ഇരവാദമുയര്‍ത്തി സഹതാപം പിടിച്ചുപറ്റാന്‍ ശ്രമിച്ചിട്ടില്ല, കഠിനാധ്വാനിയാണ് താന്‍: കങ്കണ
|ഇരവാദം കേട്ട് മടുത്തെന്ന കരണ്‍ ജോഹറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്.
ഇരവാദം കേട്ട് മടുത്തെന്ന കരണ്‍ ജോഹറിന്റെ പരാമര്‍ശത്തിന് മറുപടിയുമായി കങ്കണ റണാവത്ത്. താന്‍ ഇരയായി ചിത്രീകരിച്ച് സഹതാപം പിടിച്ചു പറ്റാനോ എന്തെങ്കിലും നേടാനോ ശ്രമിച്ചിട്ടില്ല. വിട്ടുവീഴ്ച ചെയ്യാത്ത കഠിനാധ്വാനിയാണ് താനെന്നും കങ്കണ പറഞ്ഞു.
കരണ്‍ ജോഹറിന്റെ ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ മുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്പോര്. കങ്കണയുടെ ഇരവാദം കേട്ട് മടുത്തെന്ന കരണിന്റെ പ്രതികരണത്തിനെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് കങ്കണ. ഒരു പെണ്ണ് പെണ്ണായി കഴിയുന്നതിനെ കരണ്‍ ജോഹര്‍ കളിയാക്കുന്നത് എന്തിനാണ്? എന്താണ് ഈ ഇരവാദവും സ്ത്രീവാദവും? മുഴുവന്‍ സ്ത്രീകളെയും പ്രത്യേകിച്ച് ദുര്‍ബലരായവരെ അപമാനിക്കുകയാണ് കരണ്‍ ജോഹറെന്ന് കങ്കണ പ്രതികരിച്ചു.
സ്ത്രീവാദം കൊണ്ട് ആര്‍ക്കും ഒരു വിംബിള്‍ണ്‍ ചാമ്പ്യയാകാനോ ദേശീയ അവാര്‍ഡ് നേടാനോ കഴിയില്ലായിരിക്കാം. ഒരു ജോലി നേടാന്‍ സ്ത്രീവാദം കൊണ്ട് കഴിയില്ലായിരിക്കാം. പക്ഷേ സ്വന്തം സുരക്ഷ അപകടത്തിലാകുമ്പോള്‍ സഹായത്തിനായി ശബ്ദമുയര്‍ത്താന്‍ ഉപകരിക്കും. ആസിഡ് ആക്രമണത്തിനിരയായ എന്റെ സഹോദരിക്ക് കേസ് ജയിക്കാന്‍ ഒരു പക്ഷേ അത് സഹായിച്ചേക്കുമെന്ന് കങ്കണ പറഞ്ഞു.
ഒരു തരത്തിലും സഹതാപം പിടിച്ചുപറ്റാന്‍ താന്‍ ശ്രമിച്ചിട്ടില്ല. വസ്തുതകള്‍ പറയുക മാത്രമാണ് ചെയ്തതെന്നും കങ്കണ വ്യക്തമാക്കി.