കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ദിനരാത്രങ്ങള്‍ക്ക് തുടക്കമായി
|ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
വര്‍ണാഭമായ ചടങ്ങുകളോടെ ഇരുപത്തിയൊന്നാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തുടക്കമായി. മുഖ്യമന്ത്രി മേള ഉദ്ഘാടനം ചെയ്തു. കാഴ്ചയുടെ വസന്തം തീര്‍ക്കുന്ന ദിനരാത്രങ്ങള്‍ക്കാണ് ഇതോടെ തുടക്കമായത്.
184 ചിത്രങ്ങള്‍ വിരുന്നെത്തുന്ന സിനിമ മാമാങ്കത്തിനാണ് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ലോക പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ അമോല്‍ പലേക്കര്‍ മുഖ്യാതിഥിയായിരുന്നു. ചെക് റിപ്പബ്ലിക് സംവിധായകന്‍ ജിറി മന്‍സിലിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം സമ്മാനിച്ചു. 4 ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതായിരുന്നു പുരസ്‌കാരംശേഷം നിറഞ്ഞ സദസിന് മുമ്പില്‍ പ്രദര്‍ശിപ്പിച്ച ഉദ്ഘാടന ചിത്രം പാര്‍ട്ടിങ് പ്രേക്ഷക ശ്രദ്ധ നേടി.
മികച്ച ചിത്രങ്ങളും സംഘാടന മികവും കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദ്യദിനത്തെ സമ്പന്നമാക്കി. പ്രധാനവേദിയായ ടാഗോര്‍ തിയ്യേറ്ററിലെ പ്രദര്‍ശനത്തോടെയാണ് മേളക്ക് തുടക്കമായത്.
ചലച്ചിത്രമേളയുടെ ആദ്യ ദിനമായ ഇന്ന് അഞ്ച് തീയറ്ററുകളിലായി 12 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഉദ്ഘാടന ചിത്രമായ പാര്‍ട്ടിംഗിനു പുറമേ ഇറാനിയന്‍ ചിത്രമായ ഇന്‍ അഡാപ്റ്റബിളും ഇറ്റലിയിൽ നിന്നുളള ഇന്‍ഡിവിസിബിളും ആദ്യദിനത്തെ മികവുറ്റതാക്കി. മേളയുടെ തുടക്കം പ്രതീക്ഷക്കൊത്തുയര്‍ന്നതായി പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു.
മേളയുടെ പ്രധാനവേദികളിലേക്കെല്ലാം പ്രതിനിധികളുടെ ഒഴുക്ക് തുടങ്ങിയിട്ടുണ്ട്. സംഘാടനത്തിന്റെ കാര്യത്തിലും ഇതുവരെ കാര്യമായ പരാതികളില്ല.