വിദ്യാർത്ഥികളുടെ ജന്മദിനം ഇനി സ്‌കൂളിൽ ആഘോഷിക്കും; പുത്തൻ പദ്ധതിയുമായി ഡൽഹി സർക്കാർ
|2018ൽ ആരംഭിച്ച ഹാപിനെസ് കരിക്കുലത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം
ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ഡൽഹി സർക്കാർ. ഡൽഹിയിലെ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ ജന്മദിനമാണ് പാഠ്യപദ്ധതിയുടെ ഭാഗമായി തന്നെ ആഘോഷിക്കാൻ പദ്ധതിയിടുന്നത്. 2018ൽ ആരംഭിച്ച ഹാപിനെസ് കരിക്കുലത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം.
കുട്ടികളിൽ ആത്മവിശ്വാസം കൂട്ടുകയും സഹാനുഭൂതിയും കൃതജ്ഞതാബോധവും വളർത്തുകയും പ്രചോദനം സൃഷ്ടിക്കുകയും ലക്ഷ്യമിട്ടാണ് സ്‌കൂളിൽ വിദ്യാർത്ഥികളുടെ ജന്മദിനം ആഘോഷിക്കാനുള്ള പുതിയ തീരുമാനമെന്ന് ഡൽഹി വിദ്യാഭ്യാസ ഡയരക്ടറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. അവധി ദിവസം ജന്മദിനമുള്ള വിദ്യാർത്ഥികൾക്കായി പ്രവൃത്തിദിവസവും ആഘോഷ പരിപാടികൾ നടത്തും.
അവധിക്കാലത്താണ് ജന്മദിനമെങ്കിൽ സ്‌കൂൾ തുറക്കുന്ന ആദ്യദിനമായിരിക്കും ആഘോഷം. 1,030 സർക്കാർ സ്‌കൂളുകളിലായി നഴ്‌സറി മുതൽ എട്ടുവരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളുടെ ജന്മദിനമായിരിക്കും ആഘോഷിക്കുക.
വിദ്യാർത്ഥികളുടെ ക്ഷേമവും മാനസികോല്ലാസവും സന്തോഷവും ലക്ഷ്യമിട്ടാണ് 2018ൽ ഹാപ്പിനസ് കരിക്കുലം ആരംഭിച്ചത്. ദിവസവും 35 മിനിറ്റുള്ള ക്ലാസാണ് ഇതിന്റെ ഭാഗമായി പ്രത്യേകം വിദ്യാർത്ഥികൾക്കു നൽകുന്നത്.