Study Abroad
വിദേശത്ത് ഹൗസ് സര്‍ജന്‍സി ചെയ്തവര്‍ എന്തിനിവിടെ വീണ്ടും ഹൗസ് സര്‍ജന്‍സി ചെയ്യണം?
Study Abroad

വിദേശത്ത് ഹൗസ് സര്‍ജന്‍സി ചെയ്തവര്‍ എന്തിനിവിടെ വീണ്ടും ഹൗസ് സര്‍ജന്‍സി ചെയ്യണം?

Web Desk
|
27 Sep 2021 9:36 AM GMT

വിദേശത്ത് എംബിബിഎസ് പഠനത്തിനൊരുങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും തിരിച്ചെത്തുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇന്‍റേര്‍ണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയതെന്നും വ്യക്തമാക്കുകയാണ് ഐഎംഎ മെഡിക്കല്‍ വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനറായ ഡോക്ടര്‍ വി. ജി പ്രദീപ് കുമാര്‍.

മെഡിക്കല്‍ ബിരുദവും പിജിയും നേടാനായി നിരവധി വിദ്യാര്‍ത്ഥികളാണ് ഇന്നത്തെ കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് പോകുന്നത്. നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിച്ചില്ലെങ്കില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജുകളെ ആശ്രയിക്കേണ്ടിവരും എന്നതും, ഫീസ് താങ്ങാവുന്നതല്ല എന്നതുമാണ് പ്രധാനമായും ഈ വിദേശപഠനത്തിന് കാരണമാകുന്നത്.

വിദേശത്ത് എംബിബിഎസ് പഠനത്തിനൊരുങ്ങുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്നും തിരിച്ചെത്തുന്നവര്‍ക്ക് എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഇന്‍റേര്‍ണ്‍ഷിപ്പ് നിര്‍ബന്ധമാക്കിയതെന്നും വ്യക്തമാക്കുകയാണ് ഐഎംഎ മെഡിക്കല്‍ വിദ്യാഭ്യാസ കമ്മിറ്റി കണ്‍വീനറായ ഡോക്ടര്‍ വി. ജി പ്രദീപ് കുമാര്‍.


വിദേശത്താണോ എംബിബിഎസ്; ചേരും മുമ്പ് എന്തെല്ലാം ശ്രദ്ധിക്കണം

വിദേശത്താണ് എംബിബിഎസ് ചെയ്യുന്നതെങ്കില്‍ അതിന് ചില മാനദണ്ഡങ്ങളുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു സയന്‍സ് പാസ്സായിരിക്കണം, വിദ്യാര്‍ത്ഥിക്ക് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം, നിശ്ചിത ശതമാനം മാര്‍ക്ക് നേടി നീറ്റ് പരീക്ഷ വിജയിച്ചിരിക്കണം എന്നിവയാണ് വിദേശ യൂണിവേഴ്സിറ്റികളില്‍ എംബിബിഎസിന് അപേക്ഷിക്കാനുള്ള പ്രധാന മാനദണ്ഡങ്ങള്‍.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയായിരുന്നു നേരത്തെ വിദേശ എംബിബിഎസ് പഠനത്തിന് അപേക്ഷിക്കാനുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് ഇപ്പോള്‍ ഈ യോഗ്യത സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഏതുരാജ്യത്തെ, ഏത് കോളേജിലാണ് വിദ്യാര്‍ത്ഥി പഠനത്തിന് തയ്യാറെടുക്കുന്നത് എന്ന് അപേക്ഷയില്‍ കാണിക്കണം. ആ സ്ഥാപനം വേള്‍ഡ് ഡയറക്ടറി ഓഫ് സ്കൂളില്‍ ഉള്‍പ്പെട്ടതായിരിക്കണം. മാത്രമല്ല, ആ സ്ഥാപനം വേള്‍ഡ് സ്കൂള്‍ ഡയറക്ടറിയില്‍ നിന്ന് ഇടയ്ക്കിടയ്ക്ക് അപ്രത്യക്ഷമാകുന്ന കോളേജ് അല്ല എന്നും ഉറപ്പുവരുത്തണം.

കൂടാതെ അഡ്മിഷനെടുക്കുന്ന സ്ഥാപനത്തിന്‍റെ അംഗീകാരം, കഴിഞ്ഞ പത്തുവര്‍ഷത്തെ അവരുടെ പഠനമികവും നിലവാരവും, തിയറി, പ്രാക്ടിക്കല്‍, പ്രായോഗിക പരിശീലനമുള്‍പ്പടെ അവിടുത്തെ പഠനരീതി എങ്ങനെ എന്നീ കാര്യങ്ങളെ കുറിച്ചെല്ലാം കൃത്യമായി അന്വേഷിച്ചറിയാന്‍ ശ്രമിക്കണം. വിദേശത്തെ ചില കോളേജുകളും യൂണിവേഴ്സിറ്റികളും രോഗിയെ പരിശോധിക്കാന്‍ വിദ്യാര്‍ത്ഥികളെ അനുവദിക്കാറില്ല. വൈദ്യവിദ്യാഭ്യാസമെന്നത് മറ്റ് വിദ്യാഭ്യാസം പോലെയല്ല. കൃത്യമായ പ്രായോഗിക പരിശീലനം ലഭിക്കേണ്ടതുണ്ട്. രോഗിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം പഠിക്കുമ്പോള്‍ തന്നെ ലഭിച്ചാലേ, പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും രോഗിയുമായുള്ള കൃത്യമായ ഒരു കമ്മ്യൂണിക്കേഷന്‍ സ്കില്‍ ഉണ്ടായി വരികയുള്ളൂ.


