വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയി
|വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തുന്ന വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്നലെയാണ് ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ
മോഹന്‍ലാല്‍ ചിത്രം വില്ലന്റെ ആദ്യ ഷോയുടെ ടിക്കറ്റുകളെല്ലാം വിറ്റുപോയി. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളിലാണ് ടിക്കറ്റുകള്‍ തീര്‍ന്നത്. 140 ഫാന്‍സ് ഷോകളാണ് നിശ്ചയിച്ചിരിക്കുന്നത്.
വെള്ളിയാഴ്ച തീയറ്ററുകളിലേക്കെത്തുന്ന വില്ലന്റെ അഡ്വാന്‍സ് ബുക്കിങ് ഇന്നലെയാണ് ആരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ട് മണിക്കാണ് ആദ്യ ഷോ. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച എല്ലാ തീയറ്ററുകളിലും ആദ്യ ഷോയുടെ ടിക്കറ്റുകള്‍ വിറ്റഴിഞ്ഞു. ആദ്യ ദിവസത്തെ മറ്റ് ഷോകളിലും ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുപോയി.
നായകനും നായികയുമായി മോഹന്‍ലാലും മഞ്ജു വാര്യരും. വിശാലും ഹന്‍സികയും മലയാളത്തിലേക്ക് ചുവടുവെക്കുന്നു. രജിനീകാന്തിന്റെ ലിങ്കയും സല്മാന് ഖാന്റെ ബജ്രംഗി ഭായ്ജാനും ഒരുക്കിയ റോക്ക് ലൈന്‍ വെങ്കിടേഷ് മലയാളത്തിലെത്തുന്നു. പ്രത്യേകതകള്‍ കൊണ്ട് തന്നെ വില്ലനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളമായിക്കഴിഞ്ഞു.
പ്രീ റിലീസിലും വില്ലന്‍ റെക്കോര്‍ഡ് കുറിച്ചു. ഓഡിയോ അവകാശം വിറ്റ് 50 ലക്ഷവും സാറ്റലൈറ്റ് അവകാശം വിറ്റ് 7 കോടിയും ചിത്രം നേടി. ഹിന്ദി ഡബ്ബിംഗ് അവകാശം വിറ്റ് 3 കോടിയാണ് വില്ലന്‍ സ്വന്തമാക്കിയത്. 8കെ റെസല്യൂഷനില്‍ ചിത്രീകരിച്ച് റിലീസ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് വില്ലന്‍. മാത്യു മാഞ്ഞൂരാന് എന്ന ഐപിഎസ് ഉദ്യോഗസ്ഥനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. സിനിമയുടെ മോഷന്‍ ടീസര്‍ പുറത്തിറങ്ങി.