കാലിക്കറ്റ് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് ഗവർണർക്ക് പരാതി നൽകി
|ബിടെക് തോറ്റവർക്ക് മാർക്ക് ദാനം നൽകാൻ വി.സി നിർദേശിച്ചെന്നാണ് പരാതി
വർഷങ്ങൾക്ക് മുമ്പ് തോറ്റ ബിടെക് വിദ്യാർഥികളെ വിജയിപ്പിക്കാൻ കാലിക്കറ്റ് സർവകലാശാല മാർക്ക് ദാനം ചെയ്യുന്നുവെന്ന് പരാതി. ഇല്ലാത്ത അധികാരമുപയോഗിച്ച് അടിയന്തിര പ്രാധാന്യമുള്ള വിഷയമെന്ന് കാട്ടി വൈസ് ചാൻസലർ മാർക്ക് നൽകാൻ നിർദേശം നൽകിയെന്നാണ് ആക്ഷേപം. സംഭവത്തിൽ സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി.
2014 സ്‌കീമിൽ ബിടെക് പരീക്ഷയെഴുതി പരാജയപ്പെട്ടവർക്ക് ഇരുപത് മാർക്ക് വരെ നൽകാൻ കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ നിർദേശം നൽകിയതാണ് വിവാദത്തിന് വഴി വെച്ചിരിക്കുന്നത്. ഈ മാസം 24ന് ചേരുന്ന അക്കാദമിക് കൗൺസിൽ യോഗം നിർദേശം പരിഗണിക്കും. സർവകലാശാലാ നിയമപ്രകാരം വൈസ് ചാൻസലർക്കോ അക്കാദമിക് കൗൺസിലിനോ മാർക്ക് കൂട്ടി നൽകാൻ അധികാരമില്ല. അടിയന്തിര പ്രധാന്യമുള്ള വിഷയങ്ങളിൽ ഉത്തരവുകൾ പുറപ്പെടുവിക്കാൻ വൈസ് ചാൻസലർക്ക് സാധിക്കും. ഈ അധികാരമുപയോഗിച്ചാണ് മാർക്ക് ദാനത്തിന് ക്രമവിരുദ്ധമായി നിർദേശം നൽകിയതെന്നാണ് ആക്ഷേപം.
പരീക്ഷാ ബോർഡിന് മാത്രമാണ് മോഡറേഷൻ മാർക്ക് നിശ്ചയിക്കാൻ അധികാരമുള്ളൂ. പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ പരീക്ഷാ ഫലം മാറ്റാൻ ആർക്കും അധികാരമില്ലെന്നാണ് സർവകലാശാലാ നിയമം. നേരത്തെ എംജി സർവകലാശാലായിൽ ബിടെക് പരീക്ഷയിൽ തോറ്റവരെ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ അദാലത്തിലൂടെ അഞ്ച് മാർക്ക് വരെ നൽകി വിജയിപ്പിച്ചത് വിവാദമായിരുന്നു.പിന്നീട് ഗവർണറുടെ നിർദേശ പ്രകാരം ഇത് റദ്ദ് ചെയ്തു.