മരുന്നുവില മുതൽ വീടുവാങ്ങൽ വരെ ചെലവേറും; ഏപ്രിൽ ഒന്നുമുതൽ മാറാന്‍ പോകുന്ന 10 കാര്യങ്ങള്‍
|പി.എഫ് അക്കൗണ്ടിലെ നികുതി മുതൽ വിർച്വൽ ആസ്തി നികുതി, കോവിഡ് ചികിത്സാ സഹായധന സഹായം, വീട്-മരുന്ന് വില അടക്കം വിവിധ സാമ്പത്തിക ഇടപാടുകളിലെല്ലാം വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരാനിരിക്കുന്ന പത്ത് പ്രധാന മാറ്റങ്ങൾ അറിയാം
നാളെ മുതൽ പുതിയ സാമ്പത്തിക വർഷം ആരംഭിക്കുമ്പോൾ നിങ്ങളുടെ പോക്കറ്റിലും വലിയ ഇളക്കമുണ്ടാക്കാനിടയുള്ള നിരവധി മാറ്റങ്ങളാണ് വരുന്നത്. പി.എഫ് അക്കൗണ്ടിലെ നികുതി മുതൽ വിർച്വൽ ആസ്തി നികുതി, കോവിഡ് ചികിത്സാ സഹായധന സഹായം, വീട്-മരുന്ന് വില അടക്കം വിവിധ സാമ്പത്തിക ഇടപാടുകളിലെല്ലാം വലിയ മാറ്റങ്ങൾ വരാനിരിക്കുകയാണ്. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ വരാനിരിക്കുന്ന പത്ത് പ്രധാന മാറ്റങ്ങൾ അറിയാം...
വിർച്വൽ ഡിജിറ്റൽ ആസ്തികൾക്കുള്ള നികുതി
ഫെബ്രുവരിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചതു പ്രകാരം ഏപ്രിൽ ഒന്നു മുതൽ വിർച്വൽ ഇടപാടിൽനിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി നൽകേണ്ടിവരും. ബിറ്റ്‌കോയിൻ, എഥെറിയം, എൻ.എഫ്.ടികൾ അടക്കമുള്ള ക്രിപ്‌ടോകറൻസികളുടെ ഇടപാടിൽനിന്നുള്ള ആസ്തിക്ക് ഇനിമുതൽ നികുതി നൽകണം.
പി.എഫ് അക്കൗണ്ടിലെ നികുതി
പുതിയ ആദായ നികുതി നിയമങ്ങൾ പ്രകാരം നാളെമുതൽ എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട്(ഇ.പി.എഫ്) നികുതിയുള്ളത്, ഇല്ലാത്തത് എന്നിങ്ങനെ രണ്ടായി തരംതിരിക്കപ്പെടും. ഒരു വർഷം 2.50 ലക്ഷം വരെ ഇ.പി.എഫിൽ അടക്കുന്നവർക്ക് നികുതിയുണ്ടാകില്ല. അതിനുമുകളിൽ അടയ്ക്കുന്ന തുകയ്ക്കു ലഭിക്കുന്ന പലിശയ്ക്ക് നിശ്ചിത നികുതി നൽകേണ്ടിവരും. അതേസമയം, സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ അഞ്ചുലക്ഷം വരെയും നികുതിയുണ്ടാകില്ല.
ഐ.ടി റിട്ടേൺ ഫയൽ ചെയ്യൽ
പുതുക്കിയ ഐ.ടി റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് ആശ്വാസം നൽകുന്ന ഒരു കാര്യവും പുതിയ ബജറ്റിലുണ്ടായിരുന്നു. നികുതി റിട്ടേൺ ഫയൽ ചെയ്തതിൽ എന്തെങ്കിലും പിശകുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പുതുക്കിയ ഐ.ടി റിട്ടേൺ ഫയൽ ചെയ്യാൻ മൂല്യനിർണയ വർഷത്തിന്റെ ഒടുക്കംമുതൽ രണ്ടു വർഷംവരെ കാലാവധി ലഭിക്കും. നേരത്തെ വെളിപ്പെടുത്താത്ത വരുമാനം കൂട്ടിച്ചേർക്കാനും, നേരത്തെ ഫയൽ ചെയ്തതിൽ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവ തിരുത്താനുമാണ്
കോവിഡ് ചികിത്സാ ചെലവിൽ ആശ്വാസം
കോവിഡ് ചികിത്സയ്ക്കായി സർക്കാരിന്റെ സഹായധനം ലഭിച്ചവർക്ക് നികുതി ഇളവ് ലഭിക്കും. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ലഭിച്ച സഹായധനത്തിലും പത്തുലക്ഷം രൂപ വരെ ഇളവുണ്ടാകും. മരണത്തിനുശേഷം 12 മാസത്തിനകം ഈ തുക കൈപറ്റിയിരിക്കുകയും വേണം.
