Economy
മോദിക്ക് വേണ്ടാത്തവരെ ചേർത്തുപിടിച്ച് സ്റ്റാലിൻ; പുതിയ പോർമുഖം തുറന്ന് തമിഴ്‌നാട്
Economy

മോദിക്ക് വേണ്ടാത്തവരെ ചേർത്തുപിടിച്ച് സ്റ്റാലിൻ; പുതിയ 'പോർമുഖം' തുറന്ന് തമിഴ്‌നാട്

Web Desk
|
22 Jun 2021 1:08 PM GMT

റിസർവ് ബാങ്ക് മുൻ ഗവർണറും നോട്ടുനിരോധനം അടക്കം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനുമായ രഘുറാം രാജൻ അടക്കം അഞ്ചു പേരാണ് ഉപദേശക സമിതിയിലുള്ളത്

ചെന്നൈ: സാമ്പത്തിക മേഖലയിൽ കേന്ദ്ര സർക്കാറുമായി പുതിയ 'പോർമുഖം' തുറന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മോദി സർക്കാറിന്റെ സാമ്പത്തിക നയവുമായി നേരിട്ടും അല്ലാതെയും വിയോജിപ്പ് രേഖപ്പെടുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞരെ തന്റെ ഉപദേശകരായി നിയോഗിച്ചാണ് സ്റ്റാലിന്റെ ഞെട്ടിക്കുന്ന നീക്കം. റിസർവ് ബാങ്ക് മുൻ ഗവർണറും നോട്ടുനിരോധനം അടക്കം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനുമായ രഘുറാം രാജൻ അടക്കം അഞ്ചു പേരാണ് ഉപദേശക സമിതിയിലുള്ളത്.

രാജനെ കൂടാതെ, നൊബേൽ പുരസ്‌കാര ജേതാവ് എസ്തർ ഡെഫ്‌ലോ, കേന്ദ്രസർക്കാറിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യം, സാമൂഹികക്ഷേമ സാമ്പത്തിക ശാസ്ത്രജ്ഞൻ ജീൻ ഡ്രെസെ, മുൻ കേന്ദ്ര ധനസെക്രട്ടറി എസ് നാരായണ്‍ എന്നിവരാണ് സമിതിയുള്ളത്. ഭർത്താവ് അഭിജിത് ബാനർജി, മൈക്കൽ ക്രമർ എന്നിവർക്ക് ഒപ്പം 2019ലെ നൊബേൽ നേടിയ ഡഫ്‌ലോയാണ് സമിതിക്ക് നേതൃത്വം നൽകുക. 'ആഗോള തലത്തിൽ ദാരിദ്ര്യനിർമാർജനത്തിനായി സ്വീകരിച്ച പരീക്ഷണ സമീപനങ്ങൾക്കാണ്' ഇവർക്ക് നൊബേൽ ലഭിച്ചത്.

നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഭൻവാരിലാൽ പുരോഹിതാണ് കൗൺസിൽ അംഗങ്ങളുടെ പേര് പ്രഖ്യാപിച്ചത്. 'കൗൺസിലിന്റെ നിർദേശ പ്രകാരം സർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് പുതുജീവൻ നൽകും. സാമ്പത്തിക വളർച്ചയുടെ ഗുണഫലം സമൂഹത്തിലെ എല്ലാ വിഭാഗങ്ങൡലും എത്തുന്നതും ഉറപ്പുവരുത്തും' - കൗൺസിൽ പ്രഖ്യാപന വേളയിൽ ഗവർണർ പറഞ്ഞു. രാഷ്ട്രനിർമാണത്തിൽ സംസ്ഥാനം കേന്ദ്രസർക്കാറുമായി യോജിച്ചുപ്രവർത്തിക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

നൊബേൽ പുരസ്‌കാര ജേതാവ് അമർത്യസെന്നുമായി ചേർന്ന് പുസ്തകങ്ങൾ എഴുതിയിട്ടുള്ള ഡ്രെസെ യുപിഎ സർക്കാറിന്റെ സുപ്രധാന സാമൂഹിക ക്ഷേമപദ്ധതിയായ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ഉപദേശകനായിരുന്നു. മൻമോഹൻസിങ് സർക്കാറിന്റെ കാലത്ത് സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക കൗൺസിൽ അംഗവുമായിരുന്നു. കോൺഗ്രസ് നയങ്ങളുമായി ചേർന്നു നിൽക്കുന്ന ഡ്രെസെ പല വേളയിൽ മോദി സർക്കാറിന്റെ സാമ്പത്തിക നയങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്. 2024-25ൽ ഇന്ത്യയെ അഞ്ചു ട്രില്യൺ ഡോളറിന്റെ സാമ്പത്തിക ശക്തിയാക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യത്തെ ഉപയോഗശൂന്യം എന്നാണ് ഡ്രെസെ വിശേഷിപ്പിച്ചിരുന്നത്.


