ജെല്ലിക്കെട്ടിനായി രജനീകാന്തും കമലഹാസനും; എതിര്‍ത്ത തൃഷ മരിച്ചെന്ന് വ്യാജപ്രചരണം
|ജെല്ലിക്കെട്ടിനെ എതിര്‍ത്ത തൃഷയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷവും വ്യാജപ്രചാരണവും. തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
തമിഴ്നാട്ടില്‍ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ സൂപ്പര്‍താരങ്ങളായ രജനീകാന്തും കമലഹാസനും. അതേസമയം ജെല്ലിക്കെട്ടിനെതിരെ നിലപാടെടുത്ത പെറ്റ എന്ന സംഘടനയില്‍ അംഗമായ നടി തൃഷയ്ക്കെതിരെ ജെല്ലിക്കെട്ട് അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ അസഭ്യവര്‍ഷവും വ്യാജപ്രചാരണവും നടത്തുകയാണ്. തൃഷ എയ്ഡ്സ് ബാധിച്ച് മരിച്ചെന്ന വ്യാജവാര്‍ത്തയാണ് രണ്ട് ദിവസമായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ജെല്ലിക്കെട്ടിനെ എതിര്‍ക്കുന്ന പെറ്റ എന്ന സംഘടനയുമായുള്ള ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ തമിഴ്നാട്ടില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും തൃഷയ്ക്കെതിരെ ജെല്ലിക്കെട്ട് അനുകൂലികള്‍ ഭീഷണിമുഴക്കി.
എന്നാല്‍ തമിഴ് സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാണ് രജനീകാന്ത് അഭിപ്രായപ്പെട്ടത്. ആര്‍ക്കും പരുക്കുകള്‍ പറ്റാതിരിക്കാന്‍ മുന്‍കരുതലെടുക്കുകയാണ് വേണ്ടത്. അല്ലാതെ നിരോധിക്കുകയല്ല വേണ്ടതെന്നും രജനീകാന്ത് പറഞ്ഞു. നേരത്തെ ജെല്ലിക്കെട്ടിന് പിന്തുണയുമായി കമലഹാസനും സൂര്യയും രംഗത്തെത്തിയിരുന്നു. തമിഴനെന്ന നിലയില്‍ ജെല്ലിക്കെട്ടിന്റെ ആരാധകനാണ് താനെന്നാണ് കമലഹാസന്‍ പറഞ്ഞത്.
പൊങ്കലിന് ജെല്ലിക്കെട്ട് നടത്താന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങളുണ്ടായത്. ആവശ്യം അനുചിതമാണെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഈ പൊങ്കലിന് ജെല്ലിക്കെട്ട് നടത്താനാകില്ലെന്ന് ഉറപ്പായി.