പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസിന് എന്ത് സംഭവിച്ചു?
|തൃത്താല മണ്ഡലം നഷ്ടപെട്ടത് കൂടാതെ മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ലഭിച്ച വോട്ടു പോലും ലഭിച്ചില്ല
പാലക്കാട് ജില്ലയിൽ കോൺഗ്രസിന് വലിയ നഷ്ടങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. തൃത്താല മണ്ഡലം നഷ്ടപെട്ടത് കൂടാതെ മിക്ക മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ലഭിച്ച വോട്ടു പോലും ലഭിച്ചില്ല. ജില്ലയിലെ വിഭാഗീയതയാണ് വോട്ടു ചോർച്ചക്ക് കാരണമെന്ന വിലയിരുത്തലാണ് മിക്ക നേതാക്കൾക്കും ഉള്ളത്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച പാലക്കാട് ജില്ലയിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നഷ്ടങ്ങളാണ് കൂടുതൽ സംഭരിച്ചത്. കോൺഗ്രസ് സ്ഥാനാര്‍ത്ഥികളിൽ ഷാഫി പറമ്പിൽ മാത്രമാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 13624 വോട്ടിന്റെ കുറവാണ് പാലക്കാട് മണ്ഡലത്തിൽ ഉള്ളത്. കഴിഞ്ഞ തവണ പതിനായിരത്തിലധികം വോട്ടിന് തൃത്താലയിൽ നിന്നും വിജയിച്ച വി.ടി ബൽറാം ഇത്തവണ 317 3 വോട്ടിന് പരാജയപ്പെട്ടു. യു.ഡി.എഫ് ശക്തി കേന്ദ്രങ്ങളിൽ നിന്നു പോലും കാര്യമായ ലീഡ് ലഭിക്കാതിരുന്നത് വിഭാഗീയത മൂലമാണെന്ന വിലയിരുത്തലുണ്ട്. ഡി.സി.സി നേതൃത്വവുമായി പ്രശ്നങ്ങൾ ഉള്ള സുമേഷ് അച്യുതൻ മത്സരിച്ച ചിറ്റൂരിൽ 2016 നെക്കാൾ 26596 വോട്ടിനാണ് പരാജയപ്പെട്ടത്.
തരൂരിൽ എ.കെ ബാലനെക്കാൾ ഭൂരിപക്ഷത്തിൽ ഇടതു സ്ഥാനാത്ഥി പി.പി സുമോദിന് വിജയിക്കായി . കേരള കോൺഗ്രസിൽ നിന്നും തിരിച്ചെടുത്ത ആലത്തൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി പാളയം പ്രദീപ് 34118 വോട്ടിനാന്ന് പരാജയപെട്ടു. കഴിഞ്ഞ തവണത്തേക്കാൾ 722 വോട്ടിന്റെ കുറവുമായാണ് മലമ്പുഴ മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്ത് എത്തിയത്.
ഷൊർണ്ണൂർ മണ്ഡലത്തിൽ കഴിഞ്ഞ വർഷത്തെ ഭൂരിപക്ഷത്തേക്കാൾ 12 103 വോട്ടിന്റെ ഭൂരിപക്ഷം ഇടതുപക്ഷത്തിന് ലഭിച്ചു. കോൺഗ്രസ് വലി പ്രതീക്ഷ വെച്ച് പുലർത്തിയ പട്ടാമ്പിയിൽ 17974 വോട്ടിന് കോൺഗ്രസ് പരാജയപ്പെട്ടു. ജില്ലയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ് ഇത്രമാത്രം ദയനീയ പരാജയത്തിന് കാരണം. എ.വി ഗോപിനാഥ് ഉൾപെടെ ഡി.സി.സി നേതൃമാറ്റം ആവശ്യപെട്ട് കെ.പി.സി.സിയെ സമീപിക്കും.