പെരുന്തച്ചന്റെ ഓര്‍മ്മകളില്‍ മലയാളം
|2012 സെപ്തംബര്‍ 24നാണ് തിലകന് അന്തരിച്ചത്
മലയാള സിനിമയുടെ അല്ല, ഇന്ത്യന്‍ സിനിമയുടെ പെരുന്തച്ചനായിരുന്നു തിലകന്. വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ കൊണ്ടും സൂക്ഷ്മമായ അഭിനയം കൊണ്ടും അദ്ദേഹം ആരാധകരുടെ മനസില്‍ പറിച്ചുമാറ്റാനാകാത്ത വിധം ഇടംപിടിച്ചു. നായകന്മാരെ മാത്രം മികച്ച നടന്മാരായി എണ്ണപ്പെടുന്ന സിനിമാ ലോകത്ത് നല്ല നടനെന്നാല്‍ തിലകനെന്ന് ചിലര്‍ പറയാതെ പറഞ്ഞു. വര്‍ഷങ്ങള്‍ നീണ്ട അഭിനയ സപര്യക്കിടയില്‍ എപ്പോഴും തിലകന് നമ്മെ അതിശയിപ്പിച്ചു കൊണ്ടിരുന്നു. എന്താ അഭിനയം എന്ന് കണ്ണുമിഴിച്ച് പറഞ്ഞു, തിലകനില്ലായിരുന്നെങ്കില്‍ വേറെയാരും ഈ കഥാപാത്രം ചെയ്യണ്ട നാം ഉറപ്പിച്ചു. അതായിരുന്നു തിലകന് വിശേഷണങ്ങള്‍ക്കപ്പുറം പകരം വയ്ക്കാനാവാത്ത അഭിനയ പ്രതിഭ. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സെപ്തംബര്‍ 24നായിരുന്നു തിലകന് ഈ ലോകത്ത് നിന്നും മാഞ്ഞുപോയത്. ആ വിയോഗം എപ്പോഴും മലയാള സിനിമയെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു...തിലകന് ഉണ്ടായിരുന്നുവെങ്കിലെന്ന്...
അക്കാലത്തെ മിക്ക നടന്മാരെയും പോലെ നാടക രംഗത്ത് നിന്നുമായിരുന്നു സുരേന്ദ്ര നാഥ തിലകന് എന്ന പത്തനംതിട്ടക്കാരന്റെ വരവ്. 18 ഓളം പ്രൊഫഷണല്‍ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. 10,000 ത്തോളം വേദികളില്‍ വിവിധ നാടകങ്ങളില്‍ അഭിനയിച്ചു. 43 നാടകങ്ങള്‍ സംവിധാനം ചെയ്തു. 1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്ക ടല്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന് സിനിമാ രംഗത്തേക്ക് ചുവടു മാറ്റുന്നത്. കാട്ടുകുതിര എന്ന ചിത്രത്തിലെ വേഷം തിലകന്റെ അസാധാരണ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. അച്ഛന് വേഷങ്ങളില്‍ തിലകനെപ്പോലെ തിളങ്ങിയ നടന് വേറെയുണ്ടാകില്ല. കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ അച്ഛനായി തിലകന് സിനിമകളില്‍ മാറിമാറിവന്നു. മോഹന്‍ലാല്‍-തിലകന് കോമ്പിനേഷനിലുള്ള അച്ഛന്-മകന് ചിത്രങ്ങള്‍ തിയറ്ററുകളില്‍ കയ്യടിക്കൊപ്പം കണ്ണീരും സൃഷ്ടിച്ചു. അത്ര ഹൃദയസ്പര്‍ശിയായ ചിത്രങ്ങളായിരുന്നു അവ. സ്ഫടികത്തിലെ ചാക്കോ മാഷ്, നരസിംഹത്തിലെ ജസ്റ്റിസ് കരുണാകര മേനോന് എന്നീ ചിത്രങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ട സിനിമകളാണ്.
നെഗറ്റീവ് വേഷങ്ങളിലും കോമഡി റോളുകളിലും തിലകന്റെ അഭിനയ മികവ് പ്രകടമായിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന് നമ്പ്യാരും മൂക്കില്ലാത്ത രാജ്യത്തെ കഥാപാത്രവുമെവല്ലാം ചിരിയലകള്‍ സൃഷ്ടിച്ചു. മലയാള സിനിമയിലെ ഏറ്റവും ക്രൂരനായ വില്ലനായിട്ടാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ തിലകന്റെ പോള്‍ പൌലോക്കാരനെ കണക്കാക്കുന്നത്. കണ്ണെഴുതി പൊട്ടും തൊട്ടിലെ സ്ത്രീ ലമ്പടനായ നടേശന് മുതലാളിയും പ്രേക്ഷകരില്‍ വെറുപ്പ് സൃഷ്ടിച്ചു. സീന്‍ ഒന്ന് നമ്മുടെ വീടായിരുന്നു തിലകന് ഒടുവില്‍ അഭിനയിച്ച ചിത്രം.
രണ്ട് വട്ടം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം, മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം, ദേശീയ സ്പെഷ്യല്‍ ജൂറി പുരസ്കാരം, 2012ല്‍ ഉസ്താദ് ഹോട്ടലിലെ അഭിനയത്തിന് പ്രത്യേക പരാമര്‍ശം, ആറ് തവണ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരം, കൂടാതെ മറ്റ് പുരസ്കാരങ്ങള്‍ സിനിമാ ലോകം തിലകനെ അംഗീകരിക്കാന്‍ മടി കാണിച്ചിരുന്നില്ല. 2009ല്‍ പത്മശ്രീ നല്കി രാഷ്ട്രം ഈ അതുല്യ കലാകാരനെ ആദരിച്ചു.