നീറ്റ്- യുജി; ടെന്‍ഷനില്ലാതെ പരീക്ഷ എഴുതാന്‍ ചിലതെല്ലാം ശ്രദ്ധിക്കാം
|മെഡിക്കല്‍, അനുബന്ധ ബിരുദ കോഴ്‌സ് പ്രവേശനത്തിനുള്ള 2024-ലെ ദേശീയ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് -യു.ജി) മെയ് അഞ്ചിന് നടക്കും. പരീക്ഷയെ ഭയക്കാതെ നല്ല സുഖമമായി പരീക്ഷ എഴുതാനായി ചില കാര്യങ്ങള്‍ നേരത്തെ തന്നെ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എന്തെല്ലാം ശ്രദ്ധിക്കണം, കയ്യില്‍ എന്ത് കരുതണം, എന്തെല്ലാം പരീക്ഷാ ഹാളില്‍ കൊണ്ടു പോകാന്‍ പാടില്ല തുടങ്ങി പല കാര്യങ്ങളില്‍ ആശയകുഴപ്പങ്ങള്‍ ഉണ്ടായേക്കം. അതിനാല്‍ തന്നെ ഇക്കാര്യമെല്ലാം ഒന്ന് നോക്കി പോകുന്നതാണ് നല്ലത്. പരീക്ഷാകേന്ദ്രം ഉച്ചയ്ക്ക് 12ന് തുറക്കും. 2 മണിക്ക് പരീക്ഷ ആരംഭിക്കും. എന്നാല്‍ ഒന്നരമണിക്കുശേഷം പരീക്ഷാ കേന്ദ്രത്തില്‍ ആരെയും പ്രവേശിപ്പിക്കില്ല.
പരീക്ഷാ സമയം പൂര്‍ത്തിയാകും മുമ്പ് പരീക്ഷാ ഹാളില്‍ നിന്ന് പുറത്തു പോകാന്‍ അനുമതിയുണ്ടാകില്ല. അതായത് പരീക്ഷ സമയം പൂര്‍ത്തിയായാല്‍ മാത്രമേ ഹാളിനു പുറത്തിറങ്ങാനവു.
പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ഇന്‍വിജിലേറ്ററുടെ നിര്‍ദേശമനുസരിച്ചു മാത്രമേ ഹാള്‍ വിടാന്‍ പാടുള്ളു. അഡ്മിറ്റ് കാര്‍ഡിനൊപ്പമുള്ള നിര്‍ദേശങ്ങള്‍ വായിക്കുകയും അവ മനസിലാക്കി പാലിക്കുകയും ചെയ്യണം. മൂന്ന് പേജുള്ള അഡ്മിറ്റ് കാര്‍ഡ് പൂര്‍ണമായും ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് കയ്യില്‍ കരുതണം. പരീക്ഷ കേന്ദ്രം ഉള്‍പ്പെടെ വിവരങ്ങളും സാക്ഷ്യപ്രസ്താവനയും അടങ്ങിയതാണ് ആദ്യ പേജ്. രണ്ടാമത്തെ പേജ് പോസ്റ്റ് കാര്‍ഡ് സൈസിലുള്ള ഫോട്ടോ പതിക്കാനുള്ളതാണ്. മൂന്നാമത്തെ പേജിലാണ് പരീക്ഷാര്‍ഥികള്‍ക്കുള്ള നിര്‍ദേശങ്ങളുണ്ടാവുക. പരീക്ഷ കഴിഞ്ഞും അഡ്മിറ്റ്് കാര്‍ഡ് സൂക്ഷിക്കണം. പ്രവേശന സമയത്ത് ഇത് ആവശ്യമായി വരും.
പരീക്ഷാകേന്ദ്രം പരിചയമില്ലെങ്കില്‍ മുന്‍കൂട്ടി കണ്ടെത്തുന്നതായിരിക്കും നല്ലത്. ദൂരം, വഴി എന്നിവ കൃത്യമായി മനസിലാക്കേണ്ടതാണ്. സമയക്രമം അത്രയും പ്രധാനമാണ് പരീക്ഷക്ക്. മതപരമായ/ആചാരപരമായ വസ്ത്രം ധരിക്കുന്നവര്‍ പരിശോധനക്കായി നേരത്തെ പരീക്ഷ കേന്ദ്രത്തിലെത്തണം. മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുള്ള ദേഹപരിശോധനക്ക് ശേഷമായിരിക്കും പരീക്ഷ കേന്ദ്രത്തിലേക്കുള്ള പ്രവേശനം.