എന്താണ് നെക്സ്റ്റ് എക്സാം?

നാലരവര്‍ഷത്തെ കോഴ്സും അതിന് ശേഷം ഇന്‍റേര്‍ണ്‍ഷിപ്പും കൂടി പൂര്‍ത്തിയാക്കിയാണ് വിദേശത്തെ എംബിബിഎസ് പഠനത്തിന് ശേഷം ഒരു വിദ്യാര്‍ത്ഥി മടങ്ങി വരുന്നത്. വിദേശത്താണ് പഠനം പൂര്‍ത്തിയാക്കിയതെങ്കില്‍ നാഷണല്‍ ബോര്‍ഡിന്‍റെ ഒരു സ്ക്രീനിംഗ് ടെസ്റ്റ് പാസാകണം എന്നായിരുന്നു ഇത്രയും വര്‍ഷം ഇന്ത്യയില്‍ ഡോക്ടറായി പ്രാക്ടീസ് ചെയ്യാനുള്ള നിയമം. അത് ഗവണ്‍മെന്‍റ് കൊണ്ടുവന്ന പുതിയ പരിഷ്കാര പ്രകാരം, നെക്സ്റ്റ് എക്സാം പാസാകണം എന്ന രീതിയിലേക്ക് മാറുകയാണ്. നെക്സ്റ്റ് പരീക്ഷ ഇന്ത്യയില്‍ എംബിബിഎസ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികളും, വിദേശത്ത് എംബിബിഎസ് പൂര്‍ത്തിയാക്കി വരുന്ന വിദ്യാര്‍ത്ഥികളും എഴുതണം. നെക്സ്റ്റ് പരീക്ഷ പാസായാല്‍ മാത്രമേ എംബിബിഎസ് പൂര്‍ത്തിയാക്കിയ ഒരാള്‍ക്ക് ഇന്ത്യയില്‍ ഇന്‍റേര്‍ണ്‍ഷിപ്പ് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

മുമ്പ് നടന്ന നാഷണല്‍ ബോര്‍ഡിന്‍റെ സ്ക്രീനിംഗ് ടെസ്റ്റിന് കാലാവധിയില്ലായിരുന്നു. അതുകൊണ്ടുതന്നെ എട്ടും ഒമ്പതും വര്‍ഷമെടുത്ത് പാസായവര്‍ വരെ നമ്മുടെ ഇടയിലുണ്ട്. പക്ഷേ, ഇനി പുറത്തുപോയി പഠിച്ചുവന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള രണ്ടുവര്‍ഷത്തിനുള്ളില്‍ നെക്സ്റ്റ് പരീക്ഷ പാസാകണം. എന്നിട്ട് ഇന്ത്യയില്‍ ഒരു വര്‍ഷത്തെ ഹൌസ് സര്‍ജന്‍സി ചെയ്യണം.


എന്തുകൊണ്ട് വിദേശത്ത് പഠിച്ചവര്‍ ഇവിടെ ഹൗസ് സര്‍ജന്‍സി ചെയ്യണം?

വിദേശത്ത് പഠിച്ചു വന്ന പലരും ഞങ്ങള്‍ അവിടെ ഹൗസ് സര്‍ജന്‍സി ചെയ്തതാണ്, ഇനിയെന്തിന് വീണ്ടും ഇവിടെ ഹൗസ് സര്‍ജന്‍സി ചെയ്യണം എന്നൊരു ചോദ്യം ഉയര്‍ത്താറുണ്ട്. എന്നാല്‍, കേരളത്തിലെയും, ഇന്ത്യയിലെയും രോഗങ്ങളും രോഗസാഹചര്യങ്ങളും വിവിധ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. എംബിബിഎസ് പഠിച്ച രാജ്യത്തെ ഭാഷയും രോഗങ്ങളെ മനസ്സിലാക്കിയെടുക്കുന്നതിന് ഒരു തടസ്സമാകുന്നുണ്ട്. പല രോഗങ്ങള്‍ക്കും ഇവിടെ പറയുന്ന പേരായിരിക്കില്ല, വിദേശത്ത് പഠിച്ചുവന്ന ഒരു ഡോക്ടര്‍ പഠിച്ചിരിക്കുക. ഈ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ വിദ്യാര്‍ത്ഥിയുടെ വിദേശപഠനം ഇംഗ്ലീഷ് മാധ്യമത്തില്‍ ആകുന്നതാണ് കഴിയുന്നതും ഉചിതം.

നമ്മുടെ നാട്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം നമ്മുടെ ജീവിത രീതികള്‍ക്കും രോഗങ്ങള്‍ക്കും വളരെ ബന്ധമുണ്ട്. അതുകൊണ്ടൊക്കെ കൂടിയാണ് എംബിബിഎസ് കഴിഞ്ഞ ഒരാള്‍ക്ക് ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യണമെങ്കില്‍ ഇവിടെ തന്നെ ഹൌസ് സര്‍ജന്‍സി ചെയ്യണമെന്ന് നിര്‍ബന്ധമാക്കിയത്. എന്നിട്ട് വേണം പെര്‍മനന്‍റ് രജിസ്ട്രേഷനിലേക്ക് പോകാന്‍.


കൂടുതല്‍ വിവരങ്ങള്‍ക്ക്:

First Step - Arkaiz - Your Trusted Study Abroad Partner

Similar Posts