ബോക്‌സ് ഓഫീസ് പ്രളയം; 4 ദിവസംകൊണ്ട് 32 കോടി വാരി '2018'
|ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ
2018ലെ പ്രളയം ഇതിവൃത്തമാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത '2018'ന് റെക്കോർഡ് കളക്ഷൻ. നാലുദിവസം കൊണ്ട് ചിത്രം വാരിയത് 32 കോടി രൂപ. സിനിമയുടെ ആഗോള കളക്ഷനാണിത്. ഇതോടെ ഓടിടി, സാറ്റലൈറ്റ്‌സ്, തീയറ്റർ ഷെയർ, ഓവർസീസ് ഷെയർ എന്നിവയിൽ നിന്നും സിനിമ സാമ്പത്തികമായി നേട്ടമുണ്ടാക്കി എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി 9 കോടിയാണ് കേരളത്തിൽനിന്നു മാത്രം ലഭിച്ചത്. ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ. രണ്ടാം ദിവസം ഏകദേശം 3.5 കോടി രൂപയും. രണ്ടാം ദിനം അർധരാത്രി മാത്രം 67 സ്പെഷ്യൽ ഷോകളാണ് കേരളത്തിലുടനീളം നടന്നത്. മൂന്നാംദിനം 90 ശതമാനം ടിക്കറ്റുകളും വിറ്റുപോയിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് 2018 പോകുന്നതെന്ന് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇത്രയേറെ താരങ്ങൾ നിറഞ്ഞൊരു ചിത്രം മലയാള സിനിമയിൽ ഇതിന് മുൻപും വന്നിട്ടുണ്ടെങ്കിലും '2018 Everyone Is A Hero'യെ അവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് ചിത്രത്തിൻറെ പ്രമേയവും കഥാപാത്രങ്ങളുടെ ഡെപ്ത്തുമാണ്. പ്രളയം എന്ന മഹാമാരി മലയാളികളെ ഒന്നടങ്കം വിലിഞ്ഞുമുറുക്കി കടിഞ്ഞാണിട്ടൊരു വർഷമാണ് '2018'. യഥാർത്ഥ ജീവിതത്തിലെ ഹീറോകളെ നമ്മൾ തിരിച്ചറിഞ്ഞൊരു വർഷം. പ്രളയത്തിൽ മുങ്ങിപ്പോവാതെ കേരളീയർ ഒത്തൊരുമയോടെ കൈകോർത്തുപിടിച്ചു. ആത്മവിശ്വാസത്തോടെ പൊരുതി നിന്നു. പ്രളയം കഴിഞ്ഞ് 5 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ ഹീറോകളെ പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി കാണിച്ചു തരാൻ പ്രളയത്തിൻറെ നേർക്കാഴ്ചയെന്നോണം ഒരുക്കിയ സിനിമയാണ് '2018'.
ടോവിനോ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, നരെയ്ൻ, അപർണ ബാലമുരളി, അജു വർഗീസ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ വേഷമിടുന്നത്. ഇടവേളയ്ക്ക് ശേഷം തിയേറ്ററുകൾ സജീവമായതിന്റെ ആഹ്ലാദത്തിലാണ് തിയേറ്റർ ഉടമകൾ.
അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അഖിൽ ജോർജാണ്. ചമൻ ചാക്കോ ചിത്രസംയോജനം. നോബിൻ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈൻ. ക്യാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിട്ടുള്ളത്.