മലബാറിനോട് വീണ്ടും അവഗണന; പുതിയ കോഴ്സുകള്‍ അനുവദിച്ചതിലും കുറവ്
|കോഴ്സുകള്‍ ലഭിച്ചത് 4 കോളജുകള്‍ക്ക് മാത്രം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച 76000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല.
സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് കോളജുകളിലേക്ക് പുതിയ കോഴ്സുകള്‍ അനുവദിച്ചതിലും മലബാറിനോട് അവഗണന. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് സീറ്റില്ലാതെ പ്രയാസപെടുന്ന മലപ്പുറം ജില്ലയിലെ ഒരു കോളജിനും പുതിയ കോഴ്സ് അനുവദിച്ചില്ല.
ഉന്നത വിദ്യാഭ്യാസ രംഗം മെച്ചപെടുത്തുക എന്ന സര്‍ക്കാറിന്റെ തീരുമാന പ്രകാരമാണ് സര്‍ക്കാര്‍ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജുകളില്‍ പുതിയ കോഴ്സ് അനുവദിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഏറ്റവുമതികം വിദ്യാര്‍ഥികള്‍ ഉപരി പഠനത്തിനായി പ്രയാസപെടുന്ന മലബാറില്‍ 4 കോളജുകളില്‍ മാത്രമാണ് പുതിയ കോഴ്സുകള്‍ അനുവദിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ മാത്രം ബിരുദ പ്രവേശനത്തിന് അപേക്ഷിച്ച 76000 വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല.
പാലക്കാട് ഗവണ്മെന്റ് വിക്ടോറിയ കോളജ്, ചിറ്റൂര്‍ ഗവണ്മെന്റ് കോളജ്, പേരാമ്പ്ര ഗവണ്മെന്റ് കോളജ്, മൊകേരി ഗവണ്മെന്റ് കോളജ് എന്നിവിടങ്ങളില്‍ മാത്രമാണ് മലബാറില്‍ പുതിയ കോഴ്സുകള്‍ അനുവദിച്ചത്. ഡ്രിഗ്രി, പി.ജി, എം.ഫില്‍ കോഴ്സുകളാണ് പുതുതായി അനുവദിച്ചിരിക്കുന്നത്.