ഷാരൂഖ് ഖാനെ ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞു
|ട്വീറ്റിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധന മാനിക്കുന്നുവെന്ന് ഷാരൂഖ് പറഞ്ഞു.
ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ അമേരിക്കയിലെ ലോസ് ആഞ്ചല്‍സ് വിമാനത്താവളത്തില്‍ തടഞ്ഞു. ട്വീറ്റിലൂടെ ഷാരൂഖ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷാ പരിശോധന മാനിക്കുന്നുവെന്ന് ഷാരൂഖ് പറഞ്ഞു. എന്നാല്‍ നിരന്തരമുണ്ടാകുന്ന പരിശോധന വേദനാജനകമാണെന്ന് ഷാരൂഖ് ട്വീറ്റ് ചെയ്തു. ട്വീറ്റ് വാര്‍ത്തയായതോടെ നടപടിയില്‍ ഷാരൂഖിനോട് മാപ്പ് പറഞ്ഞ് യുഎസ് സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി നിശ ബിസ്വാള്‍ ട്വീറ്റ് ചെയ്തു.
2012 ഏപ്രിലില്‍ സമാനമായ സംഭവം ഉണ്ടായിരുന്നു. തനിക്ക് എപ്പോഴൊക്കെ അഹങ്കാരം തോന്നുന്നുവോ അപ്പോഴൊക്കെ താന്‍ അമേരിക്കയിലേക്ക് പറക്കാറുണ്ടെന്നും അവിടുത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തന്റെ കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കിത്തരാറുണ്ടെന്നും ഷാരൂഖ് തമാശരൂപേണ പറഞ്ഞു. 2009 ലും ഷാരൂഖിനെ ന്യൂജേഴ്സി വിമാനത്താവളത്തില്‍ വെച്ച് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. ജാഗ്രതാ പട്ടികയില്‍ ഷാരൂഖ് എന്ന പേരുണ്ടായിരുന്നതിലാണ് അന്ന് താരത്തെ തടഞ്ഞുവെച്ചത്. അന്ന് ഷാരൂഖിനെ ചോദ്യം ചെയ്യുകയും ബാഗേജുകള്‍ വീണ്ടും വീണ്ടും പരിശോധിക്കുകയും ചെയ്തിരുന്നു. ഒരു മണിക്കൂറോളം താരത്തെ ഫോണില്‍ സംസാരിക്കാന്‍ പോലും അധികൃതര്‍ അനുവദിച്ചിരുന്നില്ല.