അന്ന് രൂപയുടെ മൂല്യം 58, ഇന്ന് 77; അന്ന് മൻമോഹൻ, ഇന്ന് മോദി - വാക്പോര്
|2013 നവംബറിൽ രൂപ ഐസിയുവിലാണ് എന്നാണ് നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നത്
'ഡൽഹിയിലിരിക്കുന്നവർക്ക് ദേശത്തിന്റെ രക്ഷയെ കുറിച്ച് ഒരു ചിന്തയുമില്ല എന്നത് ദൗർഭാഗ്യകരമാണ്. രൂപയുടെ മൂല്യം ഇടിയുന്നു. അവർക്ക് കസേര സംരക്ഷിക്കാനുള്ള ചിന്ത മാത്രമാണുള്ളത്. ഡോളറിന് മുമ്പിൽ രൂപ കരുത്തോടെ നിൽക്കണം. ഇതിനായുള്ള കാര്യങ്ങൾ ചെയ്യണം. എന്നാൽ ഇക്കാര്യത്തിലൊന്നും സർക്കാറിന് ചിന്തയില്ല.'
2013 മാർച്ചിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 59.89 ആയ വേളയിൽ അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകളാണിത്. അഴിമതിയാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം എന്നാണ് കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവരെ നിശിതമായി വിമർശിച്ച് മോദി പറഞ്ഞിരുന്നത്.
ഒമ്പതു വർഷം കഴിയുമ്പോൾ, തിങ്കളാഴ്ച ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവു നേരിട്ടിരിക്കുകയാണ് ഇന്ത്യൻ കറൻസിക്ക്. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം കൂട്ടമായി പിൻവലിക്കപ്പെട്ടതോടെ ഒരു ഘട്ടത്തിൽ 77.58 എന്ന നിലയിലായി രൂപ. അടിസ്ഥാന പലിശ നിരക്കായ റിപ്പോ നാൽപ്പത് ബേസിസ് പോയിന്റ് ഉയർത്തിയ ആർബിഐ നടപടിയും രൂപയുടെ രക്ഷിച്ചില്ല. ഈ മാസം തിങ്കളാഴ്ച വരെ 1.2 ശതമാനം ഇടിവാണ് ഇന്ത്യൻ കറൻസിയുടെ മൂല്യത്തിലുണ്ടായത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ നിരക്കിന് അനുസൃതമായി ധനനയം ആവിഷ്‌കരിക്കാൻ കഴിയാത്തതാണ് ഏഷ്യൻ കറൻസികളെ, വിശേഷിച്ചും രൂപയെ ബാധിക്കുന്നത്. ജപ്പാൻ കറൻസിയായ യെന്നും ദക്ഷിണ കൊറിയൻ കറൻസിയായ സൗത്ത് കൊറിയൻ വോണും വലിയ തകർച്ച നേരിടുന്നുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ ഡോളറിലേക്ക് കളം മാറുന്നതാണ് മറ്റു കറൻസികൾ വെല്ലുവിളി നേരിടുന്നതിന് കാരണമെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ സാമ്പത്തിക വിദഗ്ധ സ്വാതി അറോറ പറയുന്നത്. 'ഫെഡ് റിസർവിന്റെ കൈയേറ്റ സ്വഭാവം മാത്രമല്ല ഡോളർ സൂചിക നേട്ടമുണ്ടാക്കുന്നതിന് കാരണം. യുക്രൈൻ-റഷ്യ പ്രതിസന്ധി, ചൈനയിലെ ലോക്ക്ഡൗൺ എന്നിവ മൂലമുണ്ടായ റിസ്‌കുകൾ വിപണിയിലുണ്ട്. സുരക്ഷിത നിക്ഷേപമായ യുഎസ് ഡോളറിന്റെ ഡിമാൻഡിനെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ ഇതാണ്' - അവർ കൂട്ടിച്ചേർത്തു.
