Entertainment
തന്നെ പുറത്താക്കിയതിന് പിന്നില്‍ സ്മൃതി ഇറാനി: പഹ്‌ലജ് നിഹലാനിതന്നെ പുറത്താക്കിയതിന് പിന്നില്‍ സ്മൃതി ഇറാനി: പഹ്‌ലജ് നിഹലാനി
Entertainment

തന്നെ പുറത്താക്കിയതിന് പിന്നില്‍ സ്മൃതി ഇറാനി: പഹ്‌ലജ് നിഹലാനി

Sithara
|
18 April 2018 7:09 AM GMT

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയതിനു പിന്നില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്ന് പഹ്‌ലജ് നിഹലാനി

സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തന്നെ പുറത്താക്കിയതിനു പിന്നില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണെന്ന് പഹ്‌ലജ് നിഹലാനി. മധുര്‍ ഭണ്ഡാര്‍ക്കര്‍ സംവിധാനം ചെയ്ത ഇന്ദു സര്‍ക്കാര്‍ എന്ന ചിത്രത്തിന്‍റെ സെന്‍സറിങ്ങില്‍ സ്മൃതിയുടെ നിര്‍ദേശം അവഗണിച്ചതാണ് തന്നെ പുറത്താക്കാന്‍ കാരണമെന്നാണ് നിഹലാനിയുടെ വാദം.

സ്മൃതി ഇറാനി ഏത് മന്ത്രാലയത്തിന്‍റെ ഭാഗമായാലും അനാവശ്യ ഇടപെടല്‍ നടത്തും. എന്തുകൊണ്ടാണ് ഇന്ദു സര്‍ക്കാറിന് അനുമതി നല്‍കാത്തതെന്ന് സ്മൃതി ഇറാനി വിളിച്ച് ആരാഞ്ഞു. ചട്ടപ്രകാരമാണ് നീങ്ങുന്നതെന്നും സിനിമ ട്രിബ്യൂണലിന്‍റെ പരിഗണനയിലാണെന്നും താന്‍ മറുപടി പറഞ്ഞു. സ്മൃതി ഇറാനിയുടെ അഹംഭാവം അംഗീകരിച്ചുകൊടുക്കാതിരുന്നതിനാലാണ് തന്നെ പുറത്താക്കിയതെന്നാണ് നിഹലാനിയുടെ ആരോപണം.

അഭിഷേക് ചൌബെ സംവിധാനം ചെയ്ത ഉഡ്താ പഞ്ചാബിന് അനുമതി നല്‍കാതിരിക്കാന്‍ തന്‍റെ മേല്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയെന്നും നിഹലാനി ആരോപിച്ചു. മയക്കുമരുന്ന് മാഫിയയുമായി രാഷ്ട്രീയ നേതാക്കള്‍ക്കും പൊലീസിനുമുള്ള വഴിവിട്ട ബന്ധത്തെ കുറിച്ചായിരുന്നു ചിത്രം. സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് ഒടുവില്‍ 70 കട്ടുകള്‍ നിര്‍ദേശിച്ച ശേഷമാണ് സിനിമയ്ക്ക് താന്‍ അനുമതി നല്‍കിയതെന്നും നിഹലാനി പറഞ്ഞു.

ബജ്രംഗി ഭായ്ജാന്‍ എന്ന ചിത്രത്തിന് കേന്ദ്രനിര്‍ദേശം മറികടന്നാണ് താന്‍ അനുമതി നല്‍കിയത്. ഹിന്ദു - മുസ്‍ലിം ബന്ധത്തിന്‍റെ കഥ പറയുന്ന ചിത്രമായതിനാല്‍ അനുമതി നല്‍കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിട്ടും ആ നിര്‍ദേശം വകവെയ്ക്കാതെ താന്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കുകയായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

Similar Posts