Education
ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റിന്റെ സമാപന ചടങ്ങിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളി
Education

ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റിന്റെ സമാപന ചടങ്ങിൽ പ്രബന്ധം അവതരിപ്പിച്ച് മലയാളി

Web Desk
|
7 Dec 2022 2:01 PM GMT

ഏഷ്യയിലെ രണ്ടാമത്തേതും ലോകത്തിലെ മൂന്നാമതെത്തും ആയ സ്റ്റാർട്ടപ്പ് എക്കണോമിയാണ് ഇന്ത്യയുടേതെന്ന് ഹാരിസ് എം കോവൂർ

സിയൂൾ: സൗത്ത് കൊറിയയിലെ ബുസാൻ മെട്രോപൊളിറ്റൻ സിറ്റി ആതിഥേയത്വം വഹിച്ച ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് ഇവന്റിന്റെ സമാപന ചടങ്ങിൽ പ്രബന്ധം അവതരിപ്പിച്ച് കോഴിക്കോട് സ്വദേശി. ഡബ്ല്യൂ.ബി.എഫ് സെനറ്റർ ഹാരിസ് എം കോവൂരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രബന്ധം അവതരിപ്പിച്ചത്. സൗത്ത് കൊറിയൻ സർക്കാരിന്റെ നേതൃത്വത്തിൽ ബുസാൻ ടെക്‌നോ പാർക്കും ബുസാൻ സ്റ്റാർട്ട്-അപ്പ് ഏജൻസി പ്രിപ്പറേറ്ററി ഓഫീസും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.

ഏഷ്യയിലെ രണ്ടാമത്തേതും ലോകത്തിലെ മൂന്നാമതെത്തും ആയ സ്റ്റാർട്ടപ്പ് എക്കണോമിയാണ് ഇന്ത്യയുടേത്. വളർച്ച നിരക്കിൽ ചൈനയെ അതിവേഗം ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോണമി മറി കടക്കുന്ന കാഴ്ചയാണ് കാണുന്നതെന്നും ഹാരിസ് പ്രബംന്ധത്തിൽ ചൂണ്ടിക്കാണിച്ചു. ക്രിയാത്മകമായ ആശയങ്ങളുള്ള ഏഷ്യൻ സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ബുസാനിൽ ഏഷ്യൻ ഇവന്റ് സംഘടിപ്പിച്ചത്.

സൗത്ത് കൊറിയക്ക് പുറമെ, ഇന്ത്യ, ബംഗ്‌ളാദേശ്, മലേഷ്യ,വിയറ്റ്‌നാം, ജപ്പാൻ എന്നീ ഏഷ്യൻ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഏഷ്യൻ സ്റ്റാർട്ട്-അപ്പ് സംസ്‌കാരത്തിന്റെ വ്യാപനത്തിന് നേതൃത്വം നൽകുന്നതിനുമായി ഓരോ ഏഷ്യൻ നഗരത്തിനും സഹകരണ ശൃംഖലകൾ സ്ഥാപിക്കുന്നതിലൂടെ മാനുഷികവും ഭൗതികവുമായ വിനിമയം എങ്ങനെ വിപുലീകരിക്കാം എന്നതായിരുന്നു സമ്മേളനത്തിന്റെ പ്രമേയം.

സൗത്ത് കൊറിയയെ പ്രതിനിധീകരിച്ച് (ഡെറിക്) കിം, ബുസാൻ സ്റ്റാർട്ട്-അപ്പ് ഏജൻസി പ്രിപ്പറേറ്ററി ഓഫീസ് പ്രസിഡന്റ് ഹ്യൂയി യോബ് സിയോങ്, ഡബ്ല്യുബിഎഎഫ് സെനറ്റർ ഹ്യൂങ്‌സുപ്പ് (എച്ച്എസ്) കിം , ക്യൂ ഹ്വാങ് യോൺ, എന്നിവരും പങ്കെടുത്തു. മലേഷ്യയെ പ്രതിനിധീകരിച്ചു സെനറ്റർ വാൻ ഫറ അയു, വിയറ്റ്‌നാമിനെ പ്രതിനിധീകരിച്ച് സെനറ്റർ ഫി വാൻ ഗുയെൻ ബംഗ്ലാദേശിനെ പ്രാതിനിധീകരിച്ച് ഡോക്ടർ മുഹമ്മദ് നൂറുസമാൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു.

സൗത്ത് കൊറിയയെ ഏഷ്യൻ സ്റ്റാർട്ട് അപ്പ് ഇക്കണോമിയുടെ ഹബ്ബാക്കി മാറ്റുകയാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ബുസാൻ മെട്രോ പൊളിറ്റൻ സിറ്റി മേയർ പാർക്ക് ജിയോങ് ജൂൺ പറഞ്ഞു. ഈ വർഷത്തെ ഏഷ്യയിലെ ഏറ്റവും വലിയ ആദ്യ എക്‌സ്‌പോയ്ക്ക് ശേഷം, സ്റ്റാർട്ടപ്പുകളുടെ വിജയത്തിനും ഭാവിയിൽ യൂണികോൺ ( വൺ ബില്യൺ കമ്പനി) കമ്പനികളിലേക്കുള്ള അവരുടെ വികസനത്തിനും സംഘടന സജീവമായി പിന്തുണ നൽകുന്നത് തുടരുമെന്ന് സംഘാടക സമിതി കോ-ചെയർമാൻ കിം ഹിയോങ്-ഗ്യൂൻ പറഞ്ഞു.

Similar Posts