രഘുറാം രാജനും അരവിന്ദ് സുബ്രഹ്‌മണ്യവും മോദിയുടെ നയങ്ങളുടെ ഏറ്റവും വലിയ വിമർശകരാണ്. 2013-2016 കാലയളവിലാണ് രാജൻ റിസർവ് ബാങ്ക് ഗവർണറായിരുന്നത്. ആർബിഐ ഗവർണറാകുന്നതിന് മുമ്പ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. സാമ്പത്തിക മേഖലയിലെ നിലവിലെ തകർച്ചയ്ക്ക് കാരണം സർക്കാറിന്റെ തെറ്റായ നയങ്ങളാണെന്ന് നിരവധി തവണ രാജൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ചിക്കാഗോ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിലെ പ്രൊഫസറാണ്. രഘുറാം രാജന് പകരമായാണ് അരവിന്ദ് സുബ്രഹ്‌മണ്യൻ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്. കാലാവധി അവസാനിക്കാൻ നാലു മാസം ബാക്കിയുള്ളപ്പോഴാണ് സർക്കാറുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന്, 2018ൽ അരവിന്ദ് രാജിവച്ചത്. നിലവിൽ ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വാട്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർനാഷണൽ ആന്റ് പബ്ലിക് അഫേഴ്‌സിലെ സീനിയർ ഫെലോ ആണ്.

1965 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് നാരായൺ. കേന്ദ്ര ധനകാര്യ സെക്രട്ടറിയായും 2003-04 കാലത്ത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായും ജോലി ചെയ്തിട്ടുണ്ട്. ദ ദ്രവീഡിയൻ ഇയേഴ്‌സ്-വെൽഫെയർ ആൻഡ് പൊളിറ്റിക്‌സ് ഇൻ തമിഴ്‌നാട് എന്ന പുസ്തകത്തിന്റെ രചയിതാവാണ്.

പളനിവേലിനെ ഏൽപ്പിച്ച പണി

ന്യൂയോർക്ക് സ്റ്റേറ്റ് യൂനിവേഴ്‌സിറ്റിയിൽ ഓപ്പറേഷൻ റിസേർച്ചിൽ മാസ്റ്റേഴ്‌സും അപ്ലൈഡ് കംപ്യൂട്ടേഴ്‌സിൽ പിഎച്ച്ഡിയുമുള്ള ഡോ. പളനിവേൽ ത്യാഗരാജന്റെ ധനകാര്യം ഏൽപ്പിച്ചാണ് സ്റ്റാലിൻ തമിഴ്‌നാടിന്റെ സാമ്പത്തിക മേഖലയിൽ പണി തുടങ്ങിയത്. ട്രിച്ചി എൻഐടിയിൽ നിന്ന് എഞ്ചിനീയറിങ്ങിൽ ബിരുദമെടുത്ത ഇദ്ദേഹം മധുര സെൻട്രലിൽ നിന്നുള്ള ജനപ്രതിനിധിയാണ്.

പ്രസിദ്ധമായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ സ്ലോൺ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിൽ നിന്ന് ഫിനാൻസിൽ എംബിഎ നേടിയിട്ടുണ്ട്. നൊബേൽ പുരസ്‌കാര ജേതാവും ഇറ്റാലിയൻ സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഫ്രാങ്കോ മോദിഗിലിയാനി ത്യാഗരാജന്റെ അധ്യാപകനായിരുന്നു. പഠന ശേഷം വിഖ്യാതമായ ലേമാൻ ബ്രദേഴ്‌സ്, സ്റ്റാൻഡേർഡ് ചാർട്ടേഡ് തുടങ്ങിയ സ്ഥാപനങ്ങളിലായിരുന്നു ഔദ്യോഗിക ജീവിതം.


