Entertainment
സ്ത്രീകളെ വേട്ടയാടുന്നത് മഹത്വവത്ക്കരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍സ്ത്രീകളെ വേട്ടയാടുന്നത് മഹത്വവത്ക്കരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍
Entertainment

സ്ത്രീകളെ വേട്ടയാടുന്നത് മഹത്വവത്ക്കരിക്കുന്ന ഇന്ത്യന്‍ സിനിമകള്‍

Jaisy
|
19 May 2017 8:20 PM GMT

ഇന്ത്യന്‍ സിനിമകള്‍ പരോക്ഷമായി തന്നെ ഈ വേട്ടയാടലിനെ മഹത്വവത്ക്കരിക്കുകയാണെന്നാണ് ചില ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്

വെള്ളിത്തിരയില്‍ എപ്പോഴും പെണ്ണിന്റെ സ്ഥാനം എന്നും എപ്പോഴും നിഴലിനൊപ്പമായിരിക്കും..പ്രത്യേകിച്ചു ഇന്ത്യന്‍ സിനിമയില്‍ നായകന് സ്നേഹിക്കാനായി, അല്ലെങ്കില്‍ ദേഷ്യപ്പെടാനായി പരിഹസിക്കാനായി, മര്യാദ പഠിപ്പിക്കാനായി, ആടിപ്പാടാനായി എപ്പോഴും നായിക ഉണ്ടായിരിക്കണം. നായകന്റെ പ്രണയം നിഷേധിച്ചാല്‍ അവള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്റേടിയാകുന്നു, പ്രണയം കിട്ടാനായി നായകന്‍ അവളെ വിടാതെ പിന്തുടരുമ്പോള്‍ അത് അങ്ങേയറ്റം പ്രണയഭരിതവുമാകുന്നു...കാലാകാലങ്ങളായി ഇന്ത്യന്‍ സിനിമ കണ്ട പ്രണയ ചിത്രങ്ങളിലും അല്ലാത്തവയിലും നാം കണ്ട ഒരേ രംഗങ്ങള്‍. ആവര്‍ത്തിക്കപ്പെടുമ്പോള്‍ അത് പ്രേക്ഷകന്റെയും മനസില്‍ അവരറിയാതെ തന്നെ അത് ആഴത്തില്‍ പതിയുന്നു. പെണ്ണിനെ വേട്ടയാടുന്നത് മഹത്വമുള്ളതായി മാറുന്നു. ഇന്ത്യന്‍ സിനിമകള്‍ പരോക്ഷമായി തന്നെ ഈ വേട്ടയാടലിനെ മഹത്വവത്ക്കരിക്കുകയാണെന്നാണ് ചില ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

