യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു
|വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം
ഡല്‍ഹി: ദേശീയതല സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയായ യു.പി.എസ്.സി മെയ് 26ന് നടത്താനിരുന്ന സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷകള്‍ മാറ്റിവെച്ചു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് തീരുമാനം. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി തസ്തികകളിലേക്കുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിവെച്ച പരീക്ഷകള്‍ ജൂണ്‍ 26 ന് നടക്കും.
'വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് 2024 ലെ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് പരീക്ഷയുടെ സ്‌ക്രീനിംഗ് ടെസ്റ്റ് 26-05-2024 നിന്ന് 16-06-2024 ലേക്ക് മാറ്റിവെയ്ക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു'. യു.പി.എസ്.സി വിജ്ഞാപനത്തില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് ആരംഭിച്ച് ജൂണ്‍ 1ന് അവസാനിക്കും. വോട്ടെണ്ണല്‍ ജൂണ്‍ 4 ന് നടക്കും. ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 26 നും മൂന്നാം ഘട്ടം മെയ് 7 നും നടക്കും.അതേസമയം, നാലാം ഘട്ട വോട്ടെടുപ്പ് മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20നുമായിരിക്കും നടക്കുക. ആറാം ഘട്ട വോട്ടെടുപ്പ് മെയ് 25നും അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനുമാണ്. ഭരണകക്ഷിയായ ബി.ജെ.പി തുടര്‍ച്ചയായി മൂന്നാം തവണയും ജനവിധി തേടുന്നതിനാല്‍ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പായി ഇത് കണക്കാക്കപ്പെടുന്നു.
അതേസമയം, ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ആന്ധ്രാപ്രദേശില്‍ മെയ് 13നായിരിക്കും നിയമസഭാ തെരഞ്ഞടുപ്പ്. അരുണാചല്‍ പ്രദേശിലും സിക്കിമിലും ഏപ്രില്‍ 19നും തെരഞ്ഞെടുപ്പ് നടക്കും. ഒഡീഷയില്‍ മെയ് 13, 20 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 26 നിയമസഭാ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.