മോഹന്‍ലാലിനൊപ്പമുള്ള സിനിമ ഉടന്‍ സാധ്യമാകുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് പൃഥ്വിരാജ്
|വിവാദങ്ങള്‍, പുതിയ സിനിമകള്‍, വിജയങ്ങള്‍ എന്നിവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയാണ്
ഒന്നിനു പിറകെ ഒന്നായി ഹിറ്റുകള്‍, അഭിനന്ദനങ്ങള്‍....നേരത്തെ നമ്മള്‍ കണ്ട പൃഥ്വിയല്ല ഇത്. സിനിമകള്‍ ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്ന, അഭിനയത്തിലെ മിതത്വം വാക്കുകളില്‍ പോലും സൂക്ഷിക്കുന്ന പുതിയ നടന്‍. നീണ്ട പതിനാല് വര്‍ഷങ്ങളായി വെള്ളിത്തിരയില്‍ പൃഥ്വിരാജ് സുകുമാരന്‍ പകര്‍ന്നാടാന്‍ തുടങ്ങിയിട്ട്. ജെ.സി ഡാനിയേലായും മൊയ്തീനായും പൃഥ്വി ഭാവപ്പകര്‍ച്ച നടത്തിയ വേഷങ്ങളെ മലയാളി പ്രേക്ഷകര്‍ രണ്ടും കയ്യും നീട്ടി സ്വീകരിച്ചു. രണ്ട് സംസ്ഥാന പുരസ്കാരങ്ങള്‍, മറ്റ് അവാര്‍ഡുകള്‍. ഇതിനിടയില്‍ ചില വിവാദങ്ങളിലും പൃഥ്വി ചെന്നുപെട്ടു. എന്ന് നിന്റെ മൊയ്തീനിലെ പാട്ടുകളുമായി ബന്ധപ്പെട്ട രമേശ് നാരായണന്റെ ആരോപണങ്ങളില്‍ പൃഥ്വിയും ഇരയായി. വിവാദങ്ങള്‍, പുതിയ സിനിമകള്‍, വിജയങ്ങള്‍ എന്നിവയെക്കുറിച്ച് പൃഥ്വിരാജ് സംസാരിക്കുകയാണ്. ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി മനസ് തുറന്നത്.
ഈയിടെ പുറത്തിറങ്ങിയ എന്റെ നാല് സിനിമകളും ഹിറ്റായിരുന്നു. അങ്ങിനെയാകുന്നതില്‍ സന്തോഷവുമുണ്ട്. അത് എന്റെ ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കുന്നു. ഈ വിജയങ്ങള്‍ക്ക് അതിന്റേതായ സമ്മര്‍ദ്ദവുമുണ്ടെന്ന് എനിക്കറിയാം. ഒരേ രീതിയിലുള്ള ചിത്രങ്ങള്‍ ഒരിക്കലും എനിക്ക് തെരഞ്ഞെടുക്കാന്‍ സാധിക്കില്ല, എന്നെ മോഹിപ്പിക്കുന്ന ചിത്രങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. തിരക്കഥയേയും സംവിധായകനേയും ഞാന്‍ നോക്കാറുണ്ട്. പുതിയ ചിത്രമായ ഡാര്‍വിന്റെ പരിണാമം ഒരു എന്റര്‍ടെയിനറാമുള്ണ്, സ്ഥിരം ഫോര്‍മുലയിലുള്ള ചിത്രമെന്ന് തോന്നാം, എന്നാല്‍ അതിലൊരു പുതുമയുണ്ട്.
സിനിമ സംവിധായകന്റെ കല തന്നെയാണ് എന്ന കാര്യത്തില്‍ സംശയമില്ല, അതോടൊപ്പം കൂട്ടായ പ്രയത്നവും ആവശ്യമാണ്. എന്റെ ചിത്രങ്ങളിലെ പ്രധാന അഭിനേതാക്കളയും സാങ്കേതിക പ്രവര്‍ത്തകരെയും തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇടപെടാറുണ്ട്. ഞാന്‍ സഹകരിച്ചിട്ടുള്ള മുതിര്‍ന്ന സംവിധായകര്‍ പോലും ഇക്കാര്യങ്ങളിലൊക്കെയുള്ള എന്റെ അഭിപ്രായപ്രകടനങ്ങള്‍ക്ക് പരിഗണന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കൂടുതലും പുതുമുഖ സംവിധായകരുടെ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിക്കുന്നത്. അവിടെയൊക്കെ പ്രായത്തില്‍ ഇളയവനായിരിക്കാമെങ്കിലും അനുഭവ പരിചയത്തിന്റെ കാര്യത്തില്‍ ഞാന്‍ ചിലപ്പോള്‍ മുന്നിലായിരിക്കും. നമ്മുടെ അഭിപ്രായങ്ങള്‍ അവര്‍ പ്രതീക്ഷിക്കും. നമ്മള്‍ പറഞ്ഞില്ലെങ്കിലും അവര്‍ ചോദിക്കും. നിങ്ങളൊരു സ്ഥാനത്തിരുന്നാല്‍ നിങ്ങള്‍ ആഗ്രഹിച്ചില്ലെങ്കിലും അത് പ്രതീക്ഷിക്കും, അത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്.
