സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കി കാലിക്കറ്റ് സർവകലാശാല
|21 അധ്യാപക തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് ഏതൊക്കെ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കാതെ വിജ്ഞാപനമിറക്കിയിരിക്കുന്നത്
കോഴിക്കോട്: സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കി കാലിക്കറ്റ് സർവകലാശാല. 21 അധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനത്തിൽ ഏതൊക്കെ വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കാതെയാണ് വിജ്ഞാപനം. നേരത്തെയുള്ള കേസുകളിൽ സംവരണക്രമം പാലിക്കണമെന്ന കോടതി ഉത്തരവുകൾ നിലനില്‍ക്കെയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ പുതിയ വിജ്ഞാപനം.
ഈ മാസം രണ്ടിനാണ് കാലിക്കറ്റ് സർവകലാശാലയിലെ 16 പഠന വിഭാഗങ്ങളിലേക്കുള്ള 21 അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയത്. ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. ഏതൊക്കെ കാറ്റഗറിയിലാണ് ഒഴിവുകളെന്നത് പറയുന്നതേയില്ല. ഇത് സംവരണ അട്ടിമറി ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആക്ഷേപം.
2019ൽ നടത്തിയ നിയമനത്തിൽ സംവരണക്രമം പാലിക്കാത്തത് വിവാദമായിരുന്നു. ഇത് സുപ്രിംകോടതി കണ്ടെത്തുകയും സംവരണക്രമം പാലിച്ച് പുനർനിയമനം നടത്താൻ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാൽ, ഈ ഉത്തരവ് നടപ്പിലാക്കാതെയാണ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്.
സംവരണ അട്ടിമറിക്കെതിരായ നിരവധി പരാതികളും കോടതി ഉത്തരവുകളും നിലനിൽക്കെയാണു സംവരണക്രമം വ്യക്തമാക്കാതെയുള്ള പുതിയ വിജ്ഞാപനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Summary: University of Calicut issues notification for the recruitment of 21 teaching posts without specifying the reservation seats