അനുശ്രീയുടെ 'പഫ്സ് പോസ്റ്റ്' ഫലം കണ്ടു; റസ്റ്റോറന്റിനെതിരെ അന്വേഷണത്തിന് ഉത്തരവ്
|തിരുവനന്തപുരം വിമാനത്താവളത്തിലെ കിച്ചന്‍ റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ നടപടി
പഫ്സിനും കട്ടന്‍കാപ്പിക്കും അമിത വില ഈടാക്കിയ റസ്റ്റോറന്റിനെതിരെ പ്രതികരിച്ച അനുശ്രീയുടെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു. റസ്റ്റോറന്റിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലെ കിച്ചന്‍ റസ്റ്റോറന്റിനെതിരെയാണ് കമ്മീഷന്റെ നടപടി. എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചണ്‍ റസ്‌റ്റോറന്റ് മാനേജര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി.
രണ്ട് പഫ്‌സിനും രണ്ടു കട്ടന്‍ കാപ്പിക്കും കൂടി 680 രൂപയാണ് റസ്റ്റോറന്റ് അധികൃതര്‍ ഈടാക്കിയത്. തീവെട്ടിക്കൊള്ളക്കെതിരെ ബില്ല് സഹിതം അനുശ്രീ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കണമെന്നും അനുശ്രീ പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു. മുന്‍ എംപി പി രാജീവ് ഇക്കാര്യത്തില്‍ വേണ്ട നടപിടിയുണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്ത. ഫേസ്ബുക്ക് പോസ്റ്റ് ഇട്ടപ്പോള്‍ മുതല്‍ അനുശ്രീയെ കളിയാക്കി ട്രോളുകളുടെ ബഹളമായിരുന്നു.