ഉഡ്താ പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹരജി
|ചിത്രത്തില്‍ ഒഴിവാക്കേണ്ട രംഗങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ഹരജിയില്‍ പറയുന്നു
വെള്ളിയാഴ്ച റിലീസ് ചെയ്യാനൊരുങ്ങുവേ ബോളിവുഡ് ചിത്രം ഉഡ്താ പഞ്ചാബിനെതിരെ സുപ്രീംകോടതിയില്‍ ഹരജി. ഹ്യൂമന്‍ റൈറ്റ്സ് അവയര്‍നെസ് എന്ന സന്നദ്ധ സംഘടനയാണ് ചിത്രം റിലീസ് ചെയ്യാന്‍ ബോംബെ ഹൈക്കോടതി നല്കിയ അനുമതിക്കെതിരെ കോടതിയെ സമീപിച്ചത്.
ചിത്രത്തില്‍ പഞ്ചാബിനെ മോശമായി ചിത്രീകരിച്ചിരിക്കുകയാണെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ചിത്രത്തില്‍ ഒഴിവാക്കേണ്ട രംഗങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹരജിയില്‍ പറയുന്നു. വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തില്‍ ഹരജി ഉടന്‍ പരിഗണിക്കണമെന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ആവശ്യപ്പെട്ടു.
13 സീനുകളിലായി 89 തിരുത്തലുകളാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നത്. ചിത്രത്തിൽ നിന്ന് പഞ്ചാബ്, പാര്‍ലമെന്റ്, എംപി, എംഎല്‍എ തുടങ്ങിയ വാക്കുകള്‍ നീക്കം ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കളിലൊരാളായ അനുരാഗ് കശ്യപാണ് കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ നിന്ന് ഒരു രംഗം മാത്രം നീക്കിയാല്‍ മതിയെന്നായിരുന്നു ഹൈക്കോടതി വിധി.