തമിഴ് സിനിമകളെ സംബന്ധിച്ചിടത്തോളം ഈയൊരു പ്രവണത കൂടുതലാണ്. പ്രത്യേകിച്ചും മുന്‍നിര നായകന്‍മാരുടെ ഹീറോയിന്‍ ആകുന്ന മിക്ക നായികാകഥാപാത്രങ്ങളുടെയും വിധി ഇതാണ്. തമിഴ് ചിത്രങ്ങള്‍ വേട്ടയാടലിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് നാടക ഗവേഷകയായ വി.ഐശ്വര്യ ആരോപിക്കുന്നു. വേട്ടക്കാര്‍ തങ്ങളുടെ ലക്ഷ്യത്തിലെത്തുന്നുവെന്നാണ് ഈ ചിത്രങ്ങള്‍ നിരന്തരം പറയുന്നത്. അവിടെ നോ എന്നു പറയാനുള്ള സ്വാതന്ത്ര്യം പെണ്ണിനില്ല...ഐശ്വര്യ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ കുറച്ചു മാസത്തിനിടയില്‍ തമിഴ്നാട്ടില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വീട്, ക്ലാസ് റൂം, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളായിരുന്നു സംഭവ സ്ഥലങ്ങള്‍. ഭുരിഭാഗം കേസുകളിലും കാരണമായത് ആണിന്റെ പ്രണയം പെണ്ണ് നിഷേധിച്ചതായിരുന്നു. ആഗസ്തില്‍ ഒരു സ്കൂള്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. തന്നെ അപമാനിച്ചു എന്നു പറഞ്ഞ് അപരിചിതനായ ഒരാള്‍ പെണ്‍കുട്ടിയെ തീ വച്ച് കൊലപ്പെടുത്തുകയായിരുന്നു. ജൂലൈയിലും ഇത്തരത്തില്‍ ഒരു സംഭവത്തിന് ചെന്നൈ സാക്ഷിയായി. സ്വാതി എന്ന വനിതാ എന്‍ജിനിയറായിരുന്നു ഇരയായത്. മാസങ്ങളായി എന്‍ജിനിയറെ പിന്തുടര്‍ന്ന ഒരാള്‍ പകല്‍ വെളിച്ചത്തില്‍ അവരെ കൊലപ്പെടുത്തുകയായിരുന്നു. അഞ്ചില്‍ നാല് സ്ത്രീകളും പൊതുനിരത്തില്‍ അപമാനിക്കപ്പെടുന്നുവെന്നാണ് ചാരിറ്റി സംഘടനായയാ ആക്ഷന്‍ എയിഡ് യുകെ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കടുത്ത ശിക്ഷ കൊണ്ടുവന്നെങ്കിലും സിനിമകളില്‍ അതിനെ ലളിതവത്ക്കരിക്കുകയാണെന്ന് ദ റെഡ് എലിഫന്റ് ഫൌണ്ടേഷന്‍ സ്ഥാപക കീര്‍ത്തി ജയകുമാര്‍ ആരോപിക്കുന്നു. മിക്ക തമിഴ് സിനിമകളിലും ഒരേ ആശയം പല രൂപത്തില്‍ അവതരിപ്പിക്കുന്നു. ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയോട് ഇഷ്ടം തോന്നുന്നു, അവന്‍ പ്രണയം തുറന്നു പറയുന്നു, അവള്‍ ഇഷ്ടമില്ല എന്ന് തുറന്നു പറയുന്നു. പിന്നെ പെണ്‍കുട്ടിയുടെ യെസ് എന്ന മറുപടിക്ക് വേണ്ടിയുള്ള ശ്രമങ്ങളാണ്, അവസാനം അവളെക്കൊണ്ട് അവനെ ഇഷ്ടമാണെന്ന് പറയിക്കുന്നു. ഈ ചിത്രങ്ങള്‍ ബോക്സോഫീസില്‍ പണം വാരിക്കൂട്ടുകയും ചെയ്യുന്നു. പ്രേക്ഷകര്‍ ഈ ചിത്രങ്ങള്‍ കണ്ട് കയ്യടിക്കുന്നു, ഇതൊരു സാധാരണ സംഭവമായി കണ്ട് പലരും ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നു...ഐശ്വര്യ പറയുന്നു.

സ്ത്രീകളെ വേട്ടയാടുന്നത് മഹത്വവത്ക്കരിക്കുന്ന ചിത്രങ്ങള്‍ക്കെതിരെ ഐശ്വര്യ ഓണ്‍ലൈന്‍ പരാതി നല്‍കിയിട്ടുണ്ട്. സ്ത്രീകളെ വേട്ടയാടുന്ന തരത്തിലുളള ചിത്രങ്ങളില്‍ നിന്നും സംവിധായകരും താരങ്ങളും പിന്‍മാറണമെന്ന് ഐശ്വര്യ ആവശ്യപ്പെടുന്നു. സ്ത്രീകളോടുള്ള പുരുഷന്‍മാരുടെ പരമ്പരാഗതമായ മനോഭാവം മാറ്റുക എന്നത് ശ്രമകരമാണ്. ശരിയിലേക്കുള്ള നയിക്കാനുള്ള ചെറിയ പടി ആണ് താനിതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഐശ്വര്യ പറഞ്ഞു.

Similar Posts