Education
കക്കാട് ഗവ. എൽ.പി സ്‌കൂളിലെ ഇംഗ്ലീഷ് സർഗോത്സവം എൻജോയ് 2022ന് സമാപ്തി
Education

കക്കാട് ഗവ. എൽ.പി സ്‌കൂളിലെ ഇംഗ്ലീഷ് സർഗോത്സവം എൻജോയ് 2022ന് സമാപ്തി

Web Desk
|
22 Jun 2022 10:42 AM GMT

കുട്ടികൾക്കുള്ള കോഴിക്കോട് ലിഫ്റ്റിംഗ് ക്രൂ അക്കാദമിയുടെ ഉപഹാരങ്ങൾ ചെയർമാൻ മുഹമ്മദ് ജാസിം സമ്മാനിച്ചു

മുക്കം: കക്കാട് ഗവ. എൽ.പി സ്‌കൂളിൽ നടന്ന കുട്ടികളുടെ ഇംഗ്ലീഷ് സർഗോത്സവം എൻജോയ് 2022 അവസാനിച്ചു. അവധിക്കാലത്ത് ആരംഭിച്ച കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിൽ പങ്കെടുത്ത രണ്ട് ബാച്ചിലെയും കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളാണ് എൻജോയ് 2022 എന്ന പേരിൽ സ്‌കൂൾ ഹാളിൽ അരങ്ങേറിയത്.

25 ദിവസത്തെ ഇംഗ്ലീഷ് ക്ലാസിനു ശേഷമാണ് വിദ്യാർത്ഥികൾ കലാപരിപാടികളുമായി വേദിയിലെത്തിയത്. പാടിയും പറഞ്ഞും നൃത്തം വച്ചും പ്രതിജ്ഞ ചൊല്ലിയും സംഭാഷണങ്ങളിലൂടെയും അവർ സ്റ്റേജും സദസ്സും കയ്യിലെടുത്തു. ആങ്കർ മുതൽ നന്ദി വരെയുള്ള എല്ലാ പരിപാടികളും കുട്ടികൾ ഇംഗ്ലീഷിൽതന്നെ നിർവഹിച്ചു.

വളരെ കുറഞ്ഞ സമയത്തിനകം അത്ഭുതകരമായ മാറ്റമാണ് മക്കളിൽ പ്രകടമായതെന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം അവധിക്കാലത്തിനുശേഷവും മുന്നോട്ടു കൊണ്ടുപോകണമെന്നും രക്ഷിതാക്കൾ നിർദേശിച്ചു. സ്‌കൂളിലെ മുഴുവൻ കുട്ടികളെയും ഇതിലേക്ക് ചേർക്കാനാവണമെന്നും സാമ്പത്തിക പരാധീനതകൾ അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾക്കായി പി.ടി.എ പ്രത്യേകം പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും സംഗമത്തിൽ നിർദേശമുയർന്നു.

ആഴ്ചയിൽ ശനിയാഴ്ചകളിൽ നിലവിലുള്ള രണ്ട് ബാച്ചും തുടരുന്നതോടൊപ്പം പുതുതായൊരു ബാച്ച് തുടങ്ങാനും സംഗമത്തിൽ തീരുമാനിച്ചു. അധ്യാപക-രക്ഷാകർതൃ സംഗമത്തിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മുഖ്യപരിശീലകനും മോട്ടിവേഷൻ സ്പീക്കറുമായ മുഹമ്മദ് ജാസിം മുഖ്യ പ്രഭാഷണം നടത്തി.

സ്‌കൂൾ പ്രധാനാധ്യാപിക ജാനിസ് ജോസഫ്, സ്‌കൂൾ മാനേജിംഗ് കമ്മിറ്റി ചെയർമാൻ കെ സി റിയാസ്, പി.ടി.എ പ്രസിഡന്റ് അഷ്റഫ് കെ സി, വൈസ് പ്രസിഡന്റുമാരായ ലുഖ്മാനുൽ ഹഖീം, മുനീർ പാറമ്മൽ, മുൻ പി.ടി.എ പ്രസിഡന്റ് ശിഹാബ് പുന്നമണ്ണ്, ടി അഹമ്മദ് മാസ്റ്റർ, പരിശീലകരായ ഷബാന ടീച്ചർ, ഹാജറ ടീച്ചർ, വിവിധ രക്ഷിതാക്കൾ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾക്കുള്ള കോഴിക്കോട് ലിഫ്റ്റിംഗ് ക്രൂ അക്കാദമിയുടെ ഉപഹാരങ്ങൾ ചെയർമാൻ മുഹമ്മദ് ജാസിം സമ്മാനിച്ചു.

Related Tags :
Similar Posts