ഇക്കുറി അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങള്‍
|മികച്ച സംവിധായകന് ഉൾപ്പെടെ 28 പുരസ്കാരങ്ങള്‍ ലഭിച്ചത് നവാഗതര്‍ക്കാണ്
അവാര്‍ഡ് ജേതാക്കളില്‍ ഭൂരിഭാഗവും പുതുമുഖങ്ങളാണ് എന്നതാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ പ്രത്യേകത. മികച്ച സംവിധായകന് ഉൾപ്പെടെ 28 പുരസ്കാരങ്ങള്‍ ലഭിച്ചത് നവാഗതര്‍ക്കാണ്. സ്ഥിരം മുഖങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നതിനെതിരെ എല്ലാ വര്‍ഷവും വിമര്‍ശമുയരാറുണ്ട്. ഇത്തവണ ആ സ്ഥിതി മാറി. 37 വിഭാഗങ്ങളിലാണ് ഈ വര്‍ഷം പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതില്‍ 78 ശതമാനം കലാകാരന്മാരും ആദ്യമായി സംസ്ഥാന പുരസ്കാരം നേടുന്നവരാണ്.
9 വർഷത്തിലധികമായി സിനിമാ രംഗത്തുള്ള ലിജോ ജോസ് പെല്ലിശേരിക്ക് ലഭിക്കുന്ന ആദ്യ സംസ്ഥാന പുരസ്കാരമാണിത്. മികച്ച ചിത്രമായി തെരഞ്ഞെടുത്തത് നവാഗത സംവിധായകന് രാഹുല്‍ റജി നായരുടെ ഒറ്റമുറിവെളിച്ചം ആണ്. സംഗീതസംവിധാന രംഗത്ത് ശ്രദ്ധേയ സംഭാവനകള്‍ നല്കിയ എം.കെ അര്‍ജുനനും ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത്. മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂരും പുതുമുഖ അവാര്‍ഡ് ജേതാക്കളുടെ പട്ടികയിലുണ്ട്.
അലൻസിയര്‍ , എം.എ നിഷാദ്, ഷഹബാസ് അമന്, ഗോപി സുന്ദർ തുടങ്ങിയവരും ഇതാദ്യമായാണ് സംസ്ഥാന അംഗീകാരം നേടുന്നത്. അര്‍ഹതക്കുള്ള അംഗീകാരമായാണ് സിനിമാലോകം അവാര്‍ഡ് പ്രഖ്യാപനത്തെ കാണുന്നത്.