Latest News
ഇടത് കൊടുങ്കാറ്റില്‍ ചുവന്നുതുടുത്ത് പത്തനംതിട്ട
Latest News

ഇടത് കൊടുങ്കാറ്റില്‍ ചുവന്നുതുടുത്ത് പത്തനംതിട്ട

Web Desk
|
4 May 2021 1:40 AM GMT

കനത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച കോന്നിയിലും ആറന്മുളയിലും വലിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം

അഞ്ച് മണ്ഡലങ്ങളിലും വോട്ട് വിഹിതത്തില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടെങ്കിലും പത്തനംതിട്ടയിൽ ഇടതു കൊടുങ്കാറ്റ് വീണ്ടും ആഞ്ഞ് വീശി . കനത്ത മത്സരം നടക്കുമെന്ന് പ്രതീക്ഷിച്ച കോന്നിയിലും ആറന്മുളയിലും വലിയ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം. തിരുവല്ലയിൽ ആറാം തവണയും മികച്ച ജയം സ്വന്തമാക്കിയപ്പോൾ റാന്നിയിലും അടൂരിലും മാത്രമാണ് ഇടതു മുന്നണിക്ക് ഭൂരിപക്ഷത്തിൽ കുറവുണ്ടായത്.

ശബരിമലയും ആര്‍.എസ്.എസ് ബന്ധവും അടക്കം എതിരാളികള്‍ തൊടുത്ത വിട്ട ഓരോ പ്രചാരണങ്ങളെയും മലര്‍ത്തിയടിച്ചാണ് പത്തനംതിട്ട ചുവന്ന് തുടുത്തത്. പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള ദേശീയ നേതാക്കളെത്തി പ്രചരണം നടത്തിയ ജില്ലയിലെമ്പാടും ജനങ്ങള്‍ മാര്‍ക്കിട്ടത് ക്യാപ്റ്റന്‍ പിണറായി മുന്നില്‍ നിന്ന് നയിച്ച സര്‍ക്കാരിന് തന്നെ. രാഷ്ട്രീയ പ്രധാന്യങ്ങള്‍ ഏറെ കല്‍പിക്കപ്പെട്ട തെരഞ്ഞെടുപ്പില്‍ ഇടതു കോട്ടകളായ അടൂരിലും റാന്നിയിലും ഭൂരിപക്ഷത്തില്‍ കുറവുണ്ടായപ്പോള്‍ തിരുവല്ലയിലും ആറന്മുളയിലും നേടിയത് ആധിപത്യം ഉറപ്പിച്ച വിജയങ്ങള്‍.

ത്രികോണ മത്സരത്തിന്‍റെ ചൂട് പ്രതീക്ഷിച്ച കോന്നിയില്‍ വിജയമുറപ്പിച്ച യു.ഡി.എഫ് കണക്ക് കൂട്ടലുകള് തെറ്റിച്ചാണ് എല്‍.ഡി.എഫ് രക്ത പതാക ഉയര്‍ത്തിയത്. ബിജെപി മൂന്നാം സ്ഥാനത്ത് പോയത് മാത്രമല്ല മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ വോട്ട് കണക്കില്‍ പിന്നില്‍ പോയതും കോന്നിയുടെ പ്രത്യേകതയാണ്.

ജനങ്ങളുടെ വിധിയെഴുത്തില്‍ ജില്ലയില്‍ ഇടതുപക്ഷത്തിന് മാത്രം ഇടം കിട്ടയിപ്പോള് അട്ടിമറി വിജയം പ്രതീക്ഷ യു.ഡി.എഫിന് തലവേദനയായത് മുന്നണിക്കുള്ളിലെ പോരും പോര് വിളികളും . പ്രധാനമന്ത്രിയടക്കം നേരിട്ടെത്തി പ്രചാരണം നടത്തിയ ജില്ലയില്‍ എന്‍.ഡി.എയുടെ പരാജയത്തിനും ഇതല്ലാതെ മറ്റൊരു കാരണവും കണ്ടെത്താനില്ല. ശബരിമല ജില്ലയെന്ന പേരില്‍ നടത്തിയ രാഷ്ട്രീയ യുദ്ധത്തില്‍ നിന്നും വിധിയെഴുത്തിന് പിന്നാലെ ചുവപ്പനംതിട്ട എന്ന് പേരു കൂടി ഈ മണ്ണിന് നല്‍കിയാണ് മലയോര നാട്ടുകാര്‍ ജനപ്രതിനിധികളെ തെരഞ്ഞെടുത്തത്.

Related Tags :
Similar Posts