നുണകളെ ഞാന്‍ ഭയപ്പെടുന്നു, സിനിമയില്‍ ഞാനൊരു വിദ്യാര്‍ഥി...മണി പോയപ്പോള്‍ നഷ്ടമായത് എന്റെ ശക്തി: ദിലീപ്
|പുതിയ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും സംസാരിക്കുകയാണ് ദിലീപ്
അഭിനയ ലോകത്ത് നീണ്ട ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍...സഹസംവിധായകനായി വന്ന് മലയാളത്തിന്റെ പ്രിയതാരമായി മാറിയ താരം, മലയാളികള്‍ക്ക് അയലത്തെ പയ്യന്‍ എന്നൊരു തോന്നല്‍ ആദ്യം തോന്നിയത് ദിലീപിനെക്കണ്ടപ്പോഴായിരുന്നു. അത്രക്ക് സ്നേഹമായിരുന്നു ദിലീപിനോട് ഓരോ മലയാളിക്കും, അതുകൊണ്ട് തന്നെയാണ് യുവതാരങ്ങളും സൂപ്പര്‍താരങ്ങളും അരങ്ങ് വാഴുന്ന മോളിവുഡില്‍ ജനപ്രിയ നായകനായി ദിലീപ് ഇപ്പോഴും തുടരുന്നത്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിലീപിന്റെ കരിയര്‍ ഗ്രാഫ് താഴോട്ടായിരുന്നു, തുടര്‍ച്ചയായ പരാജയങ്ങള്‍, താരത്തിന്റെ കാലം കഴിഞ്ഞെന്നു വരെ വിലയിരുത്തിലുണ്ടായി. പെട്ടെന്നായിരുന്നു ത്രസിപ്പിക്കുന്ന വിജയവുമായി ദിലീപിന്റെ രംഗപ്രവേശം. മൈ ബോസിന് ശേഷം മംമ്തക്കൊപ്പം ഒരുമിച്ച ടു കണ്‍ട്രീസ് തിയറ്റുകളില്‍ പൊട്ടിച്ചിരിയുടെ അലകളുയര്‍ത്തി. ടു കണ്‍ട്രീസിന്റെ വിജയാഘോഷങ്ങള്‍ തീരും മുന്‍പേ വീണ്ടും മലയാളിയെ ചിരിപ്പിച്ചുകൊല്ലാനെത്തുകയാണ് കിംഗ് ലയറുമായി ജനപ്രിയ താരം. നീണ്ട ഇടവേളക്ക് ശേഷം സിദ്ധിഖ് ലാലുമാര്‍ ഒന്നിക്കുന്ന ചിത്രമെന്ന വലിയ പ്രതീക്ഷയും പേറിയാണ് കിംഗ് ലയറിന്റെ വരവ്. പുതിയ ചിത്രത്തെക്കുറിച്ചും അഭിനയത്തെക്കുറിച്ചും ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുകയാണ് ദിലീപ്.
സിനിമാലോകത്തെ 25 വര്‍ഷങ്ങള്‍
ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ 130 ഓളം ചിത്രങ്ങളില്‍ ഞാനഭിനയിച്ചിട്ടുണ്ട്. അതില്‍ പലതും ഹിറ്റുകളായിരുന്നു, ചിലത് പരാജയപ്പെട്ടു. ശരിക്കും ഇരുപത്തിയഞ്ച് വര്‍ഷമെന്ന് പറയാന്‍ സാധിക്കില്ല, ഇരുപത്തിയൊന്നു വര്‍ഷമാണ്, ബാക്കി നാല് വര്‍ഷം സഹസംവിധായകനായാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കാലമിത്ര കഴിഞ്ഞെങ്കിലും ഒരു വിദ്യാര്‍ഥിയാണ് ഞാന്‍. സിനിമയെക്കുറിച്ച് പഠിക്കുന്ന വിദ്യാര്‍ഥി. സിനിമയെ സംബന്ധിച്ചിടത്തോളം ഒരു അഭിനേതാവ് എന്ന നിലയില്‍ ഒരു ചുവട് പിറകോട്ട് വയ്ക്കാനോ, ഒന്നു റിലാക്സ് ചെയ്യാനോ സാധിക്കില്ല. പുതിയ ട്രന്‍ഡുകളും പുതിയ താരങ്ങളും വരും അത് ഒഴിവാക്കാനാവാത്തതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കാലത്തിനൊത്ത ചിത്രങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിച്ചിട്ടുള്ളത്. ചിലര്‍ക്ക് അത് ഇഷ്ടപ്പെട്ടും, എന്നാല്‍ ഭൂരിഭാഗം ആരാധകര്‍ക്കും ആ മാറ്റം ഇഷ്ടമായില്ലെന്നു വേണം പറയാന്‍. ആളുകള്‍ എന്നില്‍ നിന്നും മാസ് ഗണത്തില്‍ പെടുന്ന ചിത്രങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം ഒരോ ചിത്രങ്ങളിലും എന്തെങ്കിലും പുതുമ നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.
