‘രാജ്യത്തെ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് ഞാൻ, ശ്രമിച്ചാൽ പ്രതിവർഷം 1500 കോടി രൂപ എളുപ്പത്തിൽ സമ്പാദിക്കാം’; പവൻ കല്യാൺ
|അടുത്തിടെയാണ് പവൻ കല്യാൺ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്.
ഹൈദരാബാദ്: ശ്രമിച്ചാൽ പ്രതിവർഷം 1500 കോടി രൂപ സമ്പാദിക്കാം എന്ന് ജെ.എസ്.പി അധ്യക്ഷനും നടനും കൂടിയായ പവന് കല്യാണ്. ഏലൂരിൽ പാർട്ടി നേതാക്കളെയും വനിതാ പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
'രാജ്യത്തെ ഏറ്റവും വലിയ നടന്മാരിൽ ഒരാളാണ് ഞാൻ. മറ്റ് മുൻനിര നായകന്മാരോട് മത്സരിക്കാത്ത ഒരു നായകനായ ഞാൻ വർഷത്തിൽ 200 ദിവസത്തോളം ജോലി ചെയ്ത് 400 കോടിയോളം സമ്പാദിക്കുന്നു. പക്ഷേ, ശ്രമിച്ചാൽ എനിക്ക് 1000-1500 കോടി എളുപ്പത്തിൽ സമ്പാദിക്കാം. അതാണ് എന്റെ കഴിവ്. എന്നാൽ ആന്ധ്രാപ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിലാണ് എനിക്ക് കൂടുതൽ താൽപര്യം’– പവൻ കല്യാൺ പറഞ്ഞു.
തെലുങ്ക് ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പവൻ കല്യാൺ. 2008ൽ സഹോദരൻ മെഗാസ്റ്റാർ ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ അധ്യക്ഷനായാണ് അദ്ദേഹം രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് 2014ൽ ജനസേന പാർട്ടി എന്ന പേരിൽ സ്വന്തം പാർട്ടി രൂപീകരിച്ചു.
അടുത്തിടെയാണ് പവൻ കല്യാൺ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്നത്. പവർ സ്റ്റാർ എന്നറിയപ്പെടുന്ന നടനെ ഇൻസ്റ്റാഗ്രാമിൽ രണ്ട് ദശലക്ഷത്തിലധികം ആളുകളാണ് പിന്തുടരുന്നത്. 'ഉയരുക, മുഖം, തെരഞ്ഞടുപ്പ്...ജയ് ഹിന്ദ്' എന്നാണ് കല്യാണിന്റെ ബയോ. പവൻ കല്യൺ ഓൺ ഇൻസ്റ്റഗ്രാം എന്ന ഹാഷ് ടാഗോടെയാണ് ആരാധകർ ട്വിറ്ററിൽ താരത്തിന്റെ ഇൻസ്റ്റാഗ്രാം പ്രവേശനം ആഘോഷിച്ചത്.