രൂപ വെന്റിലേറ്ററിലെന്ന് 2013ൽ ശിൽപ്പ ഷെട്ടി; ഇപ്പോൾ മിണ്ടാത്തതെന്തേ എന്ന് സമൂഹമാധ്യമങ്ങൾ
|നടി ജൂഹി ചൗളയും അന്ന് സർക്കാറിനെ പരിഹസിച്ചിരുന്നു
മുംബൈ: ഡോളറിനെതിരെയുള്ള വിനിമയത്തിൽ രൂപ തകർന്നടിഞ്ഞതിന് പിന്നാലെ നടി ശിൽപ്പ ഷെട്ടിയെയും ജൂഹി ചൗളയെയും ട്രോളി സമൂഹമാധ്യമങ്ങൾ. വിഷയത്തിൽ ഇവർ നേരത്തെ പോസ്റ്റ് ചെയ്ത ട്വിറ്റർ കുറിപ്പുകൾ കുത്തിപ്പൊക്കിയാണ് വിമർശം. നേരത്തെ, സർക്കാറിനെതിരെ സംസാരിച്ച ഇവർ ഇപ്പോൾ എന്താണ് മിണ്ടാത്തതെന്ന് സമൂഹമാധ്യമങ്ങൾ ചോദിക്കുന്നു.
2013ൽ ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞ വേളയിൽ രൂപ വെന്റിലേറ്ററിലാണ് എന്നാണ് ശിൽപ്പ പ്രതികരിച്ചിരുന്നത്. 'ഇന്ന് വായിച്ച തമാശ നിറഞ്ഞ കുറിപ്പിങ്ങനെ. ഡോളർ എസ്കലേറ്ററിലാണ്. രൂപ വെന്റിലേറ്ററിലും. രാജ്യം ഐസിയുവിൽ. നമ്മൾ കോമയിൽ. ഉള്ളി ഷോറൂമിൽ. ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ' - എന്ന കുറിപ്പാണ് നടി പങ്കുവച്ചിരുന്നത്.
2014ന് മുമ്പ് ഈ സെലിബ്രിറ്റികൾക്ക് എന്തു ധൈര്യമായിരുന്നുവെന്ന് ചിലർ കമന്റിൽ പരിഹസിച്ചു. ഇപ്പോൾ ഇവരുടെ പ്രതികരശേഷി എങ്ങോട്ട് പോയെന്നും അവർ ചോദിച്ചു. ഇന്ധനത്തെയും എൽപിജിയെയും ചെറുനാരങ്ങയെയും കൂടി ഷോറൂമിലാക്കൂ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.
'അപുന്റെ അടിവസ്ത്രത്തിന്റെ പേര് ഡോളർ എന്നായിരുന്നു. രൂപയായിരുന്നെങ്കിൽ ഇടയ്ക്കിടെ അഴിഞ്ഞു വീഴുമായിരുന്നു. ദൈവത്തിന് നന്ദി' - എന്നാണ് 2013 ആഗസ്തിൽ ജൂഹി ചൗള കുറിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ് നിലവിൽ ഇന്ത്യൻ രൂപ. തിങ്കളാഴ്ച ഡോളറിനെതിരെ 77.58 എന്ന നിലയിൽ വരെ രൂപയെത്തിയിരുന്നു. ഈ മാസം 1.2 ശതമാനം ഇടിവാണ് ഇന്ത്യൻ കറൻസിയുടെ മൂല്യത്തിലുണ്ടായത്.
യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് റിസർവിന്റെ നിരക്കിന് അനുസൃതമായി ധനനയം ആവിഷ്കരിക്കാൻ കഴിയാത്തതാണ് ഏഷ്യൻ കറൻസികളെ, വിശേഷിച്ചും രൂപയെ ബാധിക്കുന്നത്. ജപ്പാൻ കറൻസിയായ യെന്നും ദക്ഷിണ കൊറിയൻ കറൻസിയായ സൗത്ത് കൊറിയൻ വോണും വലിയ തകർച്ച നേരിടുന്നുണ്ട്.
സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ കൂട്ടത്തോടെ ഡോളറിലേക്ക് കളം മാറുന്നതാണ് മറ്റു കറൻസികൾ വെല്ലുവിളി നേരിടുന്നതിന് കാരണമെന്ന് എച്ച്ഡിഎഫ്സി ബാങ്കിലെ സാമ്പത്തിക വിദഗ്ധ സ്വാതി അറോറ പറയുന്നത്. 'ഫെഡ് റിസർവിന്റെ കൈയേറ്റ സ്വഭാവം മാത്രമല്ല ഡോളർ സൂചിക നേട്ടമുണ്ടാക്കുന്നതിന് കാരണം. യുക്രൈൻ-റഷ്യ പ്രതിസന്ധി, ചൈനയിലെ ലോക്ക്ഡൗൺ എന്നിവ മൂലമുണ്ടായ റിസ്കുകൾ വിപണിയിലുണ്ട്. സുരക്ഷിത നിക്ഷേപമായ യുഎസ് ഡോളറിന്റെ ഡിമാൻഡിനെ പിന്തുണയ്ക്കുന്ന ഘടകങ്ങൾ ഇതാണ്' - അവർ കൂട്ടിച്ചേർത്തു.