തിരിഞ്ഞു കൊത്തി മുൻനിലപാടുകൾ
രൂപ ഇടിഞ്ഞു വീണതോടെ സമൂഹമാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമർശനം ശക്തമായി. സാമ്പത്തിക മേഖല കുത്തഴിഞ്ഞ നിലയിലായെന്നാണ് വിമർശം. ഓഹരി വിപണിയിൽ നിന്ന് വിദേശനിക്ഷേപം കൂടിയ തോതിൽ പിൻവലിക്കപ്പെട്ടതും പണപ്പെരുപ്പം ഉയർന്നു നിൽക്കുന്നതും സമ്പദ് മേഖലയ്ക്ക് വെല്ലുവിളിയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
ഒരിക്കലല്ല, നിരവധി തവണ രൂപയുടെ മൂല്യമിടിവിൽ നരേന്ദ്രമോദി യുപിഎ സർക്കാറിനെയും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെയും കുറ്റപ്പെടുത്തി സംസാരിച്ചിട്ടുണ്ട്. 2013 നവംബറിൽ രൂപ ഐസിയുവിലാണ് എന്നാണ് നരേന്ദ്രമോദി കുറ്റപ്പെടുത്തിയിരുന്നത്.
ഇക്കാര്യം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ ഓർമപ്പെടുത്തി. 'മോദിജീ, രൂപയുടെ മൂല്യമിടഞ്ഞപ്പോൾ നിങ്ങൾ മൻമോഹൻജിയെ കുറ്റപ്പെടുത്തി. രൂപയ്ക്ക് ഏറ്റവും താഴ്ന്ന മൂല്യമാണുള്ളത്. എന്നാൾ ഞാൻ നിങ്ങളെ അന്ധമായി വിമർശിക്കില്ല. രൂപ ഇടിയുന്നത് കയറ്റുമതി മേഖലയ്ക്ക് നല്ലതാണ്. അത് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സഹായിക്കും. നമ്മുടെ സമ്പദ് വ്യവസ്ഥയിൽ ശ്രദ്ധിക്കൂ, വാർത്താ തലക്കെട്ടുകളിലല്ല' - എന്നാണ് രാഹുൽ ട്വിറ്ററിൽ കുറിച്ചത്.
പിൻവലിക്കപ്പെടുന്ന വിദേശനിക്ഷേപം
വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻവലിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 2021 സെപ്തംബറിൽ 642.45 ബില്യൺ യുഎസ് ഡോളറായിരുന്ന വിദേശ വിനിമയ കരുതൽ നിക്ഷേപം (ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവ്) ഇപ്പോൾ 600 ബില്യൺ ഡോളറിന് താഴെയാണ്. തിങ്കളാഴ്ച 597.73 ബില്യൺ ഡോളർ (45.68 ലക്ഷം കോടി രൂപ). എട്ടു മാസത്തിനിടെ നാൽപ്പത് ബില്യൺ ഡോളറിലേറെയാണ് വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടത്.
ഈ വർഷം മാത്രം 17.7 ബില്യൺ ഡോളറാണ് ഇന്ത്യൻ ഇക്വിറ്റിയിൽ നിന്ന് നിക്ഷേപകർ തിരിച്ചെടുത്തത്. അസംസ്‌കൃത എണ്ണയുടെ വിലവർധന കറണ്ട് അക്കൗണ്ട് കമ്മി മോശമാകുമെന്ന ഭീതിക്കു വഴിവച്ചത് നിക്ഷേപകർ പിൻവലിയാനുള്ള സാഹചര്യമുണ്ടാക്കി. രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആർബിഐ ഡോളർ വിറ്റഴിക്കുന്നത്, വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങുന്നത്, റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റിസ്‌കുകൾ ഒഴിവാക്കി ഡോളർ, സ്വർണം പോലുള്ള റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളിലേക്ക മാറുന്നത് എന്നിവയാണ് ഫോറിൻ എക്‌സ്‌ചേഞ്ച് റിസർവിനെ ബാധിക്കുന്നത്. ഡോളർ ബോണ്ടുകൾ പോലുള്ള വിദേശ കറൻസി ആസ്തികൾ, സ്വർണം, അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ സ്‌പെഷ്യൽ ഡ്രോയിങ് റൈറ്റ്‌സ് എന്നീ മൂന്നു ഘടകങ്ങളാണ് വിദേശ റിസർവിന്റെ താങ്ങുതടികൾ.
ഭീതിയായി വിലക്കയറ്റം
രൂപയുടെ മൂല്യമിടിവിൽ നേട്ടമുണ്ടാക്കുന്നത് കയറ്റുമതി കമ്പനികളാണ്. ചരക്കുസേവനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ഇവർക്ക് കൂടുതൽ പണം കയ്യിൽ വരും. എന്നാൽ ഇറക്കുമതിയിലും ഗാർഹിക മേഖലയിലും മൂല്യമിടിവ് തിരിച്ചടിയുണ്ടാക്കും. വിദേശത്തു നിന്ന് വരുന്ന വസ്തുക്കൾ ചെലവേറിയതാകും. പണപ്പെരുപ്പം ഇപ്പോൾ തന്നെ ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.
