Entertainment
Entertainment

ഐഎഫ്എഫ്കെയില്‍ മത്സരവിഭാഗത്തില്‍ രണ്ട് മലയാളചിത്രങ്ങള്‍

Khasida
|
2 May 2018 10:53 PM GMT

നവാഗത സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോളും, ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരവും മത്സരചിത്രമാകും.

ഇരുപത്തിയൊന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മത്സരവിഭാഗത്തിലേക്കുള്ള സ്ക്രീനിംഗ് പൂര്‍ത്തിയായി. മത്സരവിഭാഗത്തില്‍ മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. നവാഗത സംവിധായിക വിധു വിന്‍സെന്റിന്റെ മാന്‍ഹോളും, ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരവും മത്സരചിത്രമാകും.

രാജ്യാന്തര ചലച്ചിത്രമേളക്കുള്ള ഇന്ത്യന്‍ സിനിമകളും മലയാള സിനിമകളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നഗരസഭയുടെ ശുചീകരണ തൊഴിലാളികളുടെ ദുരിത ജീവിതത്തിന്റെ കഥയാണ് വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ പറയുന്നത്. ഉമേഷ് ഓമനക്കുട്ടനാണ് ചിത്രത്തിന്റെ തിരക്കഥ. ഇതാദ്യമായാണ് ഒരു മലയാളി വനിതാ സംവിധായികയുടെ സിനിമ ഐഎഫ്എഫ്‍കെ മത്സരവിഭാഗത്തില്‍ ഇടം പിടിക്കുന്നത്.

വലിയ ചിറകുള്ള പക്ഷികള്‍ക്ക് ശേഷം ഡോ. ബിജു സംവിധാനം ചെയ്ത ചിത്രമാണ് കാട് പൂക്കുന്ന നേരം.. മാവോയിസ്റ്റ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രം ഓസ്കാറിലേക്കുള്ള ഔദ്യോഗിക എന്‍ട്രിയായും മത്സരിച്ചിരുന്നു... മൂന്ന് പ്രധാന രാജ്യാന്തര ചലച്ചിത്രമേളകളിലും കാടുപൂക്കുന്ന നേരം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇത് ആദ്യമായാണ് ഡോ. ബിജുവിന്റെ ചിത്രം ഐഎഫ്എഫ്കെയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്. മുമ്പ് പലതവണ തന്റെ ചിത്രം മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഡോ. ബിജു പ്രതിഷേധം ഉയര്‍ത്തിയിരുന്നു.


സൈബല്‍ മിത്രയുടെ ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകിയുമാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്യഭാഷാ ചിത്രങ്ങള്‍. മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ഏഴ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Tags :
Similar Posts