ആറ് നെറ്റ്, രണ്ട് ജെ.ആർ.എഫ്; അപൂര്‍വനേട്ടവുമായി മലപ്പുറം സ്വദേശി
|ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്‌സ്, മാനേജ്‌മെന്‍റ് വിഷയങ്ങളില്‍ നെറ്റും സൈക്കോളജിയിലും കൊമേഴ്‌സിലും ജെ.ആര്‍.എഫും നേടി അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി.
വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളിൽ നെറ്റ് യോഗ്യതയും, അതിൽ രണ്ട് വിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പിനുള്ള അർഹതയും നേടി അപൂർവ നേട്ടം കൈവരിച്ചിരിക്കുകയാണ് മലപ്പുറം അരീക്കോട് സ്വദേശിയായ അനീസ് പൂവത്തി.
ടൂറിസം, പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, കംപാരിറ്റിവ് സ്റ്റഡീസ് ഓഫ് റിലീജിയൻ, കൊമേഴ്‌സ് എന്നീ വിഷയങ്ങളിൽ അനീസിന് നേരത്തെ നെറ്റ് യോഗ്യതയുണ്ട്. ഇത്തവണത്തെ നെറ്റ് പരീക്ഷയിൽ മാനേജ്‌മെന്‍റ് വിഷയത്തിലും നെറ്റ് കരസ്ഥമാക്കിയതോടെയാണ് വ്യത്യസ്തങ്ങളായ ആറ് വിഷയങ്ങളിൽ നെറ്റ് യോഗ്യതയെന്ന അപൂര്‍വനേട്ടം അനീസ് പൂവത്തി കൈവരിച്ചത്. ഇതിൽ തന്നെ സൈക്കോളജിയിലും കൊമേഴ്‌സിലും അനീസിന് ജെ.ആർ.എഫ് യോഗ്യതയുമുണ്ട്.
മലപ്പുറം കുഴിമണ്ണ പഞ്ചായത്തിൽ ക്ലർക്കായിരുന്നു അനീസ്. പഠനത്തോടും മത്സര പരീക്ഷകളോടുമുള്ള അഭിനിവേശം വർധിച്ചപ്പോൾ, സർക്കാർ ജോലി ഉപേക്ഷിച്ച് നെറ്റ് പരിശീലന രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. വിവിധ വിഷയങ്ങളിൽ നെറ്റ് യോഗ്യത നേടാൻ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനോടൊപ്പം അനീസും വ്യത്യസ്ത വിഷയങ്ങൾ പഠിക്കാനും പരീക്ഷ എഴുതാനും ആരംഭിച്ചു. അതാണ് ആറ് വിഷയങ്ങളിലെ നെറ്റ് യോഗ്യതയിലേക്ക് എത്തിച്ചത്.
അറിവിനോടും അറിവ് പകർന്ന് കൊടുക്കുന്നതിനോടുമുള്ള താൽപര്യമാണ് ഏത് പരീക്ഷയുടെയും വിജയരഹസ്യം എന്നാണ് അനീസ് പറയുന്നത്. കോഴിക്കോട് കേന്ദ്രമായി ഐഫർ എഡ്യൂക്കേഷൻ എന്ന പേരിൽ നെറ്റ് കോച്ചിങ് സെന്‍റർ നടത്തുകയാണ് ഇപ്പോൾ അനീസ്. അരീക്കോട് പൂക്കോട് ചോലയിൽ പരേതനായ വീരാൻ മാഷിന്‍റെയും മൈമൂനയുടെയും മകനാണ്. വണ്ടൂര്‍ സ്വദേശിനി ഫഹീമയാണ് ഭാര്യ. ഐമന്‍ മകനും.