2021-22 സാമ്പത്തിക വർഷത്തിൽ 420 ബില്യൺ യുഎസ് ഡോളറാണ് ഇന്ത്യയുടെ കയറ്റുമതി. 2024-25 ഓടെ അഞ്ചു ട്രില്യൺ എകണോമിയിൽ രാജ്യമെത്തണമെങ്കിൽ ഒരു ട്രില്യൺ ഡോളറിന്റെ കയറ്റുമതിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. നിലവിലെ തിരിച്ചടി നേട്ടമാക്കാനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിച്ചാലേ ഈ നേട്ടം കൈവരിക്കാനാകൂ.
18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇന്ധനവില ഉയർന്നു നിൽക്കുന്നത് ഭക്ഷ്യവിലപ്പെരുപ്പത്തിനു കാരണമാണ്. ഭക്ഷ്യഎണ്ണയുടെയും പച്ചക്കറിയുടെയും വില വർധിച്ചത് ഉപഭോക്തൃത് വിലസൂചികയെയും പ്രതികൂലമായി ബാധിച്ചു.
2020 ഒക്ടോബർ മുതൽ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന പണപ്പെരുപ്പം ആർബിഐ നിഷ്‌കർഷിച്ച ആറു ശതമാനത്തിനും മുകളിലാണ്. പണപ്പെരുപ്പം ഇനിയും വർധിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് കാപിറ്റൽ ഇകണോമിക്‌സിലെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞർ ഷിലാൻ ഷാ പറയുന്നത്. ഉയർന്ന ഇന്ധനവിലയാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേയാണ് ഒരു വർഷമായി രണ്ടക്കത്തിന് മുകളിൽ നിൽക്കുന്ന (14.48%) പണപ്പെരുപ്പം.
വാക്‌പോരും രാഷ്ട്രീയവും
രൂപയുടെ മൂല്യമിടിവ് 58ൽ നിന്ന് 77ലെത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയർന്നു കഴിഞ്ഞു. മൂല്യമിടിവ് പിടിച്ചുനിർത്തുമെന്ന് പറഞ്ഞ് അധികാരമേറിയ പ്രധാനമന്ത്രി ഇക്കാര്യത്തിൽ എന്തു കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് വിമർശകർ ചോദിക്കുന്നു.
മൂല്യം ഇടിഞ്ഞതോടൊപ്പം ഇന്ധനവില-പാചക വാതക വില വർധനയും തെറ്റായ സാമ്പത്തിക നയത്തിന്റെ സൃഷ്ടിയാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. പെട്രോൾ ലിറ്ററിന് നൂറു രൂപയിൽ കൂടുതലാണ് ഇപ്പോഴത്തെ വില. പത്തു വർഷം മുമ്പ് ശരാശരി 60-70 വിലയിരുണ്ടായിരുന്ന വിലയാണ് ഇപ്പോൾ സെഞ്ച്വറി കടന്നത്. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എക്‌സൈസ് തീരുവയാണ് ഇന്ധന വില ഇത്രയും ഉയർന്നു നിൽക്കാനുള്ള സാഹചര്യം. ഇതിന് പിന്നാലെയാണ് ഇരുട്ടടിയായി ഗാർഹിക പാചക വാതക സിലിണ്ടറിന്റെ വിലയും വർധിപ്പിച്ചത്. 14.2 കിലോയുള്ള സിലിണ്ടറിന് ഇപ്പോൾ ആയിരം രൂപയാണ് വില.
പ്രവാസികൾക്ക് നേട്ടം
രൂപയുടെ മൂല്യമിടിഞ്ഞതിൽ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് പ്രവാസികളാണ്. ഒരു യുഎഇ ദിർഹത്തിന് 21.10 രൂപയാണ് തിങ്കളാഴ്ചയിലെ വില. കുവൈത്ത് ദിനാറിന് 252.48 രൂപയും ഖത്തർ റിയാലിന് 21.28 രൂപയുമാണ്. സൗദി റിയാലിന്റെ മൂല്യം 20.66 രൂപയും ഒമാൻ റിയാലിന് 201.27 രൂപയുമായി. ഇതോടെ നാട്ടിലേക്ക് പണമയക്കാൻ വിനിമയ കേന്ദ്രങ്ങളിൽ തിരക്കേറി.