അപഖ്യാതികള്‍ക്ക് മറുപടി പറയുക എന്റെ ഉത്തരവാദിത്തമല്ല, പ്രതാപ് പോത്തന്റെ ആരോപണങ്ങള്‍ക്കെതിരെ അഞ്ജലി മേനോന്‍
|ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി പറഞ്ഞു
തിരക്കഥ മോശമായതുകൊണ്ടാണ് അഞ്ജലി മേനോനൊപ്പമുള്ള സിനിമ ഉപേക്ഷിക്കാന്‍ കാരണമെന്ന പ്രതാപ് പോത്തന്റെ ആരോപണങ്ങള്‍ക്കു മറുപടിയുമായി സംവിധായിക രംഗത്ത്. അപഖ്യാതികള്‍ക്ക് മറുപടി പറയുക എന്റെ ഉത്തരവാദിത്തമാണെന്ന് തോന്നുന്നില്ലെന്നും ഇത്തരം ദുരാരോപണങ്ങളോട് പ്രതികരിച്ച് അതിനെ മഹത്വവത്ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അഞ്ജലി പറഞ്ഞു.
‘ലൗ ഇന്‍ അഞ്ചെങ്കോ’ എന്ന് വര്‍ക്കിംഗ് ടൈറ്റില്‍ ഉണ്ടായിരുന്ന ചിത്രത്തിന്റെ തിരക്കഥ അഞ്ജലി മേനോന്റേതായിരുന്നു. ദുല്‍ഖര്‍ സല്‍മാനെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. കബാലി ഗേള്‍ ധന്‍സിക ആയിരിക്കും നായിക എന്നും വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ ചിത്രം അനൗണ്‍സ് ചെയ്തതിന് ശേഷമാണ് അത് ഉപേക്ഷിക്കുന്നതായി കഴിഞ്ഞ ദിവസം പ്രതാപ് പോത്തന്‍ വ്യക്തമാക്കിയത്.
ചിത്രത്തിനുവേണ്ടി അഞ്ജലി തയ്യാറാക്കിയ തിരക്കഥ ഇഷ്ടപ്പെട്ടില്ലെന്നും സ്വയം സമ്മര്‍ദ്ദപ്പെടുത്തി ഒരു മോശം സിനിമ ചെയ്യാനാവില്ലെന്നും പ്രതാപ് പോത്തന്‍ പ്രതികരിച്ചിരുന്നു. ഈ പ്രോജക്ടിനുവേണ്ടി ഒരു വര്‍ഷം നഷ്ടപ്പെടുത്തിയെന്നും നാലോ അഞ്ചോ സിനിമകള്‍ ഇതിനുവേണ്ടി മാറ്റിവെക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രകൃതിദുരന്തങ്ങളൊന്നും തിരക്കഥയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന് താന്‍ നേരത്തെ അഞ്ജലിയോട് പറഞ്ഞിരുന്നു. പക്ഷേ അഞ്ജലിയുടെ തിരക്കഥയില്‍ ക്ലൈമാക്‌സില്‍ ഒരു സുനാമിയാണ് അവര്‍ ഉള്‍പ്പെടുത്തിയത്. മലയാള സിനിമകളുടെ ബജറ്റ് ചെറുതാണ്. അതിനാല്‍ ‘ദൈവത്തിന്റെ ഇടപെടലുകള്‍’ ചിത്രീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്’,എന്നുമായിരുന്നു പ്രതാപ് പോത്തന്റെ പ്രതികരണം.
മഞ്ചാടിക്കുരു എന്ന ഒറ്റ ചിത്രത്തിലൂടെ കഴിവ് തെളിയിച്ച സംവിധായിക ആയിരുന്നു അഞ്ജലി മേനോന്‍. ഉസ്താദ് ഹോട്ടലും ബാംഗ്ലൂര്‍ ഡേയ്സുമെല്ലാം അഞ്ജലിയെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ദ്ധിപ്പിച്ചു. പ്രതാപ് പോത്തനാണെങ്കില്‍ സിനിമാരംഗത്തു ഏറെ അനുഭവ സമ്പത്തുള്ള താരവും, നിരവധി സിനിമകള്‍ സംവിധാനം ചെയ്ത പരിചയവും ഉണ്ട്. ഇവര്‍ രണ്ടും പേരും ഒരുമിക്കുന്നത് ഒരു മികച്ച സിനിമക്ക് വേണ്ടിയായിരിക്കും എന്ന പ്രേക്ഷകരുടെ പ്രതീക്ഷക്ക് ഇതോടെ മങ്ങലേല്‍ക്കുകയാണ്.