കബാലിയുടെ ടീസര്‍ പുറത്തിറങ്ങി; 'ബാഹുബലി കാ ബാപെ'ന്ന് രാം ഗോപാല്‍ വര്‍മ്മ
|ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനാണ് രജനിയുടെ കഥാപാത്രം
രജനീകാന്ത് അധോലോക രാജാവായെത്തുന്ന തമിഴ് ചിത്രം കബാലിയുടെ ടീസര്‍ പുറത്തുവന്നു. മെയ് ഒന്നിന് ടീസറെത്തുമെന്ന വിവരം കബാലിയുടെ നിര്‍മാതാവ് കലൈപുലി എസ് താണു ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മദ്രാസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് കബാലി. ചിത്രത്തില്‍ ഒരു അധോലോക നേതാവിന്റെ റോളിലാണ് രജനി. മൈലാപ്പൂരില്‍ നിന്ന് മലേഷ്യയിലെത്തി അധോലോക സാമ്രാജ്യം സ്ഥാപിച്ച കബലീശ്വരനാണ് രജനിയുടെ കഥാപാത്രം.
രാധിക ആപ്തേ, ധന്‍ഷിക,ദിനേഷ് രവി, ജോണ്‍ വിജയ് തുടങ്ങിയവരാണ് രജനീകാന്തിനോടൊപ്പം കബാലിയില്‍ അണിനിരക്കുന്ന മറ്റു താരങ്ങള്‍. ഭാര്യയുടെ റോളില്‍ രാധിക ആപ്തെയും മകളുടെ വേഷത്തില്‍ ധന്‍സികയും അഭിനയിക്കുന്നു. സന്തോഷ് നാരായണനാണ് കബാലിക്കു വേണ്ടി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അട്ടക്കത്തി, മദ്രാസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് പാ രഞ്ജിത്ത്.
സംവിധായകന് രാം ഗോപാല്‍ വര്‍മ്മയും കബാലി ടീസറിനെ പുകഴ്ത്തി രംഗത്തെത്തി. 'രജനീകാന്ത് രജനീകാന്ത് ആവുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. അദ്ദേഹം 'ഔട്ട്സ്റ്റാന്റിങ്' ആയിരിക്കുന്നതാണ് ആ കാരണം. തിരശ്ശീലയെ ഇത്തരത്തില്‍ ത്രസിപ്പിക്കാന്‍ രജനിയല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല. ഈ ചിത്രം ആദ്യദിവസം തന്നെ നാല് പ്രാവശ്യം ഞാന്‍ കാണുമെന്നും കബാലിയെ കാണുമ്പോള്‍ 'ബാഹുബലി കാ ബാപ്' എന്ന് തോന്നുന്നെന്നും രാമു ട്വീറ്റ് ചെയ്തു.