യുപിയിൽ കോൺഗ്രസ് കളത്തിലിറക്കിയ നടി അർച്ചന ഗൗതമിന് വൻ തോൽവി
|ആകെ പോൾ ചെയ്തതിൽ ഒരു ശതമാനത്തിൽ താഴെ വോട്ടു പോലും നേടാനായില്ല
ലഖ്നൗ: മീററ്റിലെ ഹസ്തിനപുർ മണ്ഡലത്തിൽ കോൺഗ്രസ് കളത്തിലിറക്കിയ നടിയും മോഡലുമായ അർച്ചന ഗൗതം വൻ തോൽവിയിലേക്ക്. ഒരു മണി വരെ ഇരുനൂറു സീറ്റിൽ താഴെ മാത്രമാണ് അർച്ചനയ്ക്ക് ലഭിച്ചത്. ആകെ പോൾ ചെയ്തതിൽ ഒരു ശതമാനത്തിൽ താഴെ വോട്ടു പോലും കോൺഗ്രസ് സ്ഥാനാർത്ഥിക്കു നേടാനായില്ല. മണ്ഡലത്തിൽ സിറ്റിങ് എംഎൽഎയും ബിജെപി സ്ഥാനാർഥിയുമായ ദിനേഷ് ഖതിക് 20,438 വോട്ടുകൾക്ക് മുന്നിലാണ്. എസ്പി സ്ഥാനാർഥി യോഗേഷ് വർമ ഇതുവരെ 13,546 വോട്ടുകളും ബിഎസ്പിയുടെ സഞ്ജീവ് കുമാർ 2,683 വോട്ടുകളും നേടി.
2017ൽ ബിജെപിയുടെ ദിനേഷ് ഖതിക് ആണ് ജയിച്ചത്. 99,436 വോട്ട് നേടിയായിരുന്നു ജയം. 2012ൽ 46,742 വേട്ടുകൾക്ക് എസ്പിയുടെ പ്രഭു ദയാൽ ബാൽമികി ആയിരുന്നു ജയിച്ചത്. മിസ് ബിക്കിനി ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട അർച്ചന ഗൗതമിന് കോൺഗ്രസ് സ്ഥാനാർഥിത്വം നൽകിയതിനെ ബിജെപി വിമർശിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇവർക്കെതിരെ ട്രോളുകളുമുണ്ടായിരുന്നു. പ്രിയങ്കാ ഗാന്ധിക്ക് പുറമേ, സച്ചിൻ പൈലറ്റ്, ഭൂപേഷ് ബഘേൽ തുടങ്ങിയ നേതാക്കൾ ഇവർക്കായി പ്രചാരണത്തിനെത്തിയിരുന്നു.
2018ലാണ് ഇവർ മിസ് ബിക്കിനിയാക്കി തെരഞ്ഞെടുക്കപ്പെട്ടത്. ഈ ചിത്രങ്ങൾ എതിർ കക്ഷികൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ജോലിയെയും രാഷ്ട്രീയത്തെയും തമ്മിൽ ബന്ധിപ്പിക്കരുതെന്ന അഭ്യർഥനയുമായി അർച്ചന രംഗത്തെത്തിയിരുന്നു. തങ്ങളുടെ സ്ഥാനാർഥിയായ താരത്തിന് സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കാൻ ബി.ജെ.പി വരേണ്ടെന്നാണ് കോൺഗ്രസ് പ്രതികരിച്ചിരുന്നത്.
ഗ്രേറ്റ് ഗ്രാൻഡ് മസ്തി എന്ന ചിത്രത്തിലൂടെയാണ് അർച്ചന ഗൗതം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. കുറച്ച് തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. ഹസീന പാർക്കർ, ബാരാത് കമ്പനി എന്നിവയാണ് അവളുടെ മറ്റ് രണ്ട് ഹിന്ദി ചിത്രങ്ങൾ. സത്യ സാത്ത് നിഭാന, കുബൂൽ ഹേ, സിഐഡി തുടങ്ങിയ നിരവധി ടിവി സീരിയലുകളിലും അവർ അഭിനയിച്ചിട്ടുണ്ട്.