാണ് മുൻ ചീഫ് സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം ഉന്നയിക്കുന്നത്.

വിവിധ കാലയളവിലെ ജിഡിപി വളർച്ച

നരേന്ദ്രമോദി സർക്കാർ

2014-15 7.4%

2015-16 8%

2016-17 8.3%

2017-18 6.8%

2018-19 6.5%

2019-20 3.7%

2020-21 -6.6%

2021-22 8.7%

മൻമോഹൻ സിങ് സർക്കാർ

2004 7.9%

2005 7.9%

2006 8.1%

2007 7.7%

2008 3.1%

2009 7.9%

2010 8.5%

2011 5.2%

2012 5.5%

2013 6.4%

തൊഴിൽ കണക്കുകൾ

സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണമി(സിഎംഐഇ)യുടെ കണക്കു പ്രകാരം രാജ്യത്തെ പുതിയ ഭീഷണിയായി മാറുകയാണ് തൊഴിലില്ലായ്മ. 2017നും 2022നും ഇടയ്ക്ക് ഇന്ത്യയുടെ മൊത്തം തൊഴിൽ പങ്കാളിത്ത നിരക്ക് 46 ശതമാനത്തിൽനിന്ന് 40 ശതമാനമായി ചുരുങ്ങി. സ്ത്രീകളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചത്. 21 ദശലക്ഷം വനിതകളാണ് ഇക്കാലയളവിൽ തൊഴിൽശേഷിയിൽ നിന്ന് തുടച്ചുനീക്കപ്പെട്ടത്. പ്രതിമാസ ശമ്പള ജോലിയിലും കുറവുണ്ടായിട്ടുണ്ട്.

2021 ഡിസംബറിൽ 7.9 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്. ഇതിനർത്ഥം രാജ്യത്ത് ബാക്കി വരുന്ന 92.1 ശതമാനം പേർക്കും ജോലിയുണ്ട് എന്നല്ല. പകരം ജോലി ചെയ്യാൻ പ്രായത്തിലുള്ള താമസക്കാരിൽ 92.1 ശതമാനം തൊഴിലെടുക്കുന്നുവെന്നതാണ്.

നരേന്ദ്ര മോദി
നരേന്ദ്ര മോദി

ഏപ്രിലിൽ 9.22 ശതമാനമാണ് നഗരമേഖലയിലെ തൊഴിലില്ലായ്മാ നിരക്ക്. മുൻ മാസത്തിൽ ഇത് 8.28 ശതമാനമായിരുന്നു. ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 7.18 ശതമാനമാണ്. മുൻ മാസത്തിൽ ഇത് 7.29 ശതമാനമാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലുള്ള കേന്ദ്ര പദ്ധതികൾക്ക് ബജറ്റ് വിഹിതം കുറച്ചത് ഗ്രാമീണ മേഖലയിലെ ജോലിസാധ്യതകളെ ബാധിച്ചിട്ടുണ്ട്.

തൊഴിലില്ലായ്മ 2014 മുതൽ

2014 5.4%

2015 5.4%

2016 5.4%

2017 5.4%

2018 5.3%

2019 5.3%

2020 8.0%

2021 6%

ഭീഷണിയായി പണപ്പെരുപ്പം

നിലവിൽ പണപ്പെരുപ്പമാണ് രാജ്യം സാമ്പത്തിക മേഖലയിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ചില്ലറ മേഖലയിലെ പണപ്പെരുപ്പം (സിപിഐ ഇൻഫ്‌ളേഷൻ) മാർച്ചിൽ 17 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.5 ശതമാനമാണ്. ഈ വർഷം ഇത് 7.5 ശതമാനമാകുമെന്നാണ് സിംഗപൂരിലെ കാപിറ്റൽ ഇകണോമിക്‌സിലെ സാമ്പത്തിക വിദഗ്ധൻ ഷിലൻ ഷാ പറയുന്നത്.

ഇന്ധനവില വർധനയാണ് ഉപഭോക്തൃ പണപ്പെരുപ്പത്തെ പ്രധാനമായും ബാധിച്ചത്. ഇതോടൊപ്പം യുക്രൈനിലെ റഷ്യൻ അധിനിവേശവും മേഖലയെ ബാധിച്ചു. ഇന്ത്യയിൽ മാത്രമല്ല, പല രാഷ്ട്രങ്ങളിലും പണപ്പെരുപ്പം ഭീഷണിയായി നിൽക്കുന്ന സാഹചര്യമാണുള്ളത്.

പണപ്പെരുപ്പം ഇങ്ങനെ

2021 ഒക്ടോബർ 13.83%

2021 നവംബർ 14.87%

2021 ഡിസംബർ 14.27%

2022 ജനുവരി 13.68%

2022 ഫെബ്രുവരി 13.11%

2022 മാർച്ച് 14.55%

2022 ഏപ്രിൽ 15.08%

പണപ്പെരുപ്പത്തെ മെരുക്കാൻ നിരവധി മാർഗങ്ങളാണ് സർക്കാറും ആർബിഐയും സ്വീകരിച്ചിട്ടുള്ളത്. പ്രധാനമായും അവയിങ്ങനെയാണ്.

