ദുരിത ജീവിതങ്ങളുടെ നേര്‍കാഴ്ചയായി വിധുവിന്റെ മാന്‍ഹോള്‍
|തോട്ടിപ്പണിക്കാരുടെ ദുരിത ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രം നവാഗത സംവിധായികക്കുള്ള രജത ചകോരവും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി.
വിധു വിന്‍സന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ ആണ് ഈ വര്‍ഷം മേളയില്‍ മലയാളത്തിന്റെ യശസ്സ് ഉയര്‍ത്തിയത്. തോട്ടിപ്പണിക്കാരുടെ ദുരിത ജീവിതത്തിന്റെ കഥ പറഞ്ഞ ചിത്രം നവാഗത സംവിധായികക്കുള്ള രജത ചകോരവും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും സ്വന്തമാക്കി.
അയ്യസ്വാമി എന്ന ആലപ്പുഴ നഗരസഭയിലെ മാന്‍ഹോള്‍ കരാര്‍ തൊഴിലാളി ജോലിക്കിടെ മരിക്കുകയും തുടര്‍ന്ന് മകള്‍ ശാലിനിയും കുടുംബവും അനുഭവിക്കുന്ന പ്രശ്നങ്ങളുമാണ് മാന്‍ഹോളിന്റെ ഇതിവൃത്തം. കേരളത്തില്‍ കുഴികക്കൂസുകള്‍ ഉണ്ടായിരുന്ന കാലത്ത് ഇവ വൃത്തിയാക്കുന്ന പണിക്കായി കൊല്ലം, ആലപ്പുഴ മുനിസിപ്പാലിറ്റികളില്‍ തമിഴ്നാട്ടിലെ കീഴാള ജാതിയില്‍പെട്ട ആളുകളെ കൊണ്ടുവന്നിരുന്നു. ഇവരുടെ പിന്മുറക്കാര് കോര്‍പ്പറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും ക്ലീനിങ്, കണ്ടിജന്‍സി ജോലിക്കാരായാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. നഗരങ്ങളിലെ ഓഫിസുകളിലെയും വീടുകളിലെയും മാന്‍ഹോളുകള്‍ നിറയുമ്പോള്‍ വൃത്തിയാക്കാന്‍ എത്തുന്ന ഈ മനുഷ്യരുടെ ജീവിത പശ്ചാത്തലത്തില്‍ നിന്നാണ് മാന്‍ഹോള്‍ കഥ പറയുന്നത്.
മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷക പങ്കാളിത്തം കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎഫ്എഫ്കെയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് മത്സരവിഭാഗത്തില്‍ വനിതാ സംവിധായികയുടെ ചിത്രമെത്തിയത്. അരങ്ങേറ്റം മോശമാക്കാതെ മികച്ച നവാഗത സംവിധായികക്കുള്ള പുരസ്കാരം തന്നെ വിധു സ്വന്തമാക്കി.
മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും മാന്‍ഹോള്‍ നേടി. ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരമായിരുന്നു മലയാളത്തില്‍ നിന്ന് മത്സരവിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു ചിത്രം.