സുതാര്യമായ വെള്ളക്കുപ്പി, ഹാജര്‍ ഷീറ്റില്‍ പതിക്കാനുള്ള ഫോട്ടോ (വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തത്), പോസ്റ്റ് കാര്‍ഡ് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച സത്യപ്രസ്താവന സഹിതമുള്ള പൂരിപ്പിച്ച അഡ്മിറ്റ് കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്/സ്‌ക്രൈബ് രേഖകള്‍ എന്നിവ മാത്രമാണ് പരീക്ഷ കേന്ദ്രത്തില്‍ അനുവദിക്കുക. പേന പരീക്ഷ കേന്ദ്രത്തില്‍നിന്ന് നല്‍കുന്നതിനാല്‍ കയ്യില്‍ കരുതേണ്ട.
പരീക്ഷാര്‍ഥികള്‍ നിര്‍ദേശിച്ച സ്ഥലത്ത് ഒപ്പിടുകയും ഫോട്ടോ പതിക്കുകയും ചെയ്യണം. ഇടതുപെരുവിരല്‍ അടയാളം തെളിഞ്ഞതാണെന്ന് ഉറപ്പാക്കണം.
ഫോട്ടോ ഉള്ള സാധുവായ ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐ.ഡി., പാസ്‌പോര്‍ട്ട്, പന്ത്രണ്ടാംക്ലാസ് ബോര്‍ഡ് പരീക്ഷാ അഡ്മിറ്റ് കാര്‍ഡ് (ഫോട്ടോ ഉള്ളത്), സര്‍ക്കാര്‍ നല്‍കിയ സാധുവായ മറ്റ് ഏതെങ്കിലും ഫോട്ടോ ഐ.ഡി. കാര്‍ഡ് തുടങ്ങിയവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മറ്റ് വിലക്കിയ ഉപകരണങ്ങള്‍ എന്നിവ പരീക്ഷ കേന്ദ്രത്തില്‍ അനുവദനീയമല്ല. ധരിക്കാവുന്ന വസ്ത്രങ്ങള്‍, പാദരക്ഷ എന്നിവ സംബന്ധിച്ച ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലെ നിര്‍ദേശങ്ങള്‍ പാലിക്കണം. അറ്റന്‍ഡന്‍സ് ഷീറ്റില്‍ ഒട്ടിക്കാനായി
അപേക്ഷയില്‍ നല്‍കിയിട്ടുള്ള ഫോട്ടോയുടെ ഒരു പകര്‍പ്പ് കൊണ്ടുപോകണം. പരീക്ഷ ബുക്ക്ലെറ്റില്‍ അനുവദിച്ച സ്ഥലത്ത് മാത്രമേ റഫ് വര്‍ക്കുകള്‍ പാടുള്ളൂ. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തില്ല. ഒ.എം.ആര്‍. ഷീറ്റ് സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ രേഖപ്പെടുത്തലുകള്‍ ഒന്നും അതില്‍ പാടില്ല. അതില്‍ പൂരിപ്പിക്കേണ്ട ഭാഗങ്ങള്‍ പൂരിപ്പിക്കണം. ഇത് മൂല്യ നിര്‍ണയത്തെ ബാധിക്കും.
പരീക്ഷ കഴിഞ്ഞാല്‍ ഒ.എം.ആര്‍ ഷീറ്റ് നിര്‍ബന്ധമായും തിരികെ ഏല്‍പിക്കുകയും ബുക്കറ്റ്‌ലെറ്റ് കൈവശംവെക്കാവുന്നതുമാണ്. ബയോ-ബ്രേക്ക്/ടോയ്ലറ്റ് ബ്രേക്ക് എന്നിവക്ക് ശേഷവും പരീക്ഷാര്‍ഥികള്‍ ദേഹപരിശോധനക്കും ബയോമെട്രിക് ഹാജറിനും വിധേയരാകേണ്ടിവരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള സി.സി.ടി.വി നിരീക്ഷണവും ഉണ്ടായിരിക്കും.