'പെൺഹിറ്റ്ലറായ ഇന്ദിരഗാന്ധിയെ ജയിപ്പിച്ച മലയാളി, പിണറായിയെന്ന ആൺ ഹിറ്റ്ലറെ ജയിപ്പിച്ചതിൽ അത്ഭുതമില്ല'; എ.പി അബ്ദുള്ളക്കുട്ടി
|മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എ.പി അബ്ദുള്ളക്കുട്ടിക്ക് മണ്ഡലത്തില്‍ കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്
ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്ലറെ ജയിപ്പിച്ച മലയാളി പിണറായിയെന്ന ആൺ ഹിറ്റ്ലറെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതവുമില്ലെന്നും ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കുമെന്നും ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. 'മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ' എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് എ.പി അബ്ദുള്ളക്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനെ തല്ലിയും തല്ലോടിയും രംഗത്തുവന്നത്.
1977ല്‍ ഇന്ദിരഗാന്ധിയെന്ന പെൺഹിറ്റ്ലർക്ക് 103 സീറ്റ് നൽകി ജയിപ്പിച്ച മലയാളി 2021 ൽ ആൺ ഹിറ്റ്ലർ പിണറായിയെ 100ഓളം സീറ്റിൽ ജയിപ്പിച്ചതിൽ ഒരത്ഭുതവുമില്ലെന്നും രാഷ്ട്രീയ ക്രിമിനലിസ്റ്റ് മാർക്സിസ്റ്റ് എന്നതാണ് താന്‍ പിണറായിയില്‍ കണ്ട ഏറ്റവും വലിയ തിന്മയെന്നും എ.പി അബ്ദുള്ളക്കുട്ടി പറഞ്ഞു.
മിന്നുന്ന പിണറായി വിജയത്തിന് അഭിനന്ദനങ്ങൾ
ഈ വിജയം പിണറായിയുടേതാണ്
പക്ഷെ ഇത് പാർട്ടിയുടെ പരാജയമായി പരിണമിക്കും...
Posted by AP Abdullakutty on Sunday, May 2, 2021
കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്നുള്ള മലപ്പുറം ലോക്സഭാ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് കനത്ത പരാജയമാണ് നേരിടേണ്ടി വന്നത്. 2019ല്‍ 82087 വോട്ടുകള്‍ ബി.ജെ.പിക്ക് മണ്ഡലത്തില്‍ നേടാന്‍ സാധിച്ചെങ്കില്‍ ഇത്തവണ 68935 വോട്ടുകള്‍ മാത്രമാണ് എ.പി അബ്ദുള്ളക്കുട്ടിയിലൂടെ സ്വന്തമാക്കാന്‍ സാധിച്ചത്. ബിജെപി നേതാവായ ഉണ്ണികൃഷ്ണനാണ് 2019ല്‍ പാര്‍ട്ടിക്ക് വേണ്ടി മലപ്പുറത്ത് മത്സരിച്ചിരുന്നത്. അബ്ദുസമദ് സമദാനിയാണ് മലപ്പുറത്ത് നിന്നും ഇത്തവണ വിജയിച്ചത്. എല്‍.ഡി.എഫിന്റെ വി.പി സാനുവിനാണ് ഇവിടെ രണ്ടാം സ്ഥാനം.