ഇരുപത് വർഷത്തെ അമേരിക്കൻ ജീവിതത്തിൽ 55 രാജ്യങ്ങളിലെ കോർപ്പറേറ്റ് കമ്പനികളുടെ ബാലൻസ് ഷീറ്റുകളിൽ നിന്നാണ് തമിഴ്‌നാട്ടിലെ ധനമന്ത്രിയായുള്ള നിയോഗം. 2007ൽ പിതാവിന്റെ മരണത്തെ തുടർന്നാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 2016ലാണ് ആദ്യമായി എംഎൽഎ ആയത്. പിതാവ് പളനിവേൽ രാജനും മുത്തച്ഛൻ പി.ടി രാജനും രാഷ്ട്രീയക്കാരായിരുന്നു. മുത്തച്ഛൻ പി.ടി രാജൻ മദ്രാസ് പ്രസിഡൻസിയിൽ മുഖ്യമന്ത്രിയായിരുന്നു. ജസ്റ്റിസ് പാർട്ടിയുടെ അവസാന പ്രസിഡന്റും.

ഏറ്റവും നല്ല വാർത്തയെന്ന് സാമ്പത്തിക ശാസ്ത്രജ്ഞർ

സാമ്പത്തിക ഉപദേശക കൗൺസിലിൽ നിന്ന് ഉപദേശം സ്വീകരിക്കാനുള്ള സ്റ്റാലിന്റെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി സാമ്പത്തിക ശാസ്ത്രജ്ഞരാണ് രംഗത്തെത്തിയത്. 'ഇത് മനോഹരമായ വാർത്തയാണ്. അഭിനന്ദനങ്ങൾ, എംകെ സ്റ്റാലിൻ. അഖിലേന്ത്യാ തലത്തിലെ നയരൂപീകരണത്തിൽ ഇവരുടെ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളിൽ നിന്ന് ഒരു തിരിച്ചുപോക്ക് സാധ്യമായിരുന്നു' എന്നാണ് യുപിഎ സർക്കാറിലെ മുൻ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൗശിക് ബസു പ്രതികരിച്ചത്.

' പല പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞരും മുഖ്യമന്ത്രിമാരുടെ ഉപദേഷ്ടാക്കൾ ആയിട്ടുണ്ടെങ്കിലും സാമ്പത്തിക നയരൂപീകരണത്തിൽ ഏതെങ്കിലും സംസ്ഥാനം ഉപദേശകരുടെ കൗൺസിൽ രൂപീകരിക്കുന്നത് ആദ്യമായിരിക്കും' എന്നാണ് ബിആർ അംബേദ്കർ സ്‌കൂൾ ഓഫ് എകണോമിക്‌സ് വൈസ് ചാൻസലർ എൻ ആർ ഭാനുമൂർത്തി വ്യക്തമാക്കിയത്.

തമിഴ്‌നാടിന്റെ സാമ്പത്തിക സ്ഥിതി

ഏതു മുന്നണി അധികാരത്തിലേറിയാലും സൗജന്യ അരി, സൗജന്യ ലാപ്‌ടോപ്പ് തുടങ്ങി നിരവധി ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. 2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 5.12 ലക്ഷം കോടി രൂപയാണ് തമിഴ്‌നാടിന്റെ പൊതുകടം. 2015-16ൽ ഇത് 2.28 ലക്ഷം കോടി മാത്രമായിരുന്നു. അഥവാ, പൊതുകടത്തിൽ 124 ശതമാനത്തിന്റെ വർധനയാണ് അഞ്ചു വർഷം കൊണ്ട് മാത്രം ഉണ്ടായത്.


ജനപ്രിയ പദ്ധതികളാണ് തമിഴ്‌നാട്ടിൽ രാഷ്ട്രീയകക്ഷികളുടെ വേര്. ഇപ്പോഴത്തെ ഡിഎംകെ സർക്കാറും ഇത്തരം പദ്ധതികൾ പൂർവ്വാധികം ശക്തിയോടെ നടപ്പാക്കുന്നുണ്ട്. ആദ്യ ഉത്തരവിൽ തന്നെ സർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസുള്ളവർക്ക് സ്വകാര്യ ആശുപത്രികളിൽ കോവിഡ് ചികിത്സ സൗജന്യമാക്കിയാണ് സ്റ്റാലിൻ ഞെട്ടിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള പാലിന് മൂന്നു രൂപ കുറക്കുകയും ചെയ്തു. ഓർഡിനറി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും ബിപിഎല്ലുകാർക്ക് കോവിഡ് ദുരിതാശ്വാസമായി രണ്ടായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട് സ്റ്റാലിൻ.

Similar Posts