Kerala
ആത്മവിശ്വാസമേ, നിന്റെ പേരോ പിണറായി!
Kerala

ആത്മവിശ്വാസമേ, നിന്റെ പേരോ പിണറായി!

abs
|
2 May 2021 7:01 AM GMT

കോൺഗ്രസിനായി രാഹുൽഗാന്ധിയും ബിജെപിക്കായി നരേന്ദ്രമോദിയും രംഗത്തിറങ്ങിയപ്പോഴും പിണറായി കളത്തിൽ അക്ഷോഭ്യനായി നിന്നു

വോട്ടെണ്ണലിന്റെ തലേന്ന്, ഇനിയും ഇതേ മുഖ്യമന്ത്രിയോട് തന്നെയാവുമോ സംസാരിക്കേണ്ടി വരുക എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ മറുപടി ഇങ്ങനെയാണ്;

'അതിലൊന്നും വേറെ സംശയമില്ലല്ലോ. അതു നാളത്തെ വോട്ടെണ്ണലിനു ശേഷം കാണാൻ പോകുന്ന പൂരമല്ലേ. എണ്ണൽ പൂർത്തിയാവട്ടെ. നാളെയും മറ്റന്നാളുമൊക്കെ കാണാമല്ലോ. അതിനു വിഷമമൊന്നും വരില്ല' - നിയമസഭാ യുദ്ധത്തിന്റെ അന്തിമഘട്ടത്തിൽ വരെ പിണറായി ഉയർത്തിപ്പിടിച്ച ആത്മവിശ്വാസമാണ് ഈ തെരഞ്ഞെടുപ്പിനെ വേറിട്ടു നിർത്തിയത്. ഒരിക്കലും ഉലയാതെ നിന്ന ആ ആത്മവിശ്വാസം വെറുതെയായിരുന്നില്ല എന്ന് കേരളമിപ്പോൾ വിധിയെഴുതുന്നു.

അടിപതറാത്ത വിശ്വാസം

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ തന്നെ ഈ ആത്മവിശ്വാസം പിണറായിക്കുണ്ടായിരുന്നു. മൂന്നു തവണ തുടർച്ചയായി ജയിച്ചവരെ മാറ്റി നിർത്താനുള്ള തീരുമാനമായിരുന്നു ആദ്യത്തേത്. ഇതോടെ, ജി സുധാകരൻ, തോമസ് ഐസക് തുടങ്ങിയ വൻതോക്കുകൾക്ക് ഇത്തവണ സീറ്റു കിട്ടിയില്ല. അതൊന്നും തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന നിലപാടിലായിരുന്നു തുടക്കം മുതലേ പിണറായി. ആലപ്പുഴയിൽ ചിത്തരഞ്ജനു വേണ്ടി ഐസകും അമ്പലപ്പുഴയിൽ എച്ച് സലാമിനു വേണ്ടി സുധാകരനും കൈമെയ് മറന്ന് രംഗത്തിറങ്ങിയതും ശ്രദ്ധിക്കപ്പെട്ടു. ഇതേ കാരണത്തിന്റെ പേരിൽ തോൽവിയായിരുന്നു ഫലമെങ്കിൽ സിപിഎമ്മിൽ ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെടുന്ന നേതാവും പിണറായി ആയിരുന്നേനെ.

ക്യാപറ്റൻസിയുടെ വിജയം

തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ നായകനും പിണറായി തന്നെ. കോൺഗ്രസിനായി രാഹുൽഗാന്ധിയും പ്രിയങ്കയും ബിജെപിക്കായി നരേന്ദ്രമോദിയും രംഗത്തിറങ്ങിയപ്പോഴും പിണറായി കളത്തിൽ അക്ഷോഭ്യനായി നിന്നു. കേരളത്തിലുടനീളം എൽഡിഎഫിനായി പ്രചാരണത്തിനിറങ്ങി.

അതിനിടെ, ക്യാപ്റ്റൻ വിൡയുടെ വിവാദം പാർട്ടിക്കുള്ളിലും പുറത്തും കത്തിയെങ്കിലും അതിന് അൽപ്പായുസ്സേയുണ്ടായിരുന്നുള്ളൂ. പാർട്ടിക്കുള്ളിൽ നിന്ന് പി ജയരാജന്റേതായിരുന്നു ഒളിയമ്പ്. എന്നാൽ സ്‌നേഹിക്കുന്നവർ ഇഷ്ടമുള്ളതു വിളിക്കുമെന്ന് പറഞ്ഞ് ആ വിവാദങ്ങളെ സമചിത്തതയോടെ നേരിട്ടു പിണറായി.

2016ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റിന് വിജയിക്കുമെന്നാണ് മാധ്യമങ്ങളോട് പിണറായി ആവർത്തിച്ചിരുന്നത്. അത് അക്ഷരംപ്രതി ശരിയാകുന്ന സാഹചര്യമാണ് ഇപ്പോഴത്തേത്. ഉച്ചവരെ 94 മണ്ഡലങ്ങളിൽ എൽഡിഎഫ് ലീഡ് ചെയ്യുകയാണ്. അഞ്ചു വർഷം ഭരിച്ചിട്ടും ഭരണവിരുദ്ധ വികാരം പേരിനു പോലും സംസ്ഥാനത്ത് ഉണ്ടായില്ല എന്നതാണ് ശ്രദ്ധേയം. തൊണ്ണൂറിലേറെ സീറ്റിൽ വിജയിക്കുകയാണ് എങ്കിൽ സംസ്ഥാനത്ത് ഇടതു തരംഗം തന്നെ ഉണ്ടായി എന്നു പറയേണ്ടി വരും.

Similar Posts