വിദ്യാഭ്യാസമേളയായ മാധ്യമം 'എജുകഫെ' കേരളത്തിലെത്തുന്നു
|മേയ് 20, 21 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ഫെസ്റ്റിന് ടാഗോർ സെന്റിനറി ഹാൾ വേദിയാകും. മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ആകും രണ്ടാമത്തെ വേദി.
കോഴിക്കോട്: ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ മേളയായ മാധ്യമം 'എജുകഫെ' (എജുക്കേഷൻ ആൻഡ് കരിയർ ഫെസ്റ്റ്) വീണ്ടും കേരളത്തിലെത്തുന്നു. ജി.സി.സി രാജ്യങ്ങളിൽ കഴിഞ്ഞ ഏഴുവർഷവും മികച്ച വിദ്യാഭ്യാസ-കരിയർ മേളയെന്ന ഖ്യാതി നേടിയ എജുകഫെ പുത്തൻ വിഭവങ്ങളുമായാണ് മലയാള മണ്ണിലെത്തുന്നത്. നാളെയുടെ വാഗ്ദാനങ്ങളാകേണ്ട കഴിവുറ്റ ഒരു തലമുറയെ വാർത്തെടുക്കുക എന്നതാണ് എജുകഫെയുടെ ലക്ഷ്യം.
രണ്ടിടങ്ങളിലായാണ് എജുകഫേയുടെ ഇന്ത്യൻ സീസൺ നടക്കുക. മേയ് 20, 21 തീയതികളിൽ കോഴിക്കോട്ട് നടക്കുന്ന ഫെസ്റ്റിന് ടാഗോർ സെന്റിനറി ഹാൾ വേദിയാകും. മേയ് 27, 28 തീയതികളിൽ മലപ്പുറം റോസ് ലോഞ്ച് ആകും രണ്ടാമത്തെ വേദി.
ഉപരിപഠന രംഗത്തേക്ക് കടക്കാൻ തയാറായ 10, 11, 12 ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും ഉപരിപഠനം ആഗ്രഹിക്കുന്ന ഏതു വിദ്യാർഥിക്കും എജുകഫെയുടെ ഭാഗമാവാം. കൂടാതെ രക്ഷിതാക്കൾക്കും അധ്യാപകർക്കും അവസരമുണ്ടാകും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 'സി ഡാറ്റ്' എന്ന സിജിയുടെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുക്കാം. എജുകഫെയുടെ രജിസ്ട്രേഷൻ സമയത്തുതന്നെ ഈ ഓപ്ഷ
ൻ സ്വീകരിക്കാൻ കഴിയും. ഇതുകൂടാതെ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷക്കൊരുങ്ങുന്ന വിദ്യാർഥികൾക്കായി മോക്ക് എൻട്രൻസ് പരീക്ഷകളും നടക്കും. എജുകഫെയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇത് സൗജന്യമാണ്.
കരിയർ മോട്ടിവേഷൻ, മാനസികാരോഗ്യം, പാരന്റിങ് തുടങ്ങിയ സെഷനുകൾ, റോബോട്ടിക്സ്, മൈന്റ് ഹാക്കിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സിവിൽ സർവിസ്, വിദേശപഠനം, മാനേജ്മെന്റ് പഠനം തുടങ്ങി നിരവധി കോഴ്സുകളുമായി ബന്ധപ്പെട്ട ക്ലാസുകൾ, ന്യൂട്രീഷ്യൻ കോഴ്സുകൾ, വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരുമായി നടത്തുന്ന 'ടോപ്പേഴ്സ് ടോക്ക്', എജുടെയിൻമെന്റ് പരിപാടികൾ, എജുക്കേഷൻ കോണ്ടസ്റ്റുകൾ തുടങ്ങിയവയും എജുകഫെയുടെ ഭാഗമാവും.