Education
Kerala university syndicate, Kerala University
Education

കേരള സർവകലാശാലയില്‍ പരീക്ഷാ ഫലം വൈകുന്നു; 2,000ലേറെ പി.ജി വിദ്യാർഥികൾ പ്രതിസന്ധിയില്‍

Web Desk
|
11 Nov 2023 7:45 AM GMT

അധ്യാപക ജോലി ലക്ഷ്യംവച്ച് നെറ്റ് പരീക്ഷ പാസായവര്‍ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പെരുവഴിയിലാണ്

തിരുവനന്തപുരം: കേരള സർവകലാശാലയിലെ പരീക്ഷാ ഫലം വൈകുന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് രണ്ടായിരത്തിലധികം പി.ജി വിദ്യാർഥികൾ. പരീക്ഷ നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പല കോഴ്സുകളിലെയും ഫലം പുറത്തു വന്നിട്ടില്ല. സാങ്കേതിക തകരാർ മൂലം ഫലം വൈകുന്നുവെന്നാണ് സർവകലാശാലയുടെ ന്യായീകരണം.

ഉന്നത വിദ്യാഭ്യാസ രംഗത്തെ വൻ ചുവടുവെപ്പെന്നു ചൂണ്ടിക്കാട്ടിയാണ് കേരള സർവകലാശാല നാലുവർഷ ബിരുദ കോഴ്സുകൾ തുടങ്ങിയത്. എന്നാൽ, നിലവിൽ പ്രവർത്തിക്കുന്ന പല കോഴ്സുകളുടെയും പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും നേരെ ചൊവ്വേ നടത്താൻ സർവകലാശാലയ്ക്ക് കഴിയുന്നില്ല. കോവിഡിനുശേഷം പഠിക്കാൻ ചേർന്നവരാണ് പ്രധാനമായും ഈ പ്രശ്നം നേരിടുന്നത്. 2021 ൽ കയറിയ ബിരുദാനന്തര ബിരുദ ബാച്ചിലെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ ജൂലൈയിൽ പഠിച്ചിറങ്ങി. പക്ഷേ ഇവരുടെ രണ്ട് സെമസ്റ്ററുകളിലെ ഫലം മാത്രമാണ് ഇതുവരെ പുറത്ത് വന്നിട്ടുള്ളത്. വിദേശത്തടക്കം ഉപരിപഠനത്തിനായി പോകാൻ നിന്നവർ ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

അധ്യാപക ജോലി ലക്ഷ്യംവച്ച് നെറ്റ് പരീക്ഷ പാസായവരാകട്ടെ സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ പെരുവഴിയിലായി. ഫലം എപ്പോൾ വരുമെന്ന ചോദ്യത്തിന് സർവകലാശാലയ്ക്കും കൃത്യമായ മറുപടിയൊന്നുമില്ല. സോഫ്റ്റ്‌വെയറിന്റെ സാങ്കേതിക തകരാർ എന്നു പറഞ്ഞ് കൈ കഴുകുകയാണ് അധികൃതർ.

Summary: More than 2000 PG students are in a crisis due to the delay in the examination results of the Kerala University

Similar Posts