  • ഒരു മാസമായി ഇന്ധന വില വർധിപ്പിച്ചിട്ടില്ല
  • ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറച്ചു
  • ഉജ്ജ്വൽ യോജ്‌ന ഉപഭോക്താക്കളുടെ എൽപിജി സിലിണ്ടറിന് 200 രൂപ സബ്‌സിഡി
  • റീപ്പോ നിരക്ക് 0.40 ശതമാനം വർധിപ്പിച്ച് ആർബിഐ
  • കാഷ് റിസർവ് റേഷ്യോ (സിആർആർ) 0.50 ശതമാനം ആർബിഐ വർധിപ്പിച്ചു
  • അടിസ്ഥാന പലിശ നിരക്കുകളിലെ വർധന ഇനിയും പ്രതീക്ഷിക്കാം
  • ഗോതമ്പ് കയറ്റുമതി നിരോധിച്ചു
  • പഞ്ചസാര കയറ്റുമതി പ്രതിവർഷം 10 ദശലക്ഷം ടണ്ണാക്കി നിജപ്പെടുത്തി
  • സൊയാബിൻ, സൺഫ്‌ളർ ഓയിലിന്റെ ഇറക്കുമതി ഡ്യൂട്ടി ഫ്രീ ആക്കി.

2022-23 വർഷത്തെ കേന്ദ്രബജറ്റ് പ്രകാരം ജിഡിപിയുടെ 6.9 ശതമാനമാണ് ധനക്കമ്മി. 2022-23ൽ ഇത് 6.4 ശതമാനമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ഇത് ജിഡിപിയുടെ 4.5 ശതമാനമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ധനക്കമ്മി കുറയ്ക്കാനുള്ള ലക്ഷ്യം കൂടുതൽ ബാധിക്കുക സാമൂഹിക മേഖലയിലെ ചെലവഴിക്കലുകളെയാണ്. സോഷ്യൽ സെക്ടറുകൾക്ക് നീക്കി വയ്ക്കുന്ന തുകകളിൽ കുറവുണ്ടാകുമെന്ന് ചുരുക്കം.

നോട്ടുനിരോധനവും ജിഎസ്ടിയും

സാമ്പത്തിക മേഖലയിലെ അടിസ്ഥാന ഘടകങ്ങളെ നോട്ടുനിരോധനം ബാധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കള്ളപ്പണം കുറയ്ക്കുക, കള്ളനോട്ട് ഇല്ലാതാക്കുക തുടങ്ങി നോട്ട് അസാധുവാക്കുന്നതിന് സർക്കാർ ചൂണ്ടിക്കാട്ടില ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കാനായില്ല എന്നും അവർ ചൂണ്ടിക്കാട്ടുന്നു. അസാധുവാക്കിയ നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തിയിരുന്നു. എല്ലാ മൂല്യങ്ങളിലുമുള്ള കള്ളനോട്ടുകൾ വർധിച്ചതായി കഴിഞ്ഞ ദിവസം ആർബിഐ വ്യക്തമാക്കിയിരുന്നു. നോട്ടുനിരോധനം സാമ്പത്തിക വേഗത്തെ ബാധിച്ചതു മാത്രമല്ല, അസംഘടിത മേഖലയെ തകർത്തതായും വിവിധ പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.


നോട്ടുനിരോധനത്തിന്റെ ആഘാതത്തിൽ നിന്ന് മുക്തമാകും മുമ്പ് നടപ്പാക്കിയ ചരക്കു സേവന നികുതി (ജിഎസ്ടി) ധീരമായ ചുവടുവയ്പ്പായിരുന്നു എങ്കിലും അതിനു പറ്റിയ സമയം ശരിയായില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമിടയിൽ പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നികുതി പരിഷ്‌കാരം കാരണമായി.

എന്നാൽ കോവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് സാമ്പത്തിക സ്ഥിതി മാറിയതായി സർക്കാറിനെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 2022 വർഷത്തിലെ വളർച്ച ഇതിന് ഉദാഹരണമാണ് എന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചൈന, യുകെ, യുഎസ്എ, ഫ്രാൻസ്, ജർമനി, ജപ്പാൻ രാഷ്ട്രങ്ങളുടേതിനേക്കാൾ വേഗത്തിലുള്ള വളർച്ചയാണ് ഇന്ത്യയുടേതെന്നും അവർ പറയുന്നു.

Summary: Narendra Modi's takeover of the country from Manmohan Singh comes at a time when India's GDP growth graph is on the rise. On May 26, Modi completed eight years in power. During this period, the country witnessed major economic reforms, including the ban on banknotes and the GST. Where has India been in the economy for the last eight years?

Similar Posts