മലയാളത്തില്‍ മികച്ച സിനിമകള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഭാരതിരാജ
|ഭാഷാഭേദമില്ലാതെ ആസ്വദിക്കാന്‍ പറ്റിയ മാധ്യമമാണ് സിനിമയെന്നും ഭാരതിരാജ കോഴിക്കോട് പറഞ്ഞു
മലയാള സിനിമാ മേഖലയില്‍ പണം ഒഴുകുന്നുണ്ടെങ്കിലും പഴയതുപോലെ മികച്ച സിനിമകള്‍ പുറത്തിറങ്ങുന്നില്ലെന്ന് പ്രശസ്ത സംവിധായകന് പി ഭാരതിരാജ. ഭാഷാഭേദമില്ലാതെ ആസ്വദിക്കാന്‍ പറ്റിയ മാധ്യമമാണ് സിനിമയെന്നും ഭാരതിരാജ കോഴിക്കോട് പറഞ്ഞു. തന്റെ ഫിലിം സ്കൂള്‍ കോഴിക്കോട് ആരംഭിക്കുന്നതിനു മുന്നോടിയായി എത്തിയതായിരുന്നു അദ്ദേഹം
പി. ഭാസ്കരന്റെ കള്ളിച്ചെല്ലമ്മ ഇപ്പോഴും ഹൃദയത്തിലുണ്ട്. ഭരതന്റെ ആരാധകനായിരുന്നു ഞാന്‍,മികച്ച സംവിധായകനായിരുന്നു അദേഹം. ഓളവും തീരവും മികച്ച സിനിമയാണ്. പക്ഷെ പഴയപോലെ മികച്ച മലയാള സിനിമ ഇന്നില്ല. മലയാളത്തില്‍ ഭരതന്റെയും അരവിന്ദന്റെയും കാലത്തെ സിനിമകളാണ് തന്നെ കൊതിപ്പിച്ചിട്ടുള്ളത്. അത്തരത്തിലുള്ള സിനിമകള്‍ ഇന്നിറങ്ങുന്നത് വിരലിലെണ്ണാവുന്നവ മാത്രമാണെന്നും ഭാരതിരാജ പറഞ്ഞു, 15 വർഷം മുൻപ് മമ്മൂട്ടിയെ നായകനാക്കി മലയാളത്തിൽ സിനിമ ആലോചിച്ചിരുന്നെങ്കിലും അത് നടക്കാതിരുന്നതും അദ്ദേഹം ഓർമ്മിച്ചു
ചെന്നെയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഭാരതിരാജയുടെ ബ്രിക് എന്ന ഫിലിം സ്കൂള്‍ ഉടന്‍ കോഴിക്കോടും തുടങ്ങും. ചലച്ചിത്ര മേഖലയിൽ ജോലി സ്വപ്നം കാണുന്നവർക്ക് അവസരങ്ങൾ നല്‍കുകയാണ് ലക്ഷ്യം. കേരളത്തിൽ തുടങ്ങിയ അക്കാദമിയിലൂടെ പഠിച്ചിറങ്ങുന്നവരിലൂടെയാവും തന്റെ ആദ്യ മലയാളം സിനിമ ചിലപ്പോൾ ഉണ്ടാവുക എന്നും ഭാരതി രാജ പറഞ്ഞു.