പ്രവാസികളുടെ ഓണാഘോഷവുമായി ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ പാട്ട്
|വിനീത് ശ്രീനിവാസനാണ് ചിത്രത്തിന്റെ സംവിധാനം
തിരുവോണവും വിഷുവുമെല്ലാം കേരളത്തിലെ മലയാളികളെക്കാള്‍ തനിമയോടെ ആഘോഷിക്കുന്നവരാണ് പ്രവാസികള്‍. പൊന്നും വില കൊടുത്തായിരിക്കും അവരുടെ ഓണാഘോഷങ്ങള്‍. എങ്കിലും ആ ആഘോഷങ്ങളില്‍ കേരളനാടിന്റെ സ്പന്ദനമുണ്ടായിരിക്കും. ഓണാഘോഷവുമായി ബന്ധപ്പെട്ട് മലയാള സിനിമകളില്‍ നിരവധി പാട്ടുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇതുവരെ പ്രവാസികളുടെ ആഘോഷങ്ങള്‍ വെള്ളിത്തിരയില്‍ പകര്‍ത്തിയിട്ടുള്ളത് കുറവാണ്. നിവിന്‍ പോളി നായകനായ ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിലെ തിരുവാവണി രാവ് എന്ന് തുടങ്ങുന്ന പാട്ട് ഈ കുറവുകളെല്ലാം നികത്തിയിരിക്കുകയാണ്. അത്ര മനോഹരമായാണ് പ്രവാസികളുടെ ഓണാഘോഷത്തെ ഗാനരംഗത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്.
തിരുവാതിരക്കളിയും പൂക്കളവും വടംവലിയും ഓണസദ്യയുമെല്ലാം ഗാനരംഗത്തില്‍ കാണാം. ജേക്കബും കുടുംബവും ഓണം ആഘോഷിക്കുന്നതാണ് ഗാനരംഗത്തിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ജേക്കബായി എത്തുന്നത് രണ്‍ജി പണിക്കരാണ്. ജേക്കബിന്റെ മകനായിട്ടാണ് നിവിന്‍ പ്രത്യക്ഷപ്പെടുന്നത്. സായ് കുമാര്‍, ലക്ഷ്മി രാമകൃഷ്ണന്‍, റേബ ജോണ്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങള്‍. വിനീത് ശ്രീനിവാസനാണ് സംവിധാനം. സംഗീതം ഷാന്‍ റഹ്മാന്‍. ബിഗ് ബാംഗ് എന്റര്‍ടെയ്നമെന്റ്സിന്റെ ബാനറില്‍ നോബിള്‍ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നു.