മരുന്നിനു വിലകൂടും
പുതിയ സാമ്പത്തിക വർഷം മുതൽ നിരവധി മരുന്നുകളുടെ വിലകൂടും. വേദനാസംഹാരി, ആന്റിബയോട്ടിക്കുകൾ, ആന്റി വൈറസ് അടക്കം 800 മരുന്നുകളുടെ വിലയേറും. ഈ മരുന്നുകളുടെ വിലയിൽ പത്തു ശതമാനംവരെ വർധനയുണ്ടാകും.
വീടുവാങ്ങുന്നതും ചേലവേറും
80 ഇ.ഇ.ഇ സെക്ഷൻ പ്രകാരം വീട് വാങ്ങുന്നവർക്ക് നൽകിവന്നിരുന്ന നികുതി ഇളവ് നിർത്തലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിനാൽ, ഇനിമുതൽ വീട് വാങ്ങാനും ചെലവേറുമെന്നുറപ്പാണ്.
പാചകവാതക വില കുതിക്കും
എല്ലാ മാസത്തെയും പോലെ നാളെ പാചകവാതക വിലയും കൂടാനിടയുണ്ട്. ഇന്ധനവില ദിനംപ്രതിയെന്നോണം വർധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും പാചകവാതക വില കൂടും.
ബാങ്ക് അക്കൗണ്ടുകളിലെ നിയന്ത്രണങ്ങൾ
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കെ.വൈ.സി അനുസരിച്ചല്ലെങ്കിൽ അക്കൗണ്ട് പ്രവർത്തനരഹിതമാകും. പണം നിക്ഷേപം, പിൻവലിക്കൽ അടക്കം എല്ലാത്തിനും നിയന്ത്രണമുണ്ടാകും.
കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് അക്കൗണ്ടിലെ കെ.വൈ.സി അപ്‌ഡേഷന് നേരത്തെ റിസർവ് ബാങ്ക് 2021 ഡിസംബർ 31 വരെ കാലാവധി അനുവദിച്ചിരുന്നു. ഇത് 2022 മാർച്ച് 31 വരെ നീട്ടിനൽകിയിരുന്നു. തുടർന്ന് കൂടുതൽ കാലാവധി ലഭിക്കില്ലെന്നാണ് വിവരം.
പോസ്റ്റ് ഓഫീസ് വരുമാന പദ്ധതി
പ്രതിമാസ വരുമാന പദ്ധതി, വയോജന സേവിങ്‌സ് പദ്ധതി, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്‌സ് അടക്കമുള്ള വിവിധ പോസ്റ്റ് ഓഫീസ് പദ്ധതികളിൽ നിക്ഷേപിച്ചവർ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിങ്‌സ് അക്കൗണ്ടോ അല്ലെങ്കിൽ സേവിങ് ബാങ്ക് അക്കൗണ്ടോ ഈ പദ്ധതികളുമായി ലിങ്ക് ചെയ്യണം. പുതിയ സാമ്പത്തിക വർഷം മുതൽ പോസ്റ്റ് ഓഫീസ് വരുമാന പദ്ധതികളിലൂടെ ലഭിക്കുന്ന പലിശ പദ്ധതിയുമായി ബന്ധിപ്പിച്ച നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റാകും.
ആക്‌സിസ്, പഞ്ചാബ്, ഐ.സി.ഐ.സി.ഐ ബാങ്കുകളിലെ മാറ്റങ്ങൾ
പുതിയ സാമ്പത്തിക വർഷം മുതൽ ആക്‌സിസ് ബാങ്കിൽ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് പരിധി 10,000ത്തിൽനിന്ന് 12,000 ആക്കി ഉയർത്തിയിട്ടുണ്ട്. ഇതോടൊപ്പം സൗജന്യ പണമിടപാടിന്റെ പരിധി നാലാക്കി നിർണയിക്കുകയും ചെയ്തിട്ടുണ്ട്.
ചെക്കുകൾക്ക് പോസിറ്റീവ് പേ സിസ്റ്റം നടപ്പാക്കിയിരിക്കുകയാണ് പഞ്ചാബ് നാഷനൽ ബാങ്ക്. 10 ലക്ഷം മുതലുള്ള ചെക്കുകൾക്ക് വെരിഫിക്കേഷൻ നിർബന്ധമാകും.
ഐ.സി.ഐ.സി.ഐ എൻ.ആർ.ഐ അക്കൗണ്ടുകളിലെ ഫീസ് ചാർജ് കൂട്ടിയിട്ടുണ്ട്. പുതിയ സാമ്പത്തിക വർഷംമുതൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
Summary: 10 big rules will change from April 1 2022