Economy
വായ്പാ പലിശ കുത്തനെ ഉയരും; തുടർച്ചയായി മൂന്നാം തവണയും റീപ്പോ നിരക്ക് കൂട്ടി ആർ.ബി.ഐ
Economy

വായ്പാ പലിശ കുത്തനെ ഉയരും; തുടർച്ചയായി മൂന്നാം തവണയും റീപ്പോ നിരക്ക് കൂട്ടി ആർ.ബി.ഐ

Web Desk
|
5 Aug 2022 6:18 AM GMT

റീപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുകയും ചെയ്യും.

ന്യൂഡൽഹി: റീപ്പോ നിരക്ക് വീണ്ടും ഉയർത്തി റിസർവ് ബാങ്ക്. 0.50 ശതമാനമാണ് പുതുതായി കൂട്ടിയിരിക്കുന്നത്. ഇതോടെ റീപ്പോ നിരക്ക് 5.40 ശതമാനമായി. പണപ്പെരുപ്പം തടയാനായാണ് തുടർച്ചയായി മൂന്നാം മാസവും ആർ.ബി.ഐ റീപ്പോ നിരക്ക് കൂട്ടിയിരിക്കുന്നത്.

2019നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലാണ് ഇപ്പോൾ റീപ്പോ നിരക്ക് എത്തിയിരിക്കുന്നത്. കോവിഡിനുമുൻപ് ഇത് 5.15 ശതമാനമായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് 5.75 വരെ ഉയരാനിടയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ മോണിറ്ററി പോളിസി കമ്മിറ്റി(എം.പി.സി)യാണ് റീപ്പോ നിരക്ക് കൂട്ടാൻ തീരുമാനിച്ചത്. കഴിഞ്ഞ ജനുവരി മുതൽ ആർ.ബി.ഐയുടെ കണക്കുകൂട്ടലിനും അപ്പുറത്തേക്കാണ് പണപ്പെരുപ്പം കുതിച്ചുയരുന്നത്. ഇതേനില ഇനിയും തുടരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടികൾ. കഴിഞ്ഞ മേയിൽ 0.40 ശതമാനവും ജൂണിൽ 0.50 ശതമാനവും റീപ്പോ നിരക്ക് കൂട്ടിയിരുന്നു.

ആർ.ബി.ഐ വാണിജ്യ ബാങ്കുകൾക്കു നൽകുന്ന ഹ്രസ്വകാല വായ്പയുടെ പലിശനിരക്കാണ് റീപ്പോ. റീപ്പോ നിരക്ക് കൂട്ടിയതോടെ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ ബാങ്കുകൾ കൂട്ടും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുകയും ചെയ്യും.

Summary: Reserve Bank of India hiked its key lending rate by 50 basis points to pre-pandemic levels of 5.40 per cent

Related Tags :
Similar Posts