മനോരോഗിയെന്നോ വേശ്യയെന്നോ വിളിച്ചോളൂ, വിജയമാണ് മറുപടി: കങ്കണ
|സ്ത്രീ സുന്ദരിയാണെങ്കില്‍ അവളെ വേശ്യയെന്നും ജീവിതത്തില്‍ വിജയിച്ചവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യമെന്ന് കങ്കണ
വിടാതെ വിവാദങ്ങള്‍ പിന്‍തുടരുമ്പോള്‍ നിലപാട് വ്യക്തമാക്കി നടി കങ്കണ റണാവത്ത്. മികച്ച നടിക്കുള്ള പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയപ്പോള്‍ ദേശീയ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് വ്യക്തമാക്കിയത്. ഒരു സാധാരണക്കാരിയായ താന്‍ നിരവധി തടസ്സങ്ങളെ അതിജീവിച്ചാണ് ഈ നിലയിലെത്തിയത്. സ്ത്രീ സുന്ദരിയാണെങ്കില്‍ അവളെ വേശ്യയെന്നും ജീവിതത്തില്‍ വിജയിച്ചവളാണെങ്കില്‍ മനോരോഗിയെന്നും വിളിക്കാനാണ് ആളുകള്‍ക്ക് താല്‍പ്പര്യം. വേശ്യയെന്നോ മന്ത്രവാദിയെന്നോ മനോരോഗിയെന്നോ വിളിച്ചോളൂ. തന്റെ വിജയമാണ് വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമുള്ള മധുരപ്രതികാരമെന്നും കങ്കണ പറഞ്ഞു.
അച്ഛന്‍ എതിര്‍ത്തപ്പോഴും അഭിനേത്രി ആവാന്‍ സ്വയം തീരുമാനിച്ച് ഇറങ്ങുകയായിരുന്നുവെന്നും കങ്കണ പറഞ്ഞു. തുടക്കത്തില്‍ എല്ലാവരെയും പോലെ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചു. ബോളിവുഡില്‍ തുടക്കക്കാരികള്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചാല്‍ സൂപ്പര്‍ താരങ്ങളാകും. പക്ഷേ തന്റെ തുടക്ക കാലത്ത് 'ഖാന്‍' മാര്‍ക്ക് തനിക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഇപ്പോള്‍ ഖാന്‍മാര്‍ക്കൊപ്പം അഭിനയിക്കാന്‍ നിരവധി ഓഫറുകള്‍ വരുന്നുണ്ട്. ഇപ്പോള്‍ സ്വയം ഒരു ഹീറോ ആയ താന്‍ എന്തിന് ഒരിക്കല്‍ തന്നെ കൂടെ അഭിനയിക്കാന്‍ താല്‍പര്യം കാണിക്കാതിരുന്നവര്‍ക്കൊപ്പം അഭിനയിക്കണമെന്നും കങ്കണ ചോദിച്ചു.
തനിക്ക് സിനിമാ മേഖലയില്‍ വലിയ സുഹൃദ്‍വലയം ഇല്ല. വ്യക്തിപരമായ ഏത് തകര്‍ച്ചയും താന്‍ തനിയെ ആണ് നേരിടുന്നതെന്നും കങ്കണ പറഞ്ഞു. ഹൃതിക് റോഷനുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കങ്കണ പ്രതികരിച്ചില്ല.