വിദേശനിക്ഷേപത്തില് തിരിച്ചടി
വിപണിയിൽ നിന്ന് വിദേശനിക്ഷേപകർ കൂട്ടത്തോടെ പിൻവലിയുന്ന സാഹചര്യമാണ് രൂപയ്ക്ക് തിരിച്ചടിയായത്. 2021 സെപ്തംബറിൽ 642.45 ബില്യൺ യുഎസ് ഡോളറായിരുന്ന വിദേശ വിനിമയ കരുതൽ നിക്ഷേപം (ഫോറിൻ എക്സ്ചേഞ്ച് റിസർവ്) ഇപ്പോൾ 600 ബില്യൺ ഡോളറിന് താഴെയാണ്. തിങ്കളാഴ്ച 597.73 ബില്യൺ ഡോളർ (45.68 ലക്ഷം കോടി രൂപ). എട്ടു മാസത്തിനിടെ നാൽപ്പത് ബില്യൺ ഡോളറിലേറെയാണ് വിപണിയിൽനിന്ന് പിൻവലിക്കപ്പെട്ടത്.
ഈ വർഷം മാത്രം 17.7 ബില്യൺ ഡോളറാണ് ഇന്ത്യൻ ഇക്വിറ്റിയിൽ നിന്ന് നിക്ഷേപകർ തിരിച്ചെടുത്തത്. അസംസ്കൃത എണ്ണയുടെ വിലവർധന കറണ്ട് അക്കൗണ്ട് കമ്മി മോശമാകുമെന്ന ഭീതിക്കു വഴിവച്ചത് നിക്ഷേപകർ പിൻവലിയാനുള്ള സാഹചര്യമുണ്ടാക്കി. രൂപയുടെ മൂല്യം പിടിച്ചു നിർത്താൻ ആർബിഐ ഡോളർ വിറ്റഴിക്കുന്നത്, വിദേശനിക്ഷേപകർ ഇന്ത്യൻ വിപണിയിൽനിന്ന് പിൻവാങ്ങുന്നത്, റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റിസ്കുകൾ ഒഴിവാക്കി ഡോളർ, സ്വർണം പോലുള്ള റിസ്ക് കുറഞ്ഞ നിക്ഷേപങ്ങളിലേക്ക മാറുന്നത് എന്നിവയാണ് ഫോറിൻ എക്സ്ചേഞ്ച് റിസർവിനെ ബാധിക്കുന്നത്. ഡോളർ ബോണ്ടുകൾ പോലുള്ള വിദേശ കറൻസി ആസ്തികൾ, സ്വർണം, അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിന്റെ സ്പെഷ്യൽ ഡ്രോയിങ് റൈറ്റ്സ് എന്നീ മൂന്നു ഘടകങ്ങളാണ് വിദേശ റിസർവിന്റെ താങ്ങുതടികൾ.
വിലക്കയറ്റ ഭീതി
രൂപയുടെ മൂല്യമിടിവിൽ നേട്ടമുണ്ടാക്കുന്നത് കയറ്റുമതി കമ്പനികളാണ്. ചരക്കുസേവനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ ഇവർക്ക് കൂടുതൽ പണം കയ്യിൽ വരും. എന്നാൽ ഇറക്കുമതിയിലും ഗാർഹിക മേഖലയിലും മൂല്യമിടിവ് തിരിച്ചടിയുണ്ടാക്കും. വിദേശത്തു നിന്ന് വരുന്ന വസ്തുക്കൾ ചെലവേറിയതാകും. പണപ്പെരുപ്പം ഇപ്പോൾ തന്നെ ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതുണ്ടാക്കുന്ന വെല്ലുവിളി ചെറുതല്ല.
2021-22 സാമ്പത്തിക വർഷത്തിൽ 420 ബില്യൺ യുഎസ് ഡോളറാണ് ഇന്ത്യയുടെ കയറ്റുമതി. 2024-25 ഓടെ അഞ്ചു ട്രില്യൺ എകണോമിയിൽ രാജ്യമെത്തണമെങ്കിൽ ഒരു ട്രില്യൺ ഡോളറിന്റെ കയറ്റുമതിയെങ്കിലും ഉണ്ടാകേണ്ടതുണ്ട്. നിലവിലെ തിരിച്ചടി നേട്ടമാക്കാനുതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിച്ചാലേ ഈ നേട്ടം കൈവരിക്കാനാകൂ.
18 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇന്ധനവില ഉയർന്നു നിൽക്കുന്നത് ഭക്ഷ്യവിലപ്പെരുപ്പത്തിനു കാരണമാണ്. ഭക്ഷ്യഎണ്ണയുടെയും പച്ചക്കറിയുടെയും വില വർധിച്ചത് ഉപഭോക്തൃത് വിലസൂചികയെയും പ്രതികൂലമായി ബാധിച്ചു.
2020 ഒക്ടോബർ മുതൽ ഏറ്റവും ഉയർന്ന നിലയിൽ നിൽക്കുന്ന പണപ്പെരുപ്പം ആർബിഐ നിഷ്കർഷിച്ച ആറു ശതമാനത്തിനും മുകളിലാണ്. പണപ്പെരുപ്പം ഇനിയും വർധിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല എന്നാണ് കാപിറ്റൽ ഇകണോമിക്സിലെ മുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞർ ഷിലാൻ ഷാ പറയുന്നത്. ഉയർന്ന ഇന്ധനവിലയാണ് ഇതിനു കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേയാണ് ഒരു വർഷമായി രണ്ടക്കത്തിന് മുകളിൽ നിൽക്കുന്ന (14.48%) പണപ്പെരുപ്പം.