ഈ വര്‍ഷം എനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ ഒരു പരാതിയുമില്ല. അഞ്ചോ ആറോ പേരോ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിശ്ചയിക്കുന്നത്. അര്‍ഹരായവര്‍ എന്ന് ജൂറിക്ക് തോന്നിയവര്‍ക്ക് അവാര്‍ഡ് കൊടുത്തു. ആര്‍ക്കും ജൂറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ അവകാശമില്ല. നിങ്ങള്‍ക്കവരുടെ മാനദണ്ഡങ്ങളെ ചോദ്യം ചെയ്യാം, അല്ലാതെ വിധിയെ ചോദ്യം ചെയ്യാന്‍ അധികാരമില്ല. പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ എന്ന് നിന്റെ മൊയ്തീനുമായി ബന്ധപ്പെട്ട് എനിക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന് ആര്‍.എസ് വിമലിനോടും രമേശ് നാരായണനോടും ചോദിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സിനിമയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനങ്ങള്‍ അതിന്റെ സംവിധായകന്റേതായിരിക്കണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു സംവിധായകന്റെ നടനായാണ് ഞാന്‍ എന്നെ വിലയിരുത്തുന്നതും. എനിക്ക് ഒരു അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ അത് പരിഹരിച്ച് മുന്നോട്ടുപോകണം എന്നുമാത്രമേ ഞാന്‍ സംവിധായകരോട് ആവശ്യപ്പെടാറുള്ളൂ. അവര്‍ പറയുന്നതാണ് ശരിയെങ്കില്‍ അതെന്നെ ബോധ്യപ്പെടുത്തണം. മൊയ്തീന്റെ കാര്യത്തില്‍ അത് എന്നെ ബോധ്യപ്പെടുത്തുന്നതില്‍ വിമല്‍ വിജയിച്ചുവെന്ന് വേണം പറയാന്‍.
ജീത്തു ജോസഫിന്റെ ഊഴമാണ് എന്റെ അടുത്ത ചിത്രം. സെറ്റുകളില്‍ വച്ച് ഞാന്‍ അടിക്കടി കാണാറുള്ള ചുരുക്കം ചില സിനിമാ സുഹൃത്തുക്കളില്‍ ഒരാളാണ് ജീത്തു. എന്റെ സുഹൃത്താണ് ജീത്തു, അദ്ദേഹത്തിന്റെ ഭാര്യ ലിന്റ സുപ്രിയയുടെ ചങ്ങാതിയും. അവര്‍ വീട്ടില്‍ വരാറുണ്ട്, ഞങ്ങള്‍ ഒരുമിച്ച് സിനിമക്ക് പോകാറുണ്ട്. സിനിമയില്‍ ഇത്തരത്തില്‍ ചുരുക്കം ചില സൌഹൃദങ്ങളെ എനിക്കുള്ളൂ. ജീത്തുവിന്റെ ആദ്യ ചിത്രം റിലിസാകുന്നതിന് മുന്‍പേ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടുണ്ട്. മെമ്മറീസിന്റെ ചിത്രീകരണ സമയത്ത് തന്നെ ഊഴത്തിന്റെ കഥയെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. വലിയ ബഡ്ജറ്റിലുള്ള ചിത്രമായതുകൊണ്ട് അന്ന് അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. വളരെ സത്യസന്ധനായ വ്യക്തിയാണ് ജീത്തു.
മോഹന്‍ലാലിനൊപ്പമുള്ള സിനിമ എന്റെ ആഗ്രഹമാണ്. അതുടന്‍ സാധ്യമാകുമെന്നാണ് എന്റെ പ്രതീക്ഷ. നിരവധി കഥകള്‍ ഞങ്ങള്‍ കേട്ടെങ്കിലും ഇരുവരെയും തൃപ്തിപ്പെടുത്തുന്ന തിരക്കഥകള്‍ ഉണ്ടായിട്ടില്ല. ഞങ്ങള്‍ രണ്ട് പേരും ഒരേ കെട്ടിടത്തിലാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹത്തോടൊപ്പം സമയം ചെലവിടാന്‍ സാധിക്കാറുണ്ട്. ഈ സമയത്തൊക്കെ ഞാന്‍ ഞങ്ങള്‍ രണ്ട് പേരുമൊത്തുമുള്ള ചിത്രത്തെക്കുറിച്ച് ചോദിക്കാറുണ്ട്. അപ്പോഴെല്ലാം നീ പറയൂ എന്ന് അദ്ദേഹം വിനയത്തോടെ പറയും. തീര്‍ച്ചയായും അത് എന്റെ തീരുമാനമല്ല, അദ്ദേഹത്തിന്റെ തീരുമാനമാണത്.