കിംഗ് ലയറിനെക്കുറിച്ച്
ഒരു നുണയന്റെ പ്രേമവും അദ്ദേഹത്തിന്റെ കുശാഗ്ര ബുദ്ധിയും പ്രമേയമാകുന്ന ചിത്രമാണ് കിംഗ് ലയര്‍. തീര്‍ച്ചയായും ഇതൊരു കോമഡി ചിത്രമാണ്. എന്നാല്‍ പ്രേക്ഷകര്‍ എന്നില്‍ നിന്നും പ്രതീക്ഷിക്കുന്ന സ്ഥിരം സംഭവങ്ങളൊന്നും ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതൊരു വ്യത്യസ്തമായ സിദ്ധിഖ് ലാല്‍ ചിത്രമാണ്. സ്ഥിരം അവതരണ രീതിയില്‍ നിന്നും വ്യത്യസ്തമായ ചിത്രം. നമ്മള്‍ പലപ്പോഴും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ചിത്രം കാണുമ്പോള്‍ തോന്നും.
ജീവിതത്തില്‍ നുണകളെ ഭയപ്പെടുന്ന ആളാണ് ഞാന്‍. മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തില്‍ നുണ പറയാറില്ല. ഇവിടെ സോഷ്യല്‍ മീഡിയ ഉണ്ട്, ചാനലുകള്‍ ഉണ്ട്. പലപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കാന്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്.
കലാഭവന്‍മണിയുടെ മരണം
ഏറ്റവും അടുത്ത സുഹൃത്തായിരുന്നു മണി, കണ്ടുമുട്ടിയ അന്നുമുതല്‍ ഞങ്ങള്‍ കൂട്ടുകാരായിരുന്നുയ ഏത് സമയത്തും വിളിക്കാവുന്ന എന്റെ തൊട്ടടുത്തുള്ള സുഹൃത്ത്. മണി പോയപ്പോള്‍ എന്റെ ഏറ്റവും വലിയ ശക്തിയാണ് നഷ്ടപ്പെട്ടത്. അവന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉണ്ടെന്നറിയാം, പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം അവന്റെ മരണം എനിക്ക് വ്യക്തിപരമായ നഷ്ടമാണ്. വളരെയധികം കഴിവുള്ള ആളായിരുന്നു മണി, നിര്‍ഭാഗ്യമെന്ന് പറയട്ടെ ചീത്ത കൂട്ടുകെട്ടുകളില്‍ പെട്ടുപോയി. അവന്റെ ചില സൌഹൃദങ്ങളെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. അവരില്‍ നിന്നും മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് കേള്‍ക്കാന്‍ പോലും മണി തയ്യാറായില്ല. അവന്‍ ചാലക്കുടിയിലെ ആളുകളോട് ഇടപെടുന്ന രീതിയും അവരെ സഹായിക്കുന്നതും എന്നെ പലപ്പോഴും അതിശയിപ്പിച്ചിട്ടുണ്ട്. അവന്‍ പാകും ചെയ്ത ഭക്ഷണം കഴിച്ചിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ഞങ്ങളൊരുമിച്ച് യാത്ര ചെയ്തിട്ടുണ്ട്. അവന്റെ മടിയില്‍ തല വച്ച് കിടന്നുറങ്ങിയിട്ടുണ്ട്. ഞാനുണര്‍ന്നാലോ എന്ന് ഭയന്ന് കാലുകള്‍ അനക്കുക പോലും ചെയ്യാതെ മണിയിരിക്കും. വളരെയധികം കെയര്‍ ചെയ്യുന്ന കൂട്ടുകാരനായിരുന്നു മണി. ജീവനില്ലാത്ത മണിയുടെ ശരീരം കണ്ടപ്പോള്‍ എന്റെ ശക്തിയെല്ലാം ചോര്‍ന്നു പോയതു പോലെയാണ് എനിക്ക് തോന്നിയത്. മണിയുടെ നാടായ ചാലക്കുടിയില്‍ ഒരു തിയറ്റര്‍ സ്ഥാപിക്കുക എന്നത് എന്റെ സ്വപ്നമാണ്.
സാമൂഹ്യപ്രവര്‍ത്തനം
ചിന്ത കൊണ്ടും ജീവിതരീതി കൊണ്ടും ലുക്ക് കൊണ്ടു പോലും ഞാനൊരു സാധാരണക്കാരനാണ്. എന്നാല്‍ ദൈവം തെരഞ്ഞെടുത്ത ആളാണെന്ന് ഞാന്‍ ദൃഢമായി വിശ്വസിക്കുന്നു. അതുകൊണ്ടാണ് ഈ അനുഗ്രഹങ്ങള്‍ ദൈവം എനിക്ക് നല്‍കിയത്. അത് സ്വയം ആസ്വദിക്കാതെ മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കാനാണ് ഞാനിഷ്ടപ്